LiveTV

Live

National

ജി.എസ്.ടി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ബഹിഷ്കരിക്കുമെന്ന് കോണ്‍ഗ്രസ്

ജി.എസ്.ടി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ബഹിഷ്കരിക്കുമെന്ന് കോണ്‍ഗ്രസ്
Summary
രാഷ്ട്രപതി ഉള്ളപ്പോള്‍ പ്രധാനമന്ത്രി ജി.എസ്.ടി പ്രാബല്യത്തില്‍ വരുന്നതായി പ്രഖ്യാപിക്കുന്നത് എങ്ങിനെയെന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്.

ജി.എസ്.ടി നടപ്പാക്കുന്നതിന് മുന്നോടിയായി സമ്മേളിക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ബഹിഷ്കരിക്കുമെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാവ് സത്യവ്രത് ചതുര്‍വേദിയാണ് അക്കാര്യം അറിയിച്ചത്. കോണ്‍ഗ്രസ് ഉന്നതാധികാര സമിതി യോഗത്തിനുശേഷമായിരിക്കും ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുക. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ബഹിഷ്കരിക്കുമെന്ന് ത്രിണമൂല്‍ കോണ്‍ഗ്രസും ഡിഎംകെയും വ്യക്തമാക്കിയിരുന്നു.

ഏകീകൃത നികുതി വ്യവസ്ഥയായ ജി.എസ്.ടി നടപ്പാക്കുന്നതിനായി അര്‍ധ രാത്രി ചേരുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനം കോണ്‍ഗ്രസ് ബഹിഷ്കരിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാവ് സത്യവ്രത് ചതുര്‍വേദിയുടെ പ്രതികരണം. രാഷ്ട്രപതി ഉള്ളപ്പോള്‍ പ്രധാനമന്ത്രി ജി.എസ്.ടി പ്രാബല്യത്തില്‍ വരുന്നതായി പ്രഖ്യാപിക്കുന്നത് എങ്ങിനെയെന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്.

ജി.എസ്.ടിയോളമോ അതിലധികമോ പ്രാധാന്യമുള്ള തീരുമാനങ്ങളും പ്രഖ്യാപനങ്ങളും ഉണ്ടായിട്ടും അര്‍ധരാത്രി സമ്മേളനം ചേര്‍ന്നിട്ടില്ല. ആശങ്കളേറെ ഉള്ളതിനാല്‍ പകല്‍ സമയത്ത് സമ്മേളനം ചേര്‍ന്ന് ജി.എസ്.ടിയില്‍ ക്രിയാത്മകമായ ചര്‍ച്ച ആവശ്യമാണെന്നാണ് പ്രതിപക്ഷ ആവശ്യം. കോണ്‍ഗ്രസിലെ ഭൂരിഭാഗം എംപിമാര്‍ക്കും സമ്മേളനം ബഹിഷ്കരിക്കണമെന്ന അഭിപ്രായമാണുള്ളത്. ഇക്കാര്യത്തില്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെ അഭിപ്രായവും കോണ്‍ഗ്രസ് തേടിയിട്ടുണ്ടെന്നാണ് വിവരം.