ശങ്കര്‍ വധം: ഭാര്യ പിതാവ് ഉള്‍പ്പെടെ ആറ് പേര്‍ക്ക് വധശിക്ഷ

ഉടുമൽപേട്ടയിലെ ദുരഭിമാനക്കൊലയിൽ പെൺകുട്ടിയുടെ അച്ഛൻ അടക്കം ആറ് പേര്‍ക്ക് വധശിക്ഷ. കൊല്ലപ്പെട്ട ശങ്കറിന്റെ ഭാര്യ കൌസല്യയുടെ പിതാവ് ചിന്നസ്വാമിക്കും വാടക കൊലയാളി സംഘത്തിലെ അഞ്ച് പേര്‍ക്കുമാണ് പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്. കൌസല്യയുടെ മാതാവ് ഉള്‍പ്പെടെ മൂന്ന് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു.
2016 മാർച്ചിലാണ് ഉടുമൽപേട്ടയിൽ വെച്ച് ദലിത് വിഭാഗക്കാരനായ ശങ്കറിനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊല്ലുന്നത്. ഉയർന്ന ജാതിക്കാരിയ കൗസല്യയെ പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പ്രതികാരമായിരുന്നു കൊല. അക്രമത്തിൽ കൗസല്യക്കും പരിക്കേറ്റിരുന്നു. സംഭവത്തിൽ അച്ഛൻ ചിന്നയ്യ , അമ്മ അന്ന ലക്ഷ്മി, അമ്മാവൻ പാണ്ടി ദുരൈ എന്നിവരടക്കം പതിനൊന്ന് പേരെ തൊട്ടടുത്ത ദിവസം തന്നെ പോലീസ് പിടികൂടിയിരുന്നു.

കൌസല്യയെ തിരികെ ഏല്‍പ്പിക്കാന്‍ ശങ്കറിന് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇത് നിരസിക്കപ്പെട്ടതോടെ ശങ്കറിനെ കൊലപ്പെടുത്താന്‍ ചിന്നസ്വാമി വാടക കൊലയാളികളെ ഏര്പ്പെടുത്തുകയായിരുന്നുവെന്നായിരുന്നു പ്രൊസിക്യൂഷന് വാദം. കൌസല്യയും ശങ്കറും ഷോപ്പിങ് നടത്തുന്നതിനിടെ ബൈക്കിലെത്തിയ മൂന്നംഗ സംഘം ശങ്കറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൌസല്യയായിരുന്നു കേസിലെ പ്രധാന സാക്ഷി.