ആധാര്‍ ദുരുപയോഗം ചെയ്യുമെന്ന പേടിയുണ്ടോ ? നിങ്ങളുടെ ആധാര്‍ ലോക്ക് ചെയ്യാം...

ഒരു വ്യക്തിയുടെ മുഴുവന്‍ സ്വകാര്യതയും ഒരു ചെറിയ കടലാസിലേക്ക് ഒതുക്കുന്നതാണ് ആധാര്‍. വിരലടയാളവും കണ്ണിലെ കൃഷ്ണമണിയുടെ വിവരങ്ങളും അടങ്ങുന്ന ബയോമെട്രിക് ഉള്ളടക്കമാണ് ആധാറിനുള്ളത്. ഒരു വിരലടയാളം മതി നിങ്ങളുടെ മുഴുവന്‍ വിവരങ്ങളും ലഭിക്കാന്‍. റിലയന്‍സിന്റെ ജിയോ വന്നതിനു ശേഷം സിം കാര്‍ഡ് എടുക്കുന്നതിന് തിരിച്ചറിയല്‍ രേഖക്ക് പകരം വിരലടയാളം പതിപ്പിക്കുന്നതിലൂടെ ആധാര്‍ വിവരങ്ങള്‍ സ്വീകരിച്ച് നടപടിക്രമങ്ങള്‍ എളുപ്പത്തിലാക്കാനുള്ള രീതിയിലേക്ക് മിക്ക ടെലികോം കമ്പനികളും മാറിക്കഴിഞ്ഞു. വിരലടയാളം നല്കിയാലുള്ള ഗുണം, അപേക്ഷ ഫോം പൂരിപ്പിക്കുകയോ ഫോട്ടോ ഒട്ടിക്കുകയോ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പെടുത്ത് നല്‍കുകയോ ഒന്നും വേണ്ട. കാര്യങ്ങള്‍ എളുപ്പത്തിലാക്കും.

എന്നാല്‍ ഈ രീതി ഗുണത്തേക്കാളേറെ ദോഷം ചെയ്യാനും സാധ്യതയുണ്ട്. ഇത്തരത്തില്‍ വിരലടയാളം നല്‍കുന്നതിലൂടെ ആധാറില്‍ നല്‍കിയിരിക്കുന്ന നിങ്ങളുടെ നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ നിങ്ങളുടെ ആധാര്‍ ദുരുപയോഗം ചെയ്യുമെന്ന് പേടിയുള്ളവര്‍ അറിയാന്‍, ആധാറിനെ സുരക്ഷിതമാക്കാന്‍ ഒരു വഴിയുണ്ട്. ആധാറിലെ വിവരങ്ങള്‍ വ്യക്തികളുടെ അനുമതിയില്ലാതെ ചോര്‍ത്തുന്നത് തടയാനുള്ള ഓണ്‍ലൈന്‍ സംവിധാനമാണിത്. https://resident.uidai.gov.in/biometric-lock എന്ന യുഐഡിഎഐ വെബ്സൈറ്റില്‍ കയറി നമ്മുടെ 12 അക്ക ആധാര്‍ നമ്പര്‍ രേഖപ്പെടുത്തണം. തുടര്‍ന്ന് ആധാര്‍കാര്‍ഡ് നമ്പറിന് താഴെ കാണിക്കുന്ന ചിത്രത്തിലെ സുരക്ഷാ കോഡ് (captcha) കൊടുക്കുക. ഇതു കൊടുത്തു കഴിഞ്ഞാല്‍ നിങ്ങളുടെ ഫോണിലേക്ക് ഒരു ഒടിപി സന്ദേശമെത്തും. ആധാര്‍ കാര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ നമ്പറിലേക്കാണ് മെസേജ് എത്തുക. ഇതിലെ രഹസ്യ കോഡ് രേഖപ്പെടുത്തിയ ശേഷം വെരിഫൈ ബട്ടണ്‍ അമര്‍ത്തുക. അതിനു ശേഷം എനേബിള്‍ ബയോമെട്രിക് ലോക്കിങ് എന്ന ബട്ടനില്‍ ക്ലിക്ക് ചെയ്യുക. ഇതോടെ ആധാര്‍ വിവരങ്ങള്‍ ലോക്കാകും. എന്നാല്‍ ഇതു കൊണ്ട് മാത്രം പൂര്‍ണമായും ആധാര്‍ സുരക്ഷിതമായെന്ന് പറയാന്‍ കഴിയില്ല. എങ്കിലും നിങ്ങളുടെ ആധാര്‍ വിവരങ്ങള്‍ ഇതിനു ശേഷം ശേഖരിക്കണമെങ്കില്‍ നിങ്ങളുടെ ഫോണിലേക്ക് വരുന്ന ഒടിപി നമ്പറുണ്ടെങ്കില്‍ മാത്രമെ കഴിയൂ.