ഡെങ്കിപ്പനി ബാധിച്ച് മരിച്ച ഏഴു വയസുകാരിയുടെ ചികിത്സക്ക് ഫോര്‍ട്ടിസ് ആശുപത്രി വാങ്ങിയത് 18 ലക്ഷം രൂപ

സര്‍ക്കാര്‍ ആശുപത്രികളിലെ ശോചനീയാവസ്ഥയും ജീവനക്കാരുടെ അവഗണനയും മൂലം രോഗികള്‍ക്കുണ്ടാകുന്ന ഭയവും ആശങ്കയുമാണ് സ്വകാര്യ ആശുപത്രികളുടെ നിക്ഷേപമെന്ന് സമീപകാലത്ത് പ്രദര്‍ശനത്തിനെത്തിയ മെര്‍സല്‍ എന്ന തമിഴ് ചലച്ചിത്രം പറഞ്ഞുവെക്കുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രിയില്‍ പോയാല്‍ തക്ക സമയത്ത് ചികിത്സ കിട്ടുമോയെന്നും കിട്ടിയാല്‍ തന്നെ പിഴവുകളുണ്ടാകുമോയെന്നുമൊക്കെയുള്ള ആശങ്കയാണ് സ്വകാര്യ ആശുപത്രികള്‍ മുതലെടുക്കുന്നത്. അതുകൊണ്ട് തന്നെ പ്രിയപ്പെട്ടവരുടെ ജീവന് പണയം വച്ചൊരു പരീക്ഷണത്തിന് മിക്കവരും തയാറാകുകയുമില്ല. ഏതായാലും സ്വകാര്യ ആശുപത്രികള്‍ രോഗികളുടെ ഈ ഭയത്തെ കാര്യമായി തന്നെ ചൂഷണം ചെയ്യുന്നുണ്ടെന്ന് തെളിയിക്കുകയാണ് ഗുഡ്ഗാവിലെ ഫോര്‍ട്ടിസ് ആശുപത്രിയിലെ ഈ സംഭവം.

ഡെങ്കിപ്പനി ബാധിച്ച് മരിച്ച ഏഴു വയസുകാരിയുടെ പതിനഞ്ച് ദിവസത്തെ ചികിത്സക്കായി ആശുപത്രി അധികൃതര്‍ ഈടാക്കിയത് 18 ലക്ഷം രൂപയാണ്. ഡല്‍ഹിയിലെ ധ്വാരക സ്വദേശിയായ ജയന്ത് സിങിന്റെ മകള്‍ ആദ്യയാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ഗ്ലൗസിനും സിറിഞ്ചിനും പ്രമേഹ പരിശോധനക്കുള്ള സ്ട്രിപ് അടക്കമുള്ളവയ്ക്ക് ഭീമമായ തുകയാണ് ആശുപത്രി അധികൃതര്‍ ഈടാക്കിയത്. ബില്ലില്‍ 2700 ഗ്ലൌസുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കേവലം 13 രൂപയുടെ ഷുഗര്‍ ടെസ്റ്റ് സ്ട്രിപ്പിന് 200 രൂപ വീതമാണ് ആശുപത്രി വാങ്ങിയത്. 1500 ഗ്ലൗസുകളും 600 സിറിഞ്ചുകളും ആവശ്യമായി വന്നതായി ആശുപത്രി അധികൃതര്‍ നല്കിയ ബില്ലിലുണ്ടെന്ന് പിതാവ് പറഞ്ഞു. അതായത് പ്രതിദിനം 40 ഓളം സിറിഞ്ചുകള്‍.
ആഗസ്റ്റ് 31 നാണ് ആദ്യയെ ഫോര്‍ട്ടിസില്‍ പ്രവേശിപ്പിച്ചത്. ഇവിടുത്തെ ചികിത്സക്കും തന്റെ മകളുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് പിതാവ് ജയന്ത് പറയുന്നു. അഞ്ചാം ദിവസം മുതല്‍ ആദ്യയെ വെന്റിലേറ്ററിലേക്ക് മാറ്റി. സിടി, എംആര്‍ഐ സ്കാനുകള്‍ ചെയ്യാന്‍ വിദഗ്ധ ഉപദേശപ്രകാരം ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടെങ്കിലും അവരത് വൈകിപ്പിക്കുകയായിരുന്നു. ഒടുവില്‍ സിടി സ്കാന്‍ ചെയ്തപ്പോഴേക്കും ആദ്യയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം ഏറെക്കുറെ മുഴുവനായി തകരാറിലായി കഴിഞ്ഞിരുന്നു. 80 ശതമാനവും തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ച കുട്ടിയെ വെന്റിലേറ്ററില്‍ വച്ച് മുന്നോട്ടുപോകുകയായിരുന്നു ആശുപത്രി അധികൃതരെന്ന് പിതാവ് പറഞ്ഞു. ശരീരത്തിലെ മുഴുവന്‍ പ്ലാസ്മയും ട്രാന്‍സ്പ്ലാന്റ് ചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതിന് 15-20 ലക്ഷം രൂപയാണ് ചെലവായി പറഞ്ഞത്. എന്നാല്‍ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റാനായിരുന്നു രക്ഷിതാക്കളുടെ ശ്രമം. എന്നാല്‍ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ആശുപത്രി അധികതൃര്‍ തയാറായില്ല. ഇതിനിടെയാണ് മരണം സംഭവിച്ചത്. സംഭവം വിവാദമായതോടെ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.