താമസിക്കുന്നത് വാടകവീട്ടില്‍; വീടില്ലാത്ത 250 പേര്‍ക്ക് ഈ മനുഷ്യന് ദാനം ചെയ്തത് 2.3 ഏക്കര്‍ ഭൂമി

ഒരു വാടകവീട്ടില്‍ മക്കളും മരുമക്കളും പേരക്കുട്ടികളുമടക്കം മുഗുദ സൂര്യനാരായണ ആചാരിയുടെ കുടുംബാംഗങ്ങള്‍ 15 പേരാണ് ഞെരുങ്ങി ജീവിക്കുന്നത്. ഒരുരണ്ടുവര്ഷം മുമ്പുവരെ അതായിരുന്നില്ല ഒഡീഷയിലെ കോരപുട്ടിലെ ജയ്പൂര്‍ സ്വദേശിയായ ഈ അറുപതുകാരന്റെ ജീവിതം.

ജയ്പൂരിലെ വീടില്ലാത്ത 250 കുടുംബങ്ങള്‍ക്കായി തന്റെ 2.3 ഏക്കര്‍ സ്ഥലം ദാനം ചെയ്യുകയായിരുന്നു സൂര്യനാരായണ. കഴിഞ്ഞ ഞായറാഴ്ചയോടെ അവസാന ഘട്ട സ്ഥലവും ദാനം ചെയ്തു കഴിഞ്ഞു. 10 പേര്‍ക്ക് 360 ചതുശ്രഅടി വീതം.
ഇപ്പോള്‍ എനിക്ക് സ്വന്തമായി വീടില്ലെങ്കിലും വീടില്ലാത്ത ഒരുപാട് പാവപ്പെട്ട ജനങ്ങള്‍ക്ക് അതുണ്ടാവാന്‍ ഞാന്‍ കാരണമായ സന്തോഷം തനിക്കുണ്ടെന്ന് പറയുന്നു ആചാര്യ.
1997 ല്‍ ആചാര്യ തന്റെ വീടിന് സമീപം വീരഭദ്രന്റെ ഒരു അമ്പലം നിര്‍മിച്ചിരുന്നു. ആ അമ്പലത്തിലെ പൂജാരിയുടെ നിര്‍ദേശപ്രകാരമാണ് ഈ ദാനകര്മത്തിന് ആചാര്യ ഒരുങ്ങിയത്.രണ്ട് ലക്ഷംരൂപയ്ക്ക് 2.3 ഏക്കര്‍ വാങ്ങിയാണ് ആചാര്യ ദാനം ചെയ്തത്.
അതിനിടയില്‍ ബിസിനസ്സില്‍ നഷ്ടം സംഭവിക്കുകയും താമസിക്കുന്ന വീടും സ്ഥലവും വിറ്റ് വാടകവീട്ടിലേക്ക് താമസം മാറേണ്ടിവരികയുമായിരുന്നു ആചാര്യയ്ക്കും കുടുംബത്തിനും. ബിസിനസ് ആവശ്യത്തിന് 99 വര്‍ഷത്തെ പാട്ടത്തിന് ഭൂമി ലഭിക്കാന്‍ സര്‍ക്കാരിന് അപേക്ഷ നല്കി കാത്തിരിക്കയാണ് ആചാര്യ. എന്നിട്ടും താന്‍ ചെയ്യാനായി വാങ്ങിവെച്ച ഭൂമി ഇയാള്‍ ഉപയോഗപ്പെടുത്തിയതേയില്ല. തന്റെ വര്‍ക്ഷോപ്പിനും വീടിനുമായി മാസം 15000 രൂപയാണ് ആചാര്യ വാടക കൊടുക്കുന്നത്.
ഭര്‍ത്താവിന്റെ തീരുമാനത്തില്‍ തനിക്ക് ഇഷ്ടക്കുറവൊന്നുമില്ലെന്ന് പറയുന്നു ആചാര്യയുടെ ഭാര്യ രാവണമ്മ. ദിവസക്കൂലിക്കാര്‍, വിധവകള്‍ എന്നിവര്‍ക്കൊക്കെയാണ് ആചാര്യ ഭൂമി ദാനത്തില്‍ മുന്‍ഗണന നല്‍കിയത്.