LiveTV

Live

National

മോദി നുണയന്‍, ബിജെപി നുണകളുടെ കൂടാരം: രാഹുല്‍ ഗാന്ധി

മോദി നുണയന്‍, ബിജെപി നുണകളുടെ കൂടാരം: രാഹുല്‍ ഗാന്ധി
Summary
എന്നിട്ടും ജയ്ഷായുടെ 50000 കോടിയുടെ ഇടപാടിനെ കുറിച്ചും റാഫേല്‍ കരാറിനെ കുറിച്ചും പ്രധാനമന്ത്രി ഇപ്പോഴും മൌനം തുടരുകയാണെന്നും പാര്‍ട്ടി പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം രാഹുല്‍ വിമര്‍ശിച്ചു.

പ്രധാനമന്ത്രി നുണകൾ മാത്രമാണ് പറയുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നുണകളുടെ കൂടാരമാണ് ബിജെപി. വലിയ പ്രചാരണം നടത്തിയ 2ജി അഴിമതി ആരോപണവും നുണയാണെന്ന് തെളിഞ്ഞു. എന്നിട്ടും ജയ്ഷായുടെ 50000 കോടിയുടെ ഇടപാടിനെ കുറിച്ചും റാഫേല്‍ കരാറിനെ കുറിച്ചും പ്രധാനമന്ത്രി ഇപ്പോഴും മൌനം തുടരുകയാണെന്നും പാര്‍ട്ടി പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം രാഹുല്‍ വിമര്‍ശിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയും രൂക്ഷമായി വിമര്‍ശിച്ചായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷമുള്ള രാഹുലിന്റെ പ്രതികരണം. 2ജി അഴിമതി മുഴുവൻ നുണയാണെന്ന് തെളിഞ്ഞിരിക്കുന്നു. ബിജെപി അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷായുടെ അഴിമതിയെപ്പറ്റിയും റാഫേല്‍ ഇടപാടിനെ കുറിച്ചും പ്രധാനമന്ത്രി മൗനം പാലിക്കുന്നു. നുണകൾ മാത്രമാണ് പ്രധാനമന്ത്രി പറയുന്നതെന്നും ബിജെപിയുടെ അടിസ്ഥാനം തന്നെ നുണയാണെന്നും രാഹുൽ പറഞ്ഞു.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തിയ കോൺഗ്രസ് പ്രവർത്തക സമിതി യോഗം മൻമോഹൻ സിങിനെതിരെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന വ്യക്തിഹത്യയില്‍ അപലപിച്ചും സോണിയാ ഗാന്ധിയുടെയും മന്‍മോഹന്‍ സിങിന്റെയും സേവനത്തില്‍ നന്ദി രേഖപ്പെടുത്തിയും പ്രമേയങ്ങള്‍ പാസാക്കി. 2ജി വിഷയത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്‍റ്റ്‍ലിയുടെ പ്രസ്താവന രാജ്യത്തെ മുഴുവൻ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വിമര്‍ശമുയര്‍ന്നു. കേസില്‍ മുന്‍ സിഎജി വിനോദ് റായി അധികാര ദുര്‍വിനിയോഗം നടത്തിയതായും കുറ്റപ്പെടുത്തി. ഓഖി ദുരന്തത്തിൽ ദുഖം രേഖപ്പെടുത്തിയ കോൺഗ്രസ്‌ പ്രവർത്തക സമിതി യോഗം ഗുജറാത്തിൽ പാർട്ടിക്കൊപ്പം നിന്ന മുഴുവൻ ജനങ്ങൾക്കും നന്ദി രേഖപ്പെടുത്തി.