LiveTV

Live

National

വിജയ് മല്യ അറസ്റ്റില്‍ 

വിജയ് മല്യ അറസ്റ്റില്‍ 
Summary
വിജയ് മല്യയെ ലണ്ടന്‍ പൊലീസ് അറസ്റ്റ് ചെയ്തു.

വിവാദ വ്യവസായി വിജയ് മല്യയെ ലണ്ടന്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐയും,എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും രജിസ്റ്റര്‍ ചെയ്ത പുതിയ കേസിലായിരുന്നു അറസ്റ്റ്. ഇത് രണ്ടാം തവണയാണ് സ്കോട്ടലാന്‍ഡ് യാര്‍ഡ് മല്യയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുന്നത്. വായ്പ തട്ടിപ്പ് കേസില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട മല്യയെ കൈമാറണമെന്നാവശ്യപ്പെട്ട് ഇന്ത്യ നല്‍കിയ ഹരജി വെസ്റ്റ് മിനിസ്റ്റര്‍ കോടതിയുടെ പരിഗണനയിലാണ്.

ഇത് രണ്ടാം തവണയാണ് കിങ്ഫിഷര്‍ ഉടമ വിജയ് മല്യ ലണ്ടനില്‍ അറസ്റ്റിലാകുന്നത്. രണ്ട് തവണയും മണിക്കൂറുകള്‍ക്കകം ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയും ചെയ്തു. ഒന്പതിനായിരം കോടിയോളം രൂപയുടെ വായ്പ തിരിച്ചടക്കാതെ കഴിഞ്ഞ വര്‍ഷം ലണ്ടനിലേക്ക് കടന്ന മല്യയെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് മല്യയെ വിട്ട് നല്‍കണമെന്നാവശ്യപ്പെട്ട് ഇന്ത്യ ബ്രിട്ടന് അപേക്ഷ നല്‍കി.ഇതില്‍ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയില്‍ വാദം ആരംഭിച്ചപ്പോഴാണ് നടപടിക്രമത്തിന്റെ ഭാഗമായി ആദ്യ അറസ്റ്റ്.

വായ്പ തിരിച്ചടക്കാതെ കടന്നതിനൊപ്പം, വായ്പയായി ലഭിച്ച പണത്തില്‍ ആറായിരം കോടിയോളം രൂപ മല്യ വിദേശ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി കടത്തിയെന്നാണ് സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പറയുന്നത്. ഇതിന്റെയടിസ്ഥാനത്തില്‍ മണിലോണ്ടറിംഗ് ആക്ട് പ്രകാരം മല്യക്കെതിരെ രണ്ട് ഏജന്‍സികളും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ വിവരം സത്യവാങ്മൂലത്തിലൂടെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയെ ഇന്ത്യ അറയിക്കുകയും ചെയ്തു. ഇതിലാണ് മല്യയെ സ്കോട്ടലാന്‍ഡ് യാര്‍ഡ് പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ലണ്ടനിലെ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.