LiveTV

Live

National

''പെരുന്നാള്‍ ആഘോഷിക്കാന്‍ നില്‍ക്കാതെ അവന്‍ പോയി.. ഇനി ഞങ്ങള്‍ക്കെന്ത് പെരുന്നാള്‍?''

''പെരുന്നാള്‍ ആഘോഷിക്കാന്‍ നില്‍ക്കാതെ അവന്‍ പോയി.. ഇനി ഞങ്ങള്‍ക്കെന്ത് പെരുന്നാള്‍?''
Summary
ട്രെയിൻ യാത്രക്കിടെയുണ്ടായ ബീഫ്​ സംബന്ധിച്ച തർക്കത്തിനിടെ കൊല്ലപ്പെട്ട ജുനൈദിന്‍റെ ഉമ്മ ചോദിക്കുന്നു
''പെരുന്നാള്‍ ആഘോഷിക്കാന്‍ നില്‍ക്കാതെ അവന്‍ പോയി.. ഇനി ഞങ്ങള്‍ക്കെന്ത് പെരുന്നാള്‍?''

മൂന്നുവര്‍ഷത്തെ ഖുര്‍ആന്‍ പഠനം പൂര്‍ത്തിയാക്കിയാണ് ജുനൈദും ഹാഷിമും ഹാഫിള് ബിരുദം കരസ്ഥമാക്കിയത്. അതിനുള്ള സമ്മാനമായാണ് അവരുടെ ഉമ്മ അവര്‍ക്ക് 1500 രൂപ നല്‍കിയതും. ഹാഫിള് ആയതിനുശേഷമുള്ള ആദ്യ പെരുന്നാള്‍.. അത് നല്ലരീതിയില്‍ ആഘോഷിക്കണമെന്ന് അവര്‍ ആഗ്രഹിച്ചു. ഷോപ്പിംഗിനായി പോകുമ്പോള്‍ കൂടെ ഡല്‍ഹി ജുമഃമസ്ജിദും സന്ദര്‍ശിക്കണമെന്നായിരുന്നു അവര്‍ കരുതിയത്. ഇരുട്ടുംമുമ്പ് തിരിച്ചെത്തുമെന്ന് ഉമ്മയ്ക്ക് വാക്കും നല്‍കി.

ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലെ ഖദ്ദവാലി ഗ്രാമത്തിലെ വീട്ടിലേക്ക് ജുനൈദ് ഇനി തിരിച്ചെത്തില്ലെന്ന് അവന്‍റെ ഉമ്മയ്ക്കറിയാം. ട്രെയിൻ യാത്രക്കിടെയുണ്ടായ ബീഫ്​ സംബന്ധിച്ച തർക്കത്തിനിടെ അവന് നഷ്ടമായത് അവന്‍റെ ജീവനാണ്. സഹോദരൻമാരായ ഹാഷിമിനും ഷക്കീറിനും സംഭവത്തിൽ പരിക്കേറ്റു. ഡൽഹിയിൽ നിന്ന്​ ഹരിയാനയിലെ ബല്ലഭ്​ഗട്ടിലേക്കുള്ള ​യാത്രക്കിടെ ഓഖ്​ലയിൽ വെച്ചായിരുന്നു ​സംഭവം.

ആഗ്രഹം പോലെ ഡൽഹിയിൽ നിന്ന്​ ഷോപ്പിംഗ്​ കഴിഞ്ഞ്​ മടങ്ങുകയായിരുന്നു മൂവരും. ഗാസിയാബാദ്​-ഡൽഹി-മഥുര ട്രെയിനിലായിരുന്നു തിരിച്ചുള്ള യാത്ക​. ഓഖ്​​ല സ്​റ്റേഷനില്‍ നിന്നു കയറിയ യാത്രക്കാരുമായി സീറ്റിനെ ചൊല്ലി​യുണ്ടായ തർക്കം​ ബീഫിലെത്തി നില്ക്കുകയായിരുന്നു. ആ വാക്‍തര്‍ക്കം പിന്നീടെത്തി നിന്നത് കത്തിക്കുത്തിലാണ്.. മാരകമായി പരിക്കേറ്റ ജുനൈദ് ആശുപത്രിയിലെത്തിക്കും മുമ്പേ മരിച്ചു​. രണ്ടു സഹോദരൻമാര്‍ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.

രാജ്യദ്രോഹികളെന്നും, ബീഫ് തീറ്റക്കാരെന്നും ആവര്‍ത്തിച്ച് ആക്രോശിച്ചായിരുന്നു ക്രൂരമര്‍ദ്ദനം. വിശ്വാസത്തിന്‍റെ ഭാഗമായി അവര്‍ ധരിച്ചിരുന്ന തൊപ്പി അക്രമികള്‍ ഊരി വലിച്ചെറിഞ്ഞു. താടി പിടിച്ചുവലിച്ച് മുല്ലയെന്ന് പറഞ്ഞ് പരിഹസിച്ചു.

''പെരുന്നാള്‍ ആഘോഷിക്കാന്‍ നില്‍ക്കാതെ അവന്‍ പോയി.. ഇനി ഞങ്ങള്‍ക്കെന്ത് പെരുന്നാള്‍?''

''പെരുന്നാളിന് മുമ്പ് ബിരുദം നേടാന്‍ സാധിച്ചതില്‍ അവന്‍ അത്രയും സന്തോഷവാനായിരുന്നു. നോമ്പ് ആരംഭിച്ചതുമുതല്‍ അവനും ഹാഷിമും എല്ലാ ദിവസവും പള്ളിയില്‍ പോയി ഖുര്‍ആന്‍ പാരായണം ചെയ്യുമായിരുന്നു. പെരുന്നാളിന് പള്ളിയില്‍ പോകുമ്പോള്‍ പുതുവസ്ത്രങ്ങള്‍ വേണമെന്ന് അവര്‍ ആഗ്രഹിച്ചിരുന്നു. അന്നേക്ക് മധുരം വിളമ്പാനായി സേമിയയും മുട്ടായികളും വാങ്ങിവരാനും ഉമ്മ അവരോട് പറഞ്ഞേല്‍പ്പിച്ചിരുന്നു. വേഗം വരുമെന്ന് പറഞ്ഞാണ് അവന്‍ പോയത്.. പക്ഷേ, തിരിച്ചെത്തിയത് ജീവനറ്റ്... എങ്ങനെയാണ് അവര്‍ക്ക് എന്‍റെ മകന്‍റെ ശരീരത്തോട് ഇത്ര ക്രൂരമായി പെരുമാറാന്‍ കഴിഞ്ഞത്...'' -വിങ്ങിപ്പൊട്ടിക്കൊണ്ട് ചോദിക്കുന്നു ജുനൈദിന്‍റെ പിതാവ് ജല്ലാലുദ്ദീന്‍.

''അവന്‍ കുഞ്ഞല്ലേ.. 16 വയസ്സേ ആയിട്ടുള്ളൂ അവന്.. അവര്‍ക്കെങ്ങനെയാണ് ഞങ്ങളോട് ഇത്രയും വെറുപ്പും ദേഷ്യവും തോന്നിയത്. അവനെ ഇത്ര ക്രൂരമായി കൊല്ലാന്‍ തോന്നിയത്... ഞാന്‍ അവിടെ എത്തിയപ്പോള്‍ ജുനൈദിന്‍റെ രക്തത്തില്‍ കുളിച്ച ജീവനില്ലാത്ത ശരീരത്തെ മടിയില്‍ വെച്ച് നിലവിളിക്കുകയായിരുന്നു ഹാഷിം..'' -ജല്ലാലുദ്ദീന്‍ കൂട്ടിച്ചേര്‍ച്ചു.

''ജുനൈദിന്‍റെ ജേഷ്ഠനായ ഷക്കീറാണ് എന്നെ വിളിച്ച് ബല്ലബ്ഗര്‍ സ്റ്റേഷനിലെത്താന്‍ പറയുന്നത്. പ്രശ്നമുണ്ടായതിനെ കുറിച്ചൊന്നും പറഞ്ഞിരുന്നില്ല.. അവനെവിടെയോ പോകാനുണ്ടെന്നും കുട്ടികളെ കൂട്ടാനായി സ്റ്റേഷനിലേക്ക് എന്നോട് എത്തണമെന്നും മാത്രമാണ് പറഞ്ഞത്. ഞാനെത്തുമ്പോഴേക്കും ട്രെയിന്‍ പോയിരുന്നു. കുട്ടികളെ അവിടെയെവിടെയും കണ്ടതുമില്ല.. ഷക്കീറിനെ ഫോണില്‍ വിളിച്ചെങ്കിലും അവന്‍ ഫോണെടുത്തതുമില്ല... ജുനൈദിന്‍റെയും ഹാഷിമിന്‍റെയും ഫോണില്‍ വിളിച്ചു.. ആരും എടുത്തില്ല.. അവര്‍ അവിടെ നിന്നും പോയിട്ടുണ്ടാകുമെന്നാണ് ഞാന്‍ കരുതിയത്. അവര്‍ അവരുടെ ജീവനുവേണ്ടി പൊരുതിക്കൊണ്ടിരിക്കുകയാണെന്ന് ആരറിയാന്‍.'' - ആ പിതാവ് പറയുന്നു.

''പെരുന്നാള്‍ ആഘോഷിക്കാന്‍ നില്‍ക്കാതെ അവന്‍ പോയി.. ഇനി ഞങ്ങള്‍ക്കെന്ത് പെരുന്നാള്‍?''

മകന്‍റെ മരണവിവരം അറിഞ്ഞതുമുതല്‍ സൈറയെന്ന ഉമ്മ മാനസികനില തെറ്റിയവളെപ്പോലെയാണ് പെരുമാറുന്നത്... വെള്ളിയാഴ്ച രാവിലെ വരെ അവരെ കാര്യങ്ങളൊന്നും അറിയിച്ചിരുന്നില്ല.. അനുശോചസൂചകമായി ഗ്രാമത്തിലെ സ്ത്രീകള്‍ തന്നെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ മുതല്‍ ആകെ അമ്പരപ്പിലായിരുന്നു സൈറ.

''സ്ത്രീകളെല്ലാവരും വീട്ടില്‍ വരുന്നു.. ജുനൈദിനെ പറ്റി പറയുന്നു.. എല്ലാവരും പറയുന്നു അവന്‍ അങ്ങനെയായിരുന്നു... ഇങ്ങനെയായിരുന്നു എന്നൊക്കെ.. അവന്‍റെ കഴിഞ്ഞുപോയ കാലങ്ങളെപ്പറ്റി അവരെല്ലാവരും പറഞ്ഞപ്പോ തന്നെ എന്‍റെ കുഞ്ഞിന് എന്തോ പറ്റിയെന്ന് എനിക്ക് തോന്നിയതാണ്. പക്ഷേ ആരും എന്നോടൊന്നും പറഞ്ഞില്ല... അവര്‍ക്കൊക്കെ എങ്ങനെയാണ് ഇക്കാര്യം എന്നില്‍ നിന്ന് മറച്ചുപിടിക്കാന്‍ കഴിഞ്ഞത്...'' കണ്ണുനീരിനിടെ അവര്‍ പറഞ്ഞൊപ്പിക്കുന്നു.

''അവന്‍റെ ജീവനില്ലാത്ത ശരീരം വീട്ടിലെത്തിയപ്പോള്‍ മാത്രമാണ് ഞാന്‍ സത്യം അറിഞ്ഞത്.. അവന്‍ രാത്രി വീട്ടിലെത്താതെയായപ്പോള്‍ തന്നെ ഞാന്‍ അവന്‍റെ ഉപ്പയോട് ചോദിച്ചാണ്, പക്ഷേ എല്ലാവരും ഉത്തരം തരാതെ ഒഴിഞ്ഞുമാറുകയായിരുന്നു.''

''ഇനി ഞങ്ങള്‍ക്കെന്ത് പെരുന്നാള്‍... അവന്‍ ഹാഫിള് ആയതിന് ശേഷമുള്ള ആദ്യ പെരുന്നാള്‍.. ശരിക്കും ആഘോഷിക്കാനിരുന്നതാണ് ഞങ്ങള്‍.... പക്ഷേ ആ ആഘോഷത്തിന് ഒരു ദിവസം മുമ്പ് അവന്‍ പോയി... ഇതെങ്ങനെ നീതികരിക്കാനാകും.. ഈ നഷ്ടം ഇനി ഞാനെങ്ങനെ നികത്തും?....'' ആ ഉമ്മ ചോദിക്കുന്നു.