LiveTV

Live

National

ജിഎസ്‍ടി എന്താണെന്ന് അറിയില്ലെന്ന് ബിജെപി മന്ത്രി

ജിഎസ്‍ടി എന്താണെന്ന് അറിയില്ലെന്ന് ബിജെപി മന്ത്രി
Summary
നോട്ട് നിരോധമെന്ന ഇരുട്ടടിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന ബിജെപി സര്‍ക്കാര്‍ മുന്‍കൈ എടുത്ത് നടപ്പാക്കിയ സാമ്പത്തിക 'വിപ്ലവം' ആയിരുന്നു ജിഎസ്‍ടി.

നോട്ട് നിരോധമെന്ന ഇരുട്ടടിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന ബിജെപി സര്‍ക്കാര്‍ മുന്‍കൈ എടുത്ത് നടപ്പാക്കിയ സാമ്പത്തിക 'വിപ്ലവം' ആയിരുന്നു ജിഎസ്‍ടി. എന്നാല്‍ കേന്ദ്ര സര്‍ക്കാരും ബിജെപി നേതൃത്വവും ഏറ്റവും ശ്രേഷ്ഠമായ സാമ്പത്തിക പരിഷ്‍കരണമായി ഉയര്‍ത്തി കാട്ടുന്ന ജിഎസ്‍ടി എന്താണെന്ന് തനിക്ക് ഇതുവരെ മനസിലായിട്ടില്ലെന്ന് തുറന്നുപറയുകയാണ് ഒരു ബിജെപി മന്ത്രി. മധ്യപ്രദേശിലെ ഭക്ഷ്യ സിവില്‍ വകുപ്പ് മന്ത്രിയായ ഓം പ്രകാശ് ധുര്‍വെയാണ് ഇക്കാര്യം തുറന്നുസമ്മതിച്ചത്. നോട്ട് നിരോധത്തിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ പാര്‍ട്ടി പരിപാടിക്കിടെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. നോട്ട് നിരോധവും ജിഎസ്‍ടിയും സൃഷ്ടിച്ച ഗുണങ്ങളുമായിരുന്നു പ്രധാന വിഷയം. എന്നാല്‍ സംസാരിക്കാനായി എഴുന്നേറ്റ മന്ത്രി, തനിക്ക് ജിഎസ്‍ടിയെ കുറിച്ച് അറിയില്ലെന്ന് തുറന്നുപറയുകയായിരുന്നു.

ജിഎസ്‍ടി എന്താണെന്ന് അറിയില്ലെന്ന് ബിജെപി മന്ത്രി

''എനിക്ക് ഇതുവരെ ജിഎസ്‍ടി എന്താണെന്ന് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ അതേക്കുറിച്ച് സംസാരിക്കുന്നില്ല. രാജ്യത്തെ മുന്തിയ ചാര്‍ട്ടേഡ് അക്കൌണ്ടന്റന്‍മാര്‍ക്ക് പോലും ഇതുവരെ ജിഎസ്‍ടി എന്താണെന്ന് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. വ്യാപാരികള്‍ക്കും ഇതേ കുറിച്ച് വലിയ പിടിയില്ല. മനസിലാക്കാത്തതാണ് കാരണം. ഒരിക്കല്‍ നിങ്ങള്‍ മനസിലാക്കിയാല്‍ ജിഎസ്‍ടിയെ നിങ്ങള്‍ക്ക് ഇഷ്ടമാകും'' - മന്ത്രി പറഞ്ഞു. ദീര്‍ഘവീക്ഷണമില്ലാതെയും മുന്നൊരുക്കങ്ങളില്ലാതെയും നോട്ട് നിരോധം പോലെ നടപ്പാക്കിയ ജിഎസ്‍ടിയെ ന്യായീകരിക്കാന്‍ ബിജെപി നേതൃത്വവും സര്‍ക്കാരും കിണഞ്ഞുശ്രമിക്കുമ്പോഴാണ് സെല്‍ഫ് ഗോള്‍ പോലെ മന്ത്രിയുടെ തുറന്നുപറച്ചില്‍ ഉണ്ടായിരിക്കുന്നത്. ജിഎസ്‍ടിയെ ഗബ്ബര്‍ സിങ് ടാക്സ്, ഗ്രേറ്റ് സെല്‍ഫിഷ് ടാക്സ് എന്നൊക്കെ പ്രതിപക്ഷം പരിഹസിക്കുമ്പോഴാണ് ബിജെപിയെ മന്ത്രിയുടെ തുറന്നുപറച്ചില്‍ വെട്ടിലാക്കിയിരിക്കുന്നത്. മധ്യപ്രദേശില്‍ ഉടന്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രതിപക്ഷത്തിന് അടിക്കാന്‍ ബിജെപിയില്‍ നിന്നു തന്നെ വടി കിട്ടിയിരിക്കുന്നത്.

ചരക്കു സേവന നികുതി എന്ന ഈ സമ്പ്രദായം പ്രാബല്യത്തിലായാല്‍ നിത്യോപയോഗ സാധനങ്ങളില്‍ അടക്കം വിലക്കുറവ് ദൃശ്യമാകുമെന്നായിരുന്നു മോദി സര്‍ക്കാരിന്റെ വാഗ്ദാനം. എന്നാല്‍ സാങ്കീര്‍ണതകള്‍ കൊണ്ട് സമ്പന്നമായ ജിഎസ്‍ടി പ്രാബല്യത്തില്‍ വന്ന് മാസങ്ങള്‍ പിന്നിടുമ്പോള്‍ വില കുറയുകയല്ല, കൂടുകയാണ് ചെയ്തതെന്ന് അനുഭവങ്ങള്‍ തെളിയിക്കും. ഉദാഹരണത്തിന്, മുമ്പ് ഹോട്ടലില്‍ നിന്ന് നൂറു രൂപക്ക് കിട്ടിയിരുന്ന ബിരിയാണി 118 രൂപയായി ഉയര്‍ന്നപ്പോള്‍ തന്നെ ജിഎസ്‍ടിയെ വിലക്കയറ്റത്തിനുള്ള ഒരായുധമായാണ് ഭൂരിപക്ഷവും ഉപയോഗിക്കുന്നതെന്ന് വ്യക്തമായി. ഇത് നിയമ വിരുദ്ധമായിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരു നിയന്ത്രണത്തിനും മുതിര്‍ന്നില്ല. ഇതൊക്കെ സാധാരണ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നമായിട്ടും കൂടി ജിഎസ്‍ടി നടപ്പാക്കിയവര്‍ക്ക് പോലും അതെന്താണെന്ന് അറിയില്ലെന്ന തുറന്നുപറച്ചില്‍ വരും ദിവസങ്ങളില്‍ ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുമെന്നാണ് സൂചനകള്‍.