LiveTV

Live

National

അഫ്‌സറുലിനെ ചുട്ടുകൊന്നത് തന്നെ രക്ഷിക്കാനാണെന്ന വാദം തള്ളി പെണ്‍കുട്ടി

അഫ്‌സറുലിനെ ചുട്ടുകൊന്നത് തന്നെ രക്ഷിക്കാനാണെന്ന വാദം  തള്ളി പെണ്‍കുട്ടി
Summary
കഴിഞ്ഞ ദിവസം ലൗവ് ജിഹാദ് ആരോപിച്ച് മുഹമ്മദ് അഫ്‌റസുല്‍ എന്നയാളെ ചുട്ടു കൊന്ന കേസിലാണ് ആരോപണ വിധേയായ പെണ്‍കുട്ടി മറുപടിയുമായി എത്തിയത്.

രാജസ്ഥാനില്‍ മുസ്ലീം മധ്യവയസ്‌കനെ ചുട്ടുകൊന്ന സംഭവത്തില്‍ പ്രതിയുടെ ലൗജിഹാദ് വാദം തള്ളി ആരോപണവിധേയായ യുവതി. തന്നെ രക്ഷിക്കാനാണ് അഫ്‌സറുലിനെ കൊന്നത് എന്ന വാദം പെണ്‍കുട്ടി തള്ളി. കൊലപാതകിയെ നേരത്തെ അറിയാമെന്നും പെണ്‍കുട്ടി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ലൗവ് ജിഹാദ് ആരോപിച്ച് മുഹമ്മദ് അഫ്‌റസുല്‍ എന്നയാളെ ചുട്ടു കൊന്ന കേസിലാണ് ആരോപണ വിധേയായ പെണ്‍കുട്ടി മറുപടിയുമായി എത്തിയത്. ശംഭുലാല്‍ തന്നെ ബംഗാളില്‍ നിന്ന് രക്ഷപ്പെടുത്തി കൊണ്ടുവന്നതാണെന്നുള്ള വാര്‍ത്ത പെണ്‍കുട്ടി നിഷേധിച്ചു. തനിക്ക് കൊല്ലപ്പെട്ടയാളുമായി ബന്ധമില്ലെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തോട് പെണ്‍കുട്ടി പറഞ്ഞു. പേരുവെളിപ്പെടുത്തരുതെന്ന ആവശ്യത്തോടെയായിരുന്നു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.

നേരത്തെ പെണ്‍കുട്ടിയെ താന്‍ പശ്ചിമ ബംഗാളില്‍ നിന്ന് തിരിച്ച് കൊണ്ടു വന്നതാണെന്നായിരുന്നു കേസിലെ പ്രതിയായ ശംഭുലാല്‍ റെഗാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ശംഭുലാല്‍ റെഗാര്‍ ബംഗാളില്‍ നിന്നും യുവതിയെ തിരിച്ചു കൊണ്ടു വന്നുവെന്നതിന് തെളിവുകള്‍ ഒന്നും തന്നെ ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഒരു പരാതിയും ഇല്ലെന്നും രാജ്‌സമാന്‍ഡ് പൊലീസ് സുപ്രണ്ട് മനോജ് കുമാര്‍ പറഞ്ഞു.

2010 ല്‍ മുഹമ്മദ് ബബ്‌ലു ഷെയ്ഖ് എന്നയാളുമായി പശ്ചിമ ബംഗാളില്‍ പോയിരുന്നു എന്നും രണ്ടു വര്‍ഷം അവിടെ താമസിച്ചിരുന്നു എന്നും യുവതി പറഞ്ഞു. ഈ സമയത്ത് റെഗാര്‍ തന്റെ അമ്മയില്‍ നിന്ന് 10000 രൂപ വാങ്ങി അവിടെ വരികയും തന്നെ മടക്കി കൊണ്ടു വരാന്‍ ശ്രമം നടത്തുകയും ചെയ്തു. എന്നാല്‍ താന്‍ വരില്ലെന്ന് അറിയിക്കുകയായിരുന്നു. പിന്നീട് തന്റെ ഇഷ്ടപ്രകാരം 2013 ലാണ് തിരിച്ചെത്തിയത്.