വിഡ്ഢിയെ പോലെ ചിരിക്കുന്നത് നിര്‍ത്തൂ... അര്‍ണബിനോട് അതിഥി

ചാനല്‍ ചര്‍ച്ചക്കിടെ അതിഥിയെ പരിഹസിച്ച് ഒരു മിനിറ്റോളം ചിരിച്ച അവതാരകന് അര്‍ണബ് ഗോസ്വാമിയോട് വിഡ്ഢിയെ പോലെ ചിരിക്കരുതെന്ന് അതിഥി. റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ വിഷയമായിരുന്നു അര്‍ണബിന്റെ റിപ്പബ്ളിക് ചാനല്‍ ചര്‍ച്ചക്കെടുത്തത്. റോഹിങ്ക്യകളെ മ്യാന്മറിലേക്ക് തിരിച്ചയക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ചും ചില അഭയാര്‍ഥികള്‍ക്ക് പാക് തീവ്രവാദികളുമായി നേരിട്ട് ബന്ധമുണ്ടെന്ന് അര്‍ണബ് ആരോപിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് അതിഥികളിലൊരാള് എന്‍ഡിടിവി ഇതുസംബന്ധിച്ച് നല്കിയ റിപ്പോര്‍ട്ട് പരാമര്‍ശിച്ചത്.

എന്നാല്‍ എന്‍ഡിടിവിയുടെ പേര് കേട്ടതോടെ അര്‍ണബ് ചിരിക്കാന്‍ തുടങ്ങുകയായിരുന്നു. ഏകദേശം ഒരു മിനിറ്റോളം അര്‍ണബിന് ചിരിയടക്കാനായില്ല. അര്‍ണബിന്റെ ചിരിക്ക് പിന്തുണയുമായി ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപി പ്രതിനിധി ഗൌരവ് ബാട്ടിയയും നിങ്ങളെന്താണ് പറഞ്ഞത് എന്‍ഡിടിവിയോ എന്ന് ചോദിച്ച് ഒപ്പം കൂടി. ഏകദേശം ഒരു മിനിറ്റെടുത്തു അര്‍ണബിന് സ്ഥലകാലബോധം തിരിച്ചുകിട്ടാന്‍. തന്റെ പ്രവര്‍ത്തി ചര്‍ച്ചക്കിടെ യോജിച്ചതല്ലെന്ന് തിരിച്ചറിഞ്ഞ അര്‍ണബ് ചിരിയടക്കാന്‍ ശ്രമിച്ചു. 'ഇതുസംബന്ധിച്ച് ഇനിയൊരു വാക്ക് പറയാന്‍ താനില്ല. എന്‍ഡിടിവിയുടെ പേര് കേട്ട് എന്തിനാണ് ചിരിച്ചതെന്ന് ചോദിച്ച് നാളെ ചിലര്‍ അതേക്കുറിച്ച് എഴുതാന്‍ തുടങ്ങും. കുറച്ച് ദിവസങ്ങളായി ചിലരുടെ ശീലമായി കഴിഞ്ഞു ഈ പ്രവണത' - ഇങ്ങനെയൊക്കെ പറഞ്ഞ് അര്‍ണബ് തന്റെ സന്ദര്‍ഭത്തിന് യോജിക്കാത്ത ചിരിയെ ന്യായീകരിക്കാന്‍ ശ്രമിച്ചു.
എന്‍ഡിടിവിയുടെ പേര് പരാമര്‍ശിച്ച അതിഥി, ചിരിക്കിടെ അവതാരകനോട് വിഡ്ഢിയെ പോലെ ചിരിക്കുരുതെന്ന് പറഞ്ഞെങ്കിലും അര്‍ണബിനെയും കൂടെ കൂടിയ ബിജെപി പ്രതിനിധിയെയും കാര്യമായ ബാധിച്ചില്ല. ഇന്ത്യയില്‍ ജീവിക്കുന്ന ഒരൊറ്റ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്കെതിരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന എന്‍ഡിടിവി റിപ്പോര്‍ട്ട് അതിഥി ചൂണ്ടിക്കാട്ടുന്നതിനിടെയായിരുന്നു അര്‍ണബിന്റെ നിലവിട്ട ചിരി.