LiveTV

Live

National

ബിജെപി പിന്തുണ: ജെഡിയുവില്‍ ഭിന്നത, ശരത് യാദവ് രാഹുലിനെ കണ്ടു

ബിജെപി പിന്തുണ: ജെഡിയുവില്‍ ഭിന്നത, ശരത് യാദവ് രാഹുലിനെ കണ്ടു
Summary
ജെഡിയു നേതാവ് ശരത് യാദവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.

മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ രാഷ്ട്രീയ ചേരിമാറ്റത്തെ ചൊല്ലി ജെഡിയു ദേശീയ നേതൃത്വത്തില്‍ ഭിന്നത രൂക്ഷമാകുന്നു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശരത് യാദവ് അസംതൃപ്തരായ ജെഡിയു നേതാക്കളുടെ യോഗം വിളിച്ചു. അതിനിടെ, നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ ആര്‍ജെഡി പാളയത്തില്‍ വിള്ളല്‍ തീര്‍ക്കാന്‍ നിതീഷ് പക്ഷവും ശ്രമം ആരംഭിച്ചു.

ബിജെപിയെ ഒപ്പം കൂട്ടി നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയായതോടെ നിര്‍‌ണായക രാഷ്ട്രീയ നീക്കങ്ങള്‍ക്കാണ് ബീഹാര്‍ സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നത്. നിതീഷിന്‍റെ നിലപാടില്‍ അതൃപ്തി യുള്ള മുതിര്‍ന്ന നേതാവും എംപിയുമായ ശരത് യാദവ് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. നാളെ നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കൂടിക്കാഴ്ച. അസംതൃപ്തരായ മറ്റു ജെഡിയു നേതാക്കളുമായി ശരത് യാദവ് ഉടന്‍ ചര്‍ച്ച നടത്തും. നിതീഷ് ബിജെപിയോടൊപ്പം കൂടിയതില്‍ പാര്‍ട്ടിയുടെ 15 എംഎല്‍എമാര്‍ക്ക് വിയോജിപ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജെഡിയുവിലെ ഈ ഭിന്നിപ്പ് നാളെ വിശ്വാസ വോട്ടെടുപ്പില്‍ വോട്ടാക്കി മാറ്റാനുള്ള ശ്രമം ആര്‍‌ജെഡിയും ആരംഭിച്ചു കഴിഞ്ഞു. ഒപ്പം ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും ആര്‍ജെഡിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാത്ത ഗവര്‍ണറുടെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനും ആര്‍ജെഡി തീരുമാനിച്ചു

ജെഡിയു എംഎല്‍എമാരെ ഒപ്പം കൂട്ടാന്‍ ആര്‍ജെഡി ശ്രമിക്കുന്നതിനിടെ ആര്‍ജെഡി പാളയത്തില്‍ വിള്ളല്‍ തീര്‍ക്കാര്‍ ജെഡിയുവിലെ നിതീഷ് പക്ഷവും ശ്രമം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. നിതീഷിനെ പിന്തുണച്ച് ആര്‍ജെഡി എംഎല്‍എ മഹേശ്വര്‍ യാദവ് ഇതിനകം രംഗത്തെത്തികഴിഞ്ഞു. ആര്‍ജെഡിയിലെ ഭൂരിഭാഗം എംഎല്‍എമാരും തേജസ്വി യാദവിന് എതിരാണെന്നും അഴിമതിയുടെ കറപുരണ്ട തേജ്സ്വിയെ ലാലുപ്രസാദ് യാദവ് സംരിക്ഷിക്കുകയാണെന്നും മഹേശ്വര്‍ പറഞ്ഞു. നിവലില്‍ 132 എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കാനായെന്നാണ് അവകാശവാദവുമായി ബീഹാര്‍ ബിജെപി ഘടകവും രംഗത്തെത്തി.