LiveTV

Live

National

ലൌ ജിഹാദ് ആരോപിച്ച് വിവാഹ ചടങ്ങ് തടസ്സപ്പെടുത്തി; നൂറോളം ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

ലൌ ജിഹാദ് ആരോപിച്ച് വിവാഹ ചടങ്ങ് തടസ്സപ്പെടുത്തി; നൂറോളം ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
Summary
സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹിതരായ മുസ്‌ലിം യുവാവിന്‍റെയും ഹിന്ദു യുവതിയുടെയും വിവാഹാഘോഷ ചടങ്ങിലേക്ക് ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ ഇരച്ചുകയറി

ലൗ ജിഹാദ് എന്നാരോപിച്ച് ബിജെപിയും ചില ഹിന്ദു സംഘടനാ പ്രവര്‍ത്തകരും വിവാഹ റിസപ്ഷന്‍ തടസ്സപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് മിശ്ര വിവാഹത്തിനെതിരെ ഹിന്ദുസംഘടനകള്‍ രംഗത്തെത്തിയത്. സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹിതരായ മുസ്‌ലിം യുവാവിന്‍റെയും ഹിന്ദു യുവതിയുടെയും വിവാഹഘോഷ ചടങ്ങാണ് ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചത്.

വിവാഹ ആഘോഷ വേദിയിലേക്ക് ഇരച്ചെത്തിയ ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ രണ്ട് മണിക്കൂറോളം വധൂഗൃഹത്തിന് മുമ്പിലെ റോഡില്‍ കുത്തിയിരുന്നു. വാഹനങ്ങളൊന്നും ‌കടത്തി വിട്ടില്ല. വിവാഹം ലൗ ജിഹാദ് ആണെന്നായിരുന്നു സംഘടനകളുടെ ആരോപണം. ബിജെപിക്കൊപ്പം ബജ്‌റംഗ്ദള്‍, ശിവസേന, ജയ്ശിവസേന എന്നീ സംഘടനകളാണ് പ്രതിഷേധിച്ചത്.

സൈക്കോളജിസ്റ്റായ നൂപുര്‍ സിംഗാളും എംബിഎ ബിരുദധാരിയായ മന്‍സൂര്‍ ഖാനും തമ്മിലെ വിവാഹമാണ് ഹിന്ദുസംഘടനാ പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചത്. വിവാഹത്തില്‍ നിന്ന് പിന്മാറണമെന്ന ഭീഷണിയുമായി കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി ഫോണ്‍ കോള്‍ ലഭിച്ചെന്ന് യുവതിയുടെ പിതാവ് പുഷ്പേന്ദ്ര കുമാര്‍ പറഞ്ഞു. തന്‍റെ മകളും അവള്‍ പങ്കാളിയായി തെരഞ്ഞെടുത്ത യുവാവും പ്രായപൂര്‍ത്തിയായവരാണെന്നും ശരിതെറ്റുകള്‍ വിവേചിച്ചറിയാന്‍ അവര്‍ക്ക് കഴിവുണ്ടെന്നും പിതാവ് പറഞ്ഞു. ഹൈന്ദവ ആചാര പ്രകാരം വിവാഹം നടത്താന്‍ വരന്‍ ഒരുക്കമായിരുന്നെങ്കിലും സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹം നടത്തി റിസപ്ഷന്‍ നടത്താന്‍ ഇരുവരും ചേര്‍ന്ന് തീരുമാനിച്ചതാണ്. അതെങ്ങനെയാണ് ലൌ ജിഹാദ് ആവുകയെന്നാണ് യുവതിയുടെ പിതാവ് ചോദിക്കുന്നത്.

ഒടുവില്‍ പൊലീസ് എത്തിയാണ് പ്രതിഷേധക്കാരെ മാറ്റിയത്. ബിജെപി ജില്ലാ പ്രസിഡന്‍റ് അജയ് ശര്‍മ ഉള്‍പ്പെടെ നൂറോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.