LiveTV

Live

National

അടച്ചിട്ട മുറിയില്‍ അഞ്ച് വര്‍ഷം; ഭര്‍ത്താവ് പൂട്ടിയിട്ട ഭാര്യയേയും മകളെയും മോചിപ്പിച്ചു

 അടച്ചിട്ട മുറിയില്‍ അഞ്ച് വര്‍ഷം; ഭര്‍ത്താവ് പൂട്ടിയിട്ട ഭാര്യയേയും മകളെയും മോചിപ്പിച്ചു
Summary
കൊല്‍ക്കൊത്തയില്‍ നിന്നും 210 കിലോമീറ്റര്‍ അകലെ മുര്‍ഷിദാബാദ് ജില്ലയിലു്ള ജലാംഗി ഏരിയയിലാണ് സംഭവം

അഞ്ച് വര്‍ഷമായി അടച്ചിട്ട മുറിയില്‍ പുറംലോകം കാണാതെ കഴിഞ്ഞിരുന്ന അമ്മയേയും മകളെയും മോചിപ്പിച്ചു. കൊല്‍ക്കൊത്തയില്‍ നിന്നും 210 കിലോമീറ്റര്‍ അകലെ മുര്‍ഷിദാബാദ് ജില്ലയിലു്ള ജലാംഗി ഏരിയയിലാണ് സംഭവം. ഭര്‍ത്താവ് പൂട്ടിയിട്ട ഇവരെ ബംഗാള്‍ പൊലീസെത്തി മോചിപ്പിക്കുകയായിരുന്നു. 36കാരിയായ മഞ്ജു മൊന്താള്‍, ഇവരുടെ പതിനൊന്നുകാരിയായ മകള്‍ ടോട്ട എന്നിവരെയാണ് മോചിപ്പിച്ചത്.

 അടച്ചിട്ട മുറിയില്‍ അഞ്ച് വര്‍ഷം; ഭര്‍ത്താവ് പൂട്ടിയിട്ട ഭാര്യയേയും മകളെയും മോചിപ്പിച്ചു

നാദിയ ജില്ലയിലെ കരിമ്പൂര്‍ സ്വദേശിയാണ് മഞ്ജു. ആശാരിപ്പണിക്കാരനായ മനോബേന്ദ്ര മൊന്താളിനെ വിവാഹം കഴിച്ച ശേഷം ഇവര്‍ ചോപ്പാറയിലേക്ക് താമസം മാറുകയായിരുന്നു. തടവില്‍ നിന്നും രക്ഷപ്പെട്ടിട്ടും ഭര്‍ത്താവിനെതിരെ പരാതി നല്‍കാന്‍ ബിരുദധാരി കൂടിയായ മഞ്ജു തയ്യാറായില്ലെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ മഞ്ജുവിന്റെ സഹോദരന്‍ നിഖില്‍ സര്‍ക്കാര്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും മനോബേന്ദ്രയെ കണ്ടെത്തിയിട്ടില്ലെന്നും ജലാംഗി പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ്ജ് ദേബാശിഷ് സര്‍ക്കാര്‍ പറഞ്ഞു. മഞ്ജു ഒരു ബിരുദധാരിയാണ്, അവള്‍ക്ക് യാതൊരു വിധ മാനസികപ്രശ്നങ്ങളുമില്ല, അവളെന്തുകൊണ്ടാണ് സംസാരിക്കാത്തതെന്ന് യാതൊരു പിടിയുമില്ലെന്ന് നിഖില്‍ പറഞ്ഞു.

പൊലീസ് വീട്ടിലെത്തുമ്പോള്‍ റൂമിന്റെ ജനലുകളും വാതിലും കറുത്ത പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയ നിലയായിരുന്നു. ജനല്‍ തകര്‍ത്താണ് പൊലീസ് അകത്ത് കയറി അമ്മയെയും മകളെയും മോചിപ്പിച്ചത്. തങ്ങള്‍ നല്ല ജീവിതമാണ് നയിക്കുന്നതെന്നായിരുന്നു പൊലീസ് രക്ഷിച്ചിട്ടും ഇരുവരുടെയും മറുപടി. വളരെ ബുദ്ധിമുട്ടിയാണ് പൊലീസ് മഞ്ജുവിനെയും ടോട്ടയെയും പൊലീസ് സ്റ്റേഷനിലെത്തിച്ചത്. ആളുകളെ കാണാതിരിക്കാന്‍ വേണ്ടി മുഖം മറച്ചിരുന്നു.

മനോബേന്ദ്രക്ക് മറ്റൊരു ഭാര്യയുണ്ടെന്ന് സഹോദരന്‍ നിഖില്‍ ആരോപിച്ചു. മനോബേന്ദ്ര ഒരു ക്രൂരനാണെന്നും ആളുകളോട് സംസാരിക്കാറില്ലെന്നും അയല്‍ക്കാര്‍ പറഞ്ഞു. വര്‍ഷങ്ങളായി ഞങ്ങള്‍ മഞ്ജുവിനെയും മകളെയും കണ്ടിട്ട്, എന്താണ് അവര്‍ക്ക് സംഭവിച്ചതെന്ന് ആര്‍ക്കുമറിയില്ലെന്ന് ഗ്രാമവാസിയായ അസ്കര്‍ അലി പറഞ്ഞു. മകള്‍ക്ക് അഞ്ച് വയസാകുന്നതു വരെ മനോബേന്ദ്രയും കുടുംബവും സന്തോഷകരമായ ജീവിതമാണ് നയിച്ചതെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. എന്നാല്‍ പെട്ടെന്നൊരു ദിവസം ഇവര്‍ അയല്‍ക്കാരുമായുള്ള ബന്ധം ഉപേക്ഷിച്ചു. ഒന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ടോട്ടയെ അവസാനമായി അയല്‍ക്കാര്‍ കാണുന്നത്. രാവിലെ ഭാര്യയെയും മകളെയും പൂട്ടിയിട്ടാണ് മനോബേന്ദ്ര ജോലിക്ക് പോകുന്നത്,രാത്രിയാകുമ്പോഴാണ് ഇവര്‍ തിരിച്ചെത്തുന്നത്. ബന്ധുക്കള്‍ ഇവരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആരെയും അകത്ത് കടക്കാന്‍ മനോബേന്ദ്ര അനുവദിക്കാറില്ല. നാല് വര്‍ഷം മുന്‍പാണ് മഞ്ജുവുമായി സംസാരിച്ചതെന്ന് സഹോദരന്‍ പറഞ്ഞു. ഒടുവില്‍ സഹോദരനും മറ്റ് ബന്ധുക്കളും പൊലീസിന്റെ സഹായം തേടുകയായിരുന്നു.