LiveTV

Live

National

'ആ സര്‍ട്ടിഫിക്കറ്റ് എനിക്ക് വേണ്ട'; മോദിക്കെതിരെ കടുത്ത വിമര്‍ശവുമായി മുന്‍ കേന്ദ്രമന്ത്രി

'ആ സര്‍ട്ടിഫിക്കറ്റ് എനിക്ക് വേണ്ട'; മോദിക്കെതിരെ കടുത്ത വിമര്‍ശവുമായി മുന്‍ കേന്ദ്രമന്ത്രി
Summary
കേന്ദ്രമന്ത്രി സ്ഥാനം നഷ്ടമായ ബിജെപി നേതാവ് രാജീവ് പ്രതാപ് റൂഡി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശവുമായി രംഗത്തെത്തി.

കേന്ദ്രമന്ത്രി സ്ഥാനം നഷ്ടമായ ബിജെപി നേതാവ് രാജീവ് പ്രതാപ് റൂഡി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശവുമായി രംഗത്തെത്തി. ''ഞാന്‍ പരാജയപ്പെട്ടു എന്നാണ് മോദി കരുതുന്നതെങ്കില്‍ അതിന്റെ സര്‍ട്ടിഫിക്കറ്റ് എനിക്കാവശ്യമില്ല'' - എന്നായിരുന്നു രാജീവ് പ്രതാപ് റൂഡിയുടെ പ്രതികരണം. കേന്ദ്രമന്ത്രിസഭ പുനസംഘടിപ്പിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു രാജീവ് മോദിക്കെതിരെ രംഗത്തുവന്നത്.

'ആ സര്‍ട്ടിഫിക്കറ്റ് എനിക്ക് വേണ്ട'; മോദിക്കെതിരെ കടുത്ത വിമര്‍ശവുമായി മുന്‍ കേന്ദ്രമന്ത്രി

താന്‍ മന്ത്രിസ്ഥാനം ഏറ്റെടുത്ത ശേഷം വെട്ടിപ്പിടിച്ച നേട്ടങ്ങള്‍ പ്രധാനമന്ത്രിയോടും ജനങ്ങളോടും പങ്കുവെക്കുന്നതിലും ബോധ്യപ്പെടുത്തുന്നതിലും പരാജയപ്പെട്ടുവെന്ന് രാജീവ് പറഞ്ഞു. പ്രകടനമികവ് അവലോകനം ചെയ്താണ് മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും ചേര്‍ന്ന് മന്ത്രിസഭയില്‍ നിന്ന് രാജീവ് അടക്കമുള്ള അഞ്ച് മന്ത്രിമാരെ നീക്കിയത്. രാജീവിന് പകരക്കാരനായി മന്ത്രിസഭയില്‍ എത്തിയത് ധര്‍മേന്ദ്ര പ്രഥാനാണ്. താന്‍ പരമാവധി ശ്രമിച്ചു. തന്റെ പിന്‍ഗാമിയും വിമര്‍ശകരുമാണ് ഇനിയത് സാക്ഷ്യപ്പെടുത്തേണ്ടത്. മാറ്റങ്ങള്‍ ദൃശ്യമാകാന്‍ കുറച്ച് കൂടി സമയം വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ തോറ്റുപോയവനാണെന്നാണ് മേധാവി കരുതുന്നതെങ്കില്‍ അതിന്റെ സര്‍ട്ടിഫിക്കറ്റ് തനിക്ക് വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2014 ല്‍ മന്ത്രിസ്ഥാനം ഏറ്റെടുത്തതു മുതലുള്ള തന്റെ പ്രവര്‍ത്തനങ്ങളെ രാജീവ് ന്യായീകരിച്ചു. ലക്ഷ്യത്തിലേക്ക് മികവുറ്റ രൂപരേഖ തയാറാക്കുകയും അതിന് ചുക്കാന്‍ പിടിക്കാനുള്ള സംഘത്തെ കണ്ടെത്തുകയുമായിരുന്നു തന്റെ ആദ്യ നടപടി. അതെല്ലാം പൂര്‍ത്തിയാക്കുകയും ചെയ്തു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്തു റോള്‍ ആയിരിക്കും പാര്‍ട്ടി ഏല്‍പ്പിക്കുകയെന്ന ചോദ്യത്തിന് അത് എന്തായിരിക്കുമെന്ന് അറിയില്ലെന്നായിരുന്നു രാജീവിന്റെ മറുപടി. തന്റെ പ്രകടനം മോശമായിരുന്നുവെന്നത് യാഥാര്‍ഥ്യമല്ല. തന്റെ നേട്ടങ്ങളും പ്രവര്‍ത്തനങ്ങളും ജനങ്ങളോടും മോദിയോടും വിശദീകരിക്കാന്‍ കഴിഞ്ഞില്ല എന്നത് മാത്രമാണ് വീഴ്ചയെന്നും രാജീവ് പറഞ്ഞു. രാജി തന്റെ തീരുമാനമല്ലെന്ന് അദ്ദേഹം നേരത്തെ പ്രതികരിച്ചിരുന്നു.