LiveTV

Live

National

മോദി തട്ടിവിടുന്നത് പച്ചനുണയെന്ന് മുന്‍ ഇന്ത്യന്‍ സൈനിക മേധാവി

മോദി തട്ടിവിടുന്നത് പച്ചനുണയെന്ന് മുന്‍ ഇന്ത്യന്‍ സൈനിക മേധാവി
Summary
എന്നാല്‍ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സമീപകാലത്തെങ്ങുമില്ലാത്ത അത്രയും എതിര്‍പ്പുകളാണ് ബിജെപി അവിടെ നേരിടുന്നത്.

ബിജെപിയുടെ ഉരുക്കുകോട്ടയാണ് കാലങ്ങളായി ഗുജറാത്ത്. എന്നാല്‍ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സമീപകാലത്തെങ്ങുമില്ലാത്ത അത്രയും എതിര്‍പ്പുകളാണ് ബിജെപി അവിടെ നേരിടുന്നത്. പട്ടേല്‍ വിഭാഗവും കര്‍ഷകരും വ്യാപാരികളുമൊക്കെ ഉള്‍പ്പെടുന്ന പൊതുജനമാണ് ഇവിടെ ബിജെപി മുന്നില്‍ കോട്ട കെട്ടിയത്. ഇതോടെ പ്രതിരോധത്തിലായ ബിജെപി ഗുജറാത്ത് പിടിച്ചുനിര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറക്കി.

മോദി തട്ടിവിടുന്നത് പച്ചനുണയെന്ന് മുന്‍ ഇന്ത്യന്‍ സൈനിക മേധാവി

മോദി നല്ലൊരു പ്രാസംഗികനാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. തല്‍പര കക്ഷികളെ പിടിച്ചിരുത്താന്‍ മോദിക്ക് അത്ര പ്രയാസവുമില്ല. എന്നിട്ട് പോലും മോദിയുടെ ഇത്തവണത്തെ റാലികളില്‍ അവിശ്വസനീയമാം വിധം ജനപങ്കാളിത്തം കുറഞ്ഞു. ഇത് പല തവണ വാര്‍ത്തയാവുകയും ചെയ്തു. വര്‍ഗീയ കാര്‍ഡിന് പുറമെ കഴിഞ്ഞ ദിവസം മോദി ഇറക്കി കളിച്ച മറ്റൊരു വാചക കസര്‍ത്താണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ചില ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകര്‍ നിയന്ത്രിക്കുന്ന ട്വീറ്റുകള്‍ അടിസ്ഥാനമാക്കി മോദി ഗുരുതര ആരോപണം ഉന്നയിച്ചത്.

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ പാകിസ്താന്‍ ഇടപെടുന്നുവെന്നായിരുന്നു മോദിയുടെ ആരോപണം. ബിജെപിക്ക് വാരിക്കുഴിയൊരുക്കാന്‍ കഴിഞ്ഞ ദിവസം പാകിസ്താനി ഉന്നതരും ഏതാനും കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന് കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും മോദി പറഞ്ഞു. മോദിയെ നീചനെന്ന് വിളിച്ചതിന് സസ്‍പെന്‍ഷനിലായ മണി ശങ്കര്‍ അയ്യരുടെ വസതിയില്‍ വച്ചായിരുന്നു യോഗം. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുന്‍ ഇന്ത്യന്‍ സൈനിക മേധാവി ജന. ദീപക് കപൂര്‍, മുന്‍ പാകിസ്താന്‍ വിദേശ കാര്യമന്ത്രി ഖുര്‍ഷിദ് മുഹമ്മദ് കസൂരി, മുന്‍ വിദേശകാര്യമന്ത്രി കെ നട്‍വര്‍ സിങ്, മുന്‍ നയതന്ത്രജ്ഞന്‍ സല്‍മാന്‍ ഹൈദര്‍, സിടിഎ രാഘവന്‍, ശര്‍ത് സബര്‍വാള്‍, കെ ശങ്കര്‍ ബാജ്‍പേയ്, ചിന്‍മയ ഗരേഘാന്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്.

ഈ യോഗത്തിലാണത്രേ ബിജെപിയെ തോല്‍പ്പിക്കാന്‍ ഇവര്‍ തന്ത്രങ്ങള്‍ മെനഞ്ഞത്. മോദി ഇത്തരത്തില്‍ ആരോപിക്കുമ്പോള്‍ അയ്യരുടെ വീട്ടില്‍ ഒരു വിരുന്ന് നടന്നതായും താന്‍ അതില്‍ പങ്കെടുത്തിരുന്നുവെന്നും ദീപക് കപൂര്‍ തുറന്നുസമ്മതിക്കുന്നു. എന്നാല്‍ അതില്‍ ഇന്ത്യ - പാക് ബന്ധത്തിലെ പ്രശ്നങ്ങള്‍ മാത്രമാണ് ചര്‍ച്ചയായുള്ളുവെന്നും ദീപക് കൂട്ടിച്ചേര്‍ത്തു. അതുടനെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ അട്ടിമറിക്കാണെന്ന് മോദി ചിത്രീകരിക്കുകയായിരുന്നു. പാകിസ്താനിലെ ലാഹോറില്‍ ജനിച്ച മണി ശങ്കര്‍ അയ്യര്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച നയതന്ത്രജ്ഞരില്‍ ഒരാളാണ്. പാകിസ്താനിലെ ഇന്ത്യയുടെ ആദ്യ കൌണ്‍സില്‍ ജനറലും അദ്ദേഹമായിരുന്നു. ഡല്‍ഹിയിലെ തിങ്ക് ടാങ്ക് സംഘടിപ്പിച്ച 'ഇന്ത്യ - പാകിസ്താന്‍ ബന്ധത്തിലെ നിലവിലെ അവസ്ഥ' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്താന്‍ വന്നതായിരുന്നു മുന്‍ പാക് മന്ത്രി കസൂരി. അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥമാണ് അയ്യര്‍ തന്റെ വസതിയില്‍ വിരുന്നൊരുക്കിയത്. പ്രധാനമന്ത്രി എന്ന സ്ഥാനത്തിന് ചേരുന്നതല്ല മോദിയുടെ പ്രസംഗമെന്ന് ദീപക് കപൂര്‍ പരോക്ഷമായി പറഞ്ഞു.