2 മണിക്കൂറില്‍ 6 കൊലപാതകങ്ങള്‍; സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ പിടികൂടി

രണ്ട് മണിക്കൂറിനുള്ളില്‍ ആറ് പേരെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കൊലപ്പെടുത്തിയ അക്രമി പിടിയില്‍. ഹരിയാനയിലെ പല്‍വാലിലാണ് നാടിനെ ഞെട്ടിച്ച കൊലപാതക പരമ്പര നടന്നത്.
ഇന്ന് പുലര്‍ച്ചെ 2 മണിക്കും 4 മണിക്കും ഇടയിലാണ് സംഭവം. ആദ്യ കൊലപാതകം നടന്നത് ആശുപത്രിയിലാണ്. ഒരു സ്ത്രീയാണ് ഇവിടെ കൊല്ലപ്പെട്ടത്. പിന്നാലെ പല്‍വാലിലെ ആഗ്ര റോഡ് മുതല്‍ മിനാര്‍ ഗേറ്റ് വരെ വഴിയരികില്‍ നാല് പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഏറ്റവും ഒടുവില്‍ ഒരു സുരക്ഷാ ജീവനക്കാരനാണ് കൊല്ലപ്പെട്ടത്. എല്ലാവരും അടിയേറ്റാണ് മരിച്ചത്. അതിനാല്‍ ഒരാളാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.
ആശുപത്രിയിലെ സിസിടിവിയില്‍ നിന്ന് ഒരാള്‍ ഇരുമ്പ് ദണ്ഡുമായി നടന്നുപോകുന്ന ദൃശ്യം പൊലീസിന് ലഭിച്ചു. തുടര്‍ന്ന് ആദര്‍ശ് നഗറില്‍ നിന്നും പ്രതിയെ പിടികൂടി. അറസ്റ്റ് ചെയ്യുന്നതിനിടെ ഇയാള്‍ പൊലീസ് സംഘത്തെയും ആക്രമിച്ചു. അക്രമിയെ പൊലീസ് ചോദ്യംചെയ്തുവരികയാണ്. ഇയാളുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. കൊലപാതകങ്ങള്‍ക്ക് പിന്നിലെ കാരണവും വ്യക്തമല്ല.