LiveTV

Live

National

ബോളിവുഡ് താരം ശശി കപൂര്‍ അന്തരിച്ചു

ബോളിവുഡ് താരം ശശി കപൂര്‍ അന്തരിച്ചു
Summary
ഹിന്ദി - ഇംഗ്ലീഷ് ഉള്‍പ്പെടെ 180 ഓളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

മുതിര്‍ന്ന ബോളിവുഡ് നടനും നിര്‍മാതാവുമായ ശശി കപൂര്‍ അന്തരിച്ചു. 79 വയസായിരുന്നു. ഹിന്ദി - ഇംഗ്ലീഷ് ഉള്‍പ്പെടെ 180 ഓളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശശി കപൂറിന്റെ അന്ത്യം. താരത്തിന്റെ മരണ വാര്‍ത്തയറിഞ്ഞ് ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖര്‍ അനുശോചിച്ചു. സംസ്കാരം നാളെ നടക്കും.

ബോളിവുഡ് താരം ശശി കപൂര്‍ അന്തരിച്ചു

ദീവാര്‍, സത്യം ശിവം സുന്ദരം, തൃശൂല്‍, കഭി കഭി തുടങ്ങിയ സിനിമകളിലൂടെ ബോളിവുഡ് നായക സങ്കല്‍പ്പത്തിന് പുതിയ നിര്‍വചനം നല്‍കിയ നടനാണ് ശശി കപൂര്‍. നാടക -സിനിമാ പ്രവര്‍ത്തകനായ പൃഥ്വിരാജ് കപൂറിന്റെ മകനായി 1938 ല്‍ ജനിച്ച ശശി കപൂര്‍ നാടകങ്ങളിലൂടെയാണ് കലാരംഗത്തേക്ക് പ്രവേശിച്ചത്. നാലാം വയസില്‍ വെള്ളിത്തിരയിലെത്തി. 1961ല്‍ ഇറങ്ങിയ ധര്‍മ്മ പുത്രയിലൂടെ നായകനായി. പിന്നീട് മൂന്ന് ദശാബ്ദക്കാലം ബോളിവുഡിന്റെ പ്രണയ നായകനായി തിളങ്ങി. 160 ഏളം ഹിന്ദി സിനിമകളില്‍ വേഷമിട്ട ശശി കപൂര്‍ 12 ഇംഗ്ലീഷ് ചിത്രങ്ങളിലും അഭിനയിച്ചു. അജൂബ, ഉത്സവ് തുടങ്ങി പത്തോളം സിനിമകളും നിര്‍മ്മിച്ചു. മൂന്ന് തവണ ദേശീയ പുരസ്കാരം നേടിയ ശശി കപൂറിന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2011ല്‍ പത്മ ഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. ജെന്നിഫര്‍ കെന്റല്‍ ആണ് ഭാര്യ. കരണ്‍ കപൂര്‍, സഞ്ജന കപൂര്‍, കുനാല്‍ കപൂര്‍ എന്നിവര്‍ മക്കളാണ്.