LiveTV

Live

National

ഗോസംരക്ഷണത്തിന്‍റെ പേരിലുള്ള അക്രമങ്ങള്‍ക്കെതിരെ ഡിവൈഎഫ്ഐ പരാതി നല്‍കി

ഗോസംരക്ഷണത്തിന്‍റെ പേരിലുള്ള അക്രമങ്ങള്‍ക്കെതിരെ ഡിവൈഎഫ്ഐ പരാതി നല്‍കി
Summary
ഗോസംരക്ഷണത്തിന്‍റെ പേരിലുള്ള ആക്രമണങ്ങള്‍ തടയുന്നതിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ ഇടപെടലുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പരാതി നല്‍കി.

ഗോസംരക്ഷണത്തിന്‍റെ പേരിലുള്ള ആക്രമണങ്ങള്‍ തടയുന്നതിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ ഇടപെടലുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പരാതി നല്‍കി. ആക്രമണം നടത്തുന്ന സംഘടനകളെ നിരോധിക്കണമെന്നും അവയുടെ സാമ്പത്തിക സ്രോതസുകള്‍ പരിശോധിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. ഒരു മാസമായി തുടരുന്ന ആള്‍ക്കൂട്ട ആക്രമണ വിരുദ്ധ കാമ്പയിന്‍റെ ഭാഗമായിട്ടായിരുന്നു പരാതി സമര്‍പ്പിക്കല്‍.

പശുവിറച്ചിയുടെ പേരിലും അല്ലാതെയും ദലിത് - മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് എതിരായുണ്ടാകുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലയും തുടരുന്ന സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ കാമ്പയിനുമായി രംഗത്തെത്തിയത്. ഇക്കാര്യത്തില്‍ ഫലപ്രദമായ ഇടപെടല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നതായിരുന്നു ഡിവൈഎഫ്ഐയുടെ ആവശ്യം.

കാമ്പയിന്‍റെ ഭാഗമായി കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും ഇരകളായവരെയും ഡിവൈഎഫ്ഐ നേതൃത്വം സന്ദര്‍ശിച്ച് സഹായം വാഗ്ദാനം ചെയ്തിരുന്നു. നിയമ സഹായം നല്‍കുന്നതിനാവശ്യമായ നടപടികള്‍ക്കും ഡിവൈഎഫ്ഐ തുടക്കം കുറിച്ചിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷന് ഓണ്‍ലൈനായി പരാതി അയക്കുന്ന പ്രതിഷേധ പരിപാടിയും സംഘടിപ്പിച്ചു.