LiveTV

Live

National

പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ മാര്‍ഗമുണ്ട്... ഇത് ചെയ്താല്‍ വില 50 രൂപയാകും

പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ മാര്‍ഗമുണ്ട്... ഇത് ചെയ്താല്‍ വില 50 രൂപയാകും
Summary
രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് ഇന്ധന വില വര്‍ധനവ്.

രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് ഇന്ധന വില വര്‍ധനവ്. ഇന്ധന വില ഉയരുന്നതിനനുസരിച്ച് രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുമെന്ന സ്വാഭാവിക വിപണി പ്രതികരണമാണ് ജനരോക്ഷം ഇരമ്പുന്നതിലേക്ക് കാര്യങ്ങളെ എത്തിച്ചിരിക്കുന്നത്. ദിനംപ്രതി ഇന്ധനവില ഉയരാന്‍ തുടങ്ങിയ ശേഷം രണ്ടു മാസം കൊണ്ട് പെട്രോള്‍ വില ഏഴു രൂപയോളം വര്‍ധിച്ചു കഴിഞ്ഞു.

പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ മാര്‍ഗമുണ്ട്... ഇത് ചെയ്താല്‍ വില 50 രൂപയാകും

വില വര്‍ധനയില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളെയും അവര്‍ കേന്ദ്രത്തെയും പഴിച്ച് കാലം കഴിക്കുമ്പോള്‍ സ്വന്തം വിധിയെ പഴിക്കുകയാണ് അമിതഭാരം ചുമക്കാന്‍ വിധിക്കപ്പെട്ട ഇന്ത്യന്‍ ജനത. ഇന്ധനവിലയിലെ പകുതിയിലേറെയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയാണ്. വില വര്‍ധനയില്‍ കേന്ദ്രത്തിനെതിരെ പ്രതിഷേധസ്വരം ഉയര്‍ന്നതോടെ സംസ്ഥാനങ്ങള്‍ നികുതി ഒഴിവാക്കിയാല്‍ പ്രശ്ന പരിഹാരമാകുമെന്നാണ് മോദി സര്‍ക്കാരിന്‍റെ നിലപാട്. എന്നാല്‍ പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലാന്‍ സംസ്ഥാനങ്ങളും തയാറാകില്ല എന്നതാണ് നിലവിലെ അവസ്ഥ. പെട്രോളിനും ഡീസലിനും ജിഎസ്‍ടി ചുമത്തിയാല്‍ വില കുറയ്ക്കാന്‍ കഴിയും. എന്നാല്‍ ഇതിന് സംസ്ഥാനങ്ങള്‍ കൂടി സഹകരിക്കണം എന്നു മാത്രം.

കേന്ദ്രസര്‍ക്കാരിന്‍റെ നികുതിക്ക് ശേഷം പെട്രോളിന് 17 ശതമാനവും ഡീസലിന് 12 ശതമാനത്തോളവുമാണ് കേരളം നികുതിയായി ചുമത്തുന്നത്. ഇതനുസരിച്ച് ഇന്ധനവില വര്‍ധിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഖജനാവിലേക്ക് ഒഴുകിയെത്തുന്ന നികുതി വരുമാനവും വര്‍ധിക്കും. ഇതുപ്രകാരം കഴിഞ്ഞമാസം കേരളത്തിന്‍റെ ഖജനാവില്‍ എത്തിയത് 525 കോടിയോളം രൂപയാണ്. ജിഎസ്‍ടി വഴി ലഭിക്കുന്ന 1200 കോടിയോളം രൂപയുടെ നികുതി വരുമാനത്തോളം തന്നെയാണ് മദ്യത്തില്‍ നിന്നും ഇന്ധന നികുതിയില്‍ നിന്നും കേരളത്തിന്‍റെ ഖജനാവിലെത്തുന്നത്. അതുകൊണ്ട് തന്നെ ഇന്ധനവിലയ്ക്കു മേല്‍ ജിഎസ്‍ടി ചുമത്തിയാല്‍ സംസ്ഥാനത്തിന്‍റെ വരുമാനം പകുതിയായി കുറയും. ഈ സാഹചര്യത്തില്‍ ഇത്തരമൊരു നീക്കത്തെ ഏതുവിധേനയും സംസ്ഥാനം ചെറുക്കും. ജിഎസ്‍ടി അവതരിപ്പിച്ചപ്പോള്‍ മദ്യത്തേയും ഇന്ധനത്തേയും ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഒറ്റക്കെട്ടായി നിന്നതും അതുകൊണ്ട് തന്നെയാണ്. നിലവില്‍ ജിഎസ്‍ടി നികുതി നിരക്കുകള്‍ 5, 12, 18, 28 ശതമാനം എന്നിങ്ങനെയാണ്. ജിഎസ്‍ടി കൊണ്ടു വന്നാല്‍ തന്നെ പെട്രോള്‍, ഡീസല്‍ ജിഎസ്‍ടി 12 ശതമാനത്തിലും അധികമായിരിക്കും. ഇത് 12 ശതമാനമാണെങ്കില്‍ പെട്രോള്‍ വില ഡല്‍ഹിയില്‍ 38 രൂപയായി കുറയും. ഇത് 18 ശതമാനം ജിഎസ്‍ടിയാണെങ്കില്‍ 40 രൂപയായും 28 ശതമാനമെങ്കില്‍ 43.44 രൂപയായും വരും. സെസ് കൂടി ഉള്‍പ്പെടുത്തിയാല്‍ പോലും വില 50 രൂപയില്‍ ഒതുങ്ങും. അങ്ങനെയെങ്കില്‍ പോലും നിലവിലെ നിരക്കിനേക്കാള്‍ 20 രൂപ കുറയും.

നിലവില്‍ ഡല്‍ഹിയില്‍ ഡീസല്‍ വില 58.72 രൂപ. 18 ശതമാനം ജിഎസ്‍ടി ചുമത്തിയാല്‍ വില 38 രൂപയിലും 28 ശതമാനമാണെങ്കില്‍ 48 രൂപയിലും ഡീസല്‍ നിരക്ക് ഒതുങ്ങും. എസ്‍യുവി സെസ് കൂടി ഉള്‍പ്പെടുത്തിയാല്‍ പോലും വില 49 രൂപയില്‍ നില്‍ക്കും. അപ്പോഴും നിലവിലെ നിരക്കിനേക്കാള്‍ പത്തു രൂപയോളം കുറവുണ്ടാകും. ഇന്ധനവിലയില്‍ ജിഎസ്‍ടി വേണമോയെന്ന് തീരുമാനിക്കുന്നത് ജിഎസ്‍ടി കൌണ്‍സിലാണ്. ഈ സമിതിയിലാണെങ്കില്‍ സംസ്ഥാന പ്രതിനിധികളുടെ സ്വാധീനത്തിനപ്പുറമൊന്നുമില്ല. അതുകൊണ്ട് തന്നെ ഇന്ധനവിലയില്‍ ജിഎസ്‍ടി എന്നത് വിദൂര സ്വപ്നമായി തന്നെ അവശേഷിക്കുമെന്നാണ് കണക്കുകൂട്ടല്‍.

ഇന്ധന വില വര്‍ധിക്കാന്‍ പ്രധാന കാരണം മോദി സര്‍ക്കാര്‍ തന്നെയാണ്. കാരണം ബിജെപി സര്‍ക്കാര്‍ നിലവില്‍ വന്നതിന് ശേഷം പെട്രോളിന്‍റെ എക്സൈസ് തീരുവ വര്‍ധിച്ചത് 54 ശതമാനമാണ്. വാറ്റ് 46 ശതമാനവും ഡീലര്‍മാരുടെ കമ്മീഷനില്‍ 73 ശതമാനവും വര്‍ധനയാണുണ്ടായത്. ഇതേസമയം, ഡീസലിന് 154 ശതമാനമാണ് എക്സൈസ് തീരുവ വര്‍ധിച്ചത്. വാറ്റ് 48 ശതമാനവും ഡീലര്‍മാരുടെ കമ്മീഷനില്‍ 73 ശതമാനവും വര്‍ധനവുണ്ടായി. 2014 ന് ശേഷം ഡീസല്‍, പെട്രോള്‍ എക്സൈസ് തീരുവ 12 തവണയാണ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. അസംസ്കൃത എണ്ണ വില കുറഞ്ഞതിന്‍റെ ആനുകൂല്യം ഉപഭോക്താവിന് ലഭിക്കുന്നത് തടഞ്ഞുകൊണ്ടായിരുന്നു ഈ വര്‍ധനവൊക്കെയും. ഇതോടെ 2014-15 കാലഘട്ടത്തില്‍ 3.32 ലക്ഷം കോടി രൂപയായിരുന്ന ഇന്ധന നികുതി വരുമാനം 2016-17 ആയപ്പോഴേക്കും 5.24 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഏതായാലും ഇന്ധന വില വര്‍ധനവില്‍ ജനങ്ങള്‍ക്ക് മാത്രമേ ആശങ്കയുള്ളു എന്ന നിലയിലേക്കാണ് ഭരണപക്ഷത്തിന്‍റെയും പ്രതിപക്ഷത്തിന്‍റെയും നിലപാടുകള്‍ വിരല്‍ചൂണ്ടുന്നത്.