LiveTV

Live

National

യുപിയിലെ 'പാക് അധിനിവേശ കശ്മീര്‍'

യുപിയിലെ 'പാക് അധിനിവേശ കശ്മീര്‍'
Summary
അധികൃതരുടെ കണ്ണ് തുറപ്പിക്കാനാണ് ഗ്രാമീണര്‍ വ്യത്യസ്തമായ പ്രതിഷേധത്തിന് ഒരുങ്ങുന്നത്

അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് ഉത്തര്‍പ്രദേശിലെ സിമ്രാന്‍പൂര്‍ ഗ്രാമത്തിന്‍റെ പേര് പാക് അധിനിവേശ കശ്മീര്‍ എന്നാക്കി മാറ്റാന്‍ ഗ്രാമീണര്‍ തീരുമാനിച്ചു. അധികൃതരുടെ കണ്ണ് തുറപ്പിക്കാനാണ് ഗ്രാമീണര്‍ വ്യത്യസ്തമായ പ്രതിഷേധത്തിന് ഒരുങ്ങുന്നത്.

വൈദ്യുതിയും നല്ല റോഡുകളും സ്‌കൂളുകളും ആശുപത്രികളുമൊന്നും ഗ്രാമത്തിലില്ല. ഗ്രാമത്തില്‍ ഒരു വീട്ടിലും വൈദ്യുതിയില്ല. 30 പേര്‍ക്ക് മാത്രമാണ് റേഷന്‍ കാര്‍ഡുള്ളത്. അവര്‍ക്കു പോലും മണ്ണെണ്ണ കൃത്യമായി ലഭിക്കുന്നില്ല. ഈ സൌകര്യങ്ങളൊക്കെ ലഭിക്കുംവരെ ഗ്രാമത്തെ പാക് അധിനിവേശ കശ്മീരെന്ന് വിളിക്കാനാണ് ഗ്രാമീണരുടെ തീരുമാനം.

യോഗം ചേര്‍ന്നാണ് ഗ്രാമത്തിന്‍റെ പേര് മാറ്റാന്‍ തീരുമാനിച്ചതെന്ന് ഗ്രാമീണര്‍ വ്യക്തമാക്കി. 800 പേരാണ് ഗ്രാമത്തിലുള്ളത്. പാക് അധീന കശ്മീരിലെ ജനങ്ങളുടെ ദുരിതത്തെ കുറിച്ച് കേട്ടിട്ടുണ്ടെന്നും തങ്ങളുടെ അവസ്ഥ സമാനമാണെന്നും ഗ്രാമീണര്‍ പറഞ്ഞു. ബിജെപി എംഎല്‍എ അഭിജീത് സിങിനെ സമീപിച്ച് ദുരിതം പറഞ്ഞിട്ടും ഒരു പ്രയോജനവുണ്ടായില്ല.

അടിസ്ഥാന സൌകര്യങ്ങളില്ലാത്തതിനാല്‍ ഈ ഗ്രാമത്തിലെ യുവാക്കള്‍ക്ക് വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികളെ കിട്ടുന്നില്ല. ഈ ഗ്രാമത്തിലെ പെണ്‍കുട്ടികളെ വിവാഹം ചെയ്യാന്‍ മറ്റ് ഗ്രാമങ്ങളിലെ യുവാക്കളും തയ്യാറല്ല. അധികൃതരുടെ കണ്ണ് തുറപ്പിക്കാന്‍ വേറെ വഴിയില്ലാത്തതുകൊണ്ടാണ് തങ്ങള്‍ പാക് അധിനിവേശ കശ്മീര്‍ പ്രചരണം തുടങ്ങിയതെന്ന് ഗ്രാമീണര്‍ പറഞ്ഞു.