LiveTV

Live

National

ഭീതിയൊഴിയാതെ ട്രെയിന്‍ യാത്ര ഉപേക്ഷിച്ച് ജുനൈദിന്റെ ഗ്രാമം

ഭീതിയൊഴിയാതെ ട്രെയിന്‍ യാത്ര ഉപേക്ഷിച്ച് ജുനൈദിന്റെ ഗ്രാമം
Summary
ഖന്ദവാലിക്കടുത്തുള്ള ബല്ലാബ്ഗാര്‍ സ്റ്റേഷന്‍ വഴിയാണ് ഡല്‍ഹിയിലേക്കുള്ള ലോക്കല്‍ ട്രെയിനുകള്‍ ദിവസവും കടന്നുപോകുന്നത്. ജോലി ആവശ്യാര്‍ത്ഥവും ഡല്‍ഹിയിലുള്ള ബന്ധുക്കളെ കാണുന്നതിനുമായി സ്ഥിരമായി ഇത്തരം ട്രെയിനുകളെ..

കഴിഞ്ഞ മാസം 22നായിരുന്നു ഡല്‍ഹിയില്‍ നിന്ന് ചെറിയ പെരുന്നാളിനുള്ള സാധനങ്ങളും വാങ്ങി മടങ്ങുകയായിരുന്ന ജുനൈദെന്ന പതിനാറ് വയസുകാരനെ ട്രെയില്‍ വെച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. ട്രെയിന്‍ മുല്ലമാര്‍ക്കുള്ളതല്ലെന്നും മുസ്‌ലിങ്ങള്‍ രാജ്യദ്രോഹികളാണെന്നും വിദ്വേഷപരാമര്‍ശങ്ങള്‍ നടത്തിയായിരുന്നു ആക്രമണം. ആക്രമണം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും കൊലപാതകത്തിന്റെ ഭീതിയിലാണ് ഇപ്പോഴും ജുനൈദിന്റെ ഗ്രാമമായ ഖന്ദവാലിയിലെ ഗ്രാമീണര്‍. ഭീതി മൂലം ജുനൈദിന്റെ കൊലപാതകത്തിനുശേഷം ഇതുവരെ ഈ ഗ്രാമത്തില്‍ നിന്നും ആരും തന്നെ ട്രെയിന്‍ യാത്ര ചെയ്തിട്ടില്ല.

ഭീതിയൊഴിയാതെ ട്രെയിന്‍ യാത്ര ഉപേക്ഷിച്ച് ജുനൈദിന്റെ ഗ്രാമം

ഖന്ദവാലിയിലെ ഗ്രാമീണരെ സംബന്ധിച്ചിടത്തോളം വളരെ ചിലവ് കുറഞ്ഞതും എളുപ്പത്തില്‍ യാത്ര ചെയ്യാവുന്നതുമായ ഗതാഗത സംവിധാനമാണ് ട്രെയിന്‍. ഖന്ദവാലിക്കടുത്തുള്ള ബല്ലാബ്ഗാര്‍ സ്റ്റേഷന്‍ വഴിയാണ് ഡല്‍ഹിയിലേക്കുള്ള ലോക്കല്‍ ട്രെയിനുകള്‍ ദിവസവും കടന്നുപോകുന്നത്. ജോലി ആവശ്യാര്‍ത്ഥവും ഡല്‍ഹിയിലുള്ള ബന്ധുക്കളെ കാണുന്നതിനുമായി സ്ഥിരമായി ഇത്തരം ട്രെയിനുകളെ ആശ്രയിച്ചിരുന്നവരാണ് ഇവര്‍. എന്നാല്‍ ജുനൈദിന്റെ കൊലപാതകം ഗ്രാമീണരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഖന്ദവാലിയിലെ ജനങ്ങളില്‍ ഭൂരിഭാഗവും മുസ്ലിംകളാണെന്നിരിക്കെ വര്‍ഗ്ഗീയ അധിക്ഷേപങ്ങള്‍ നടത്തിയുള്ള കൊലപാതകം ഇവരെ ട്രെയിന്‍ യാത്ര ഒഴിവാക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു.

"അന്നു മുതൽ ഗ്രാമത്തിലെ ആരും ട്രെയിനില്‍ യാത്ര ചെയ്യാന്‍ ധൈര്യപ്പെട്ടിട്ടില്ല. ഇവിടെയുള്ളവരുടെയെല്ലാം ഹൃദയങ്ങളിൽ ആഴത്തില്‍ പേടി കടന്നുകൂടിയിരിക്കുകയാണ്." 50വയസുകാരനായ ജുനൈദിന്റെ പിതാവ് ജലാലുദ്ദീൻ പ്രമുഖ ദേശീയ മാധ്യമത്തോട് പറഞ്ഞു. "എൻറെ മക്കൾ കുർത്തയും തൊപ്പിയും ധരിക്കാറുണ്ട്. താടി വളര്‍ത്തുകയും ചെയ്യാറുണ്ട്. ഒരുപാടാളുകള്‍ യാത്ര ചെയ്യുന്ന ഒരു കമ്പാർട്ടുമെന്റിൽ വെച്ച് അവര്‍ ആക്രമിക്കപ്പെട്ടതിനെ യാദൃശ്ചികമായി കാണാനാവില്ല. ഇവിടത്തുകാര്‍ക്ക് ട്രെയിന്‍ എന്നത് ഇപ്പോള്‍ ഭയത്തിന്റെ ചിഹ്നമായി മാറിക്കഴിഞ്ഞു.'' അദ്ദേഹം പറഞ്ഞു.

പതിനഞ്ചോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് പരിക്കേറ്റ ജുനൈദിന്റെ സഹോദരങ്ങള്‍ മൊഴി നല്‍കിയിരുന്നു. ദൃക്സാക്ഷികളാവാന്‍ ആരും തയ്യാറാകാത്തത് കേസന്വേഷണത്തിന് തിരിച്ചടിയാകുന്നതായി പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തതോടെ കേസന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പൊലീസിന്റെ നിഗമനം.