ബിജെപിയെ വെറുതെ കൊതിപ്പിച്ചു, രജനികാന്ത് ബിജെപിയില്‍ ചേരില്ല; രാഷ്ട്രീയ പ്രവേശം ജൂലൈയില്‍

അഭ്യൂഹങ്ങള്‍ക്ക് അന്ത്യം കുറിച്ച് ദക്ഷിണേന്ത്യന്‍ സൂപ്പര്‍ താരം രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശത്തില്‍ ഏകദേശ ധാരണയായെന്ന് റിപ്പോര്‍ട്ട്. ജൂലൈ അവസാനത്തോടെ തന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയെ രജനികാന്ത് പ്രഖ്യപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. രജനികാന്തിന്റെ സഹോദരന് സത്യനാരായണ റാവു ഗെയ്ക്വാദാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ കുറേ നാളുകളായി ആരാധകരുമായി നേരിട്ട് സംവദിക്കുമ്പോഴൊക്കെ താരത്തിന്റെ രാഷ്ട്രീയ പ്രവേശമാണ് ചര്‍ച്ചാവിഷയമായിരുന്നത്. രജനികാന്ത് രാഷ്ട്രീയത്തില്‍ വരണമെന്നത് തമിഴ് ജനതയുടെ ആഗ്രഹമാണെന്നും ആരാധകരുമായി ഇക്കാര്യത്തില്‍ ഏകദേശ തീരുമാനമായെന്നും റാവു പറഞ്ഞു.

തമിഴ്നാടിന് ഇപ്പോള്‍ ആവശ്യം നിസ്വര്ഥരായ രാഷ്ട്രീയ നേതാക്കളെയാണെന്നും പക്ഷേ നിലവിലെ ഭരണസംവിധാനം ചീഞ്ഞുനാറുന്ന അവസ്ഥയിലാണെന്നും രജനികാന്ത് അടുത്തിടെ പറഞ്ഞിരുന്നു. ഈ അവസ്ഥക്ക് മാറ്റമുണ്ടാകാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനും ഒരു പോരാട്ടത്തിന് തന്നെ തയാറെടുക്കാനും താരം ആഹ്വാനം ചെയ്തിരുന്നു. ഉടന്‍ തന്നെ കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും ഇതിനു ശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് റാവു പറഞ്ഞത്. രാഷ്ട്രീയം രജനിക്ക് തൊഴിലായിരിക്കില്ലെന്നും അഴിമതിക്കാരെ തുടച്ചുനീക്കാനുള്ള ദൌത്യമായിരിക്കുമെന്നും റാവു വ്യക്തമാക്കി. സർക്കാർ പ്രഖ്യാപിക്കുന്ന സഹായധനമൊന്നും അർഹരായവർക്ക് ലഭിക്കുന്നില്ലെന്നും റാവു പറഞ്ഞു.
നേരത്തെ, രജനികാന്തിനെ ബിജെപിയിലേക്ക് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ക്ഷണിച്ചിരുന്നു. ഇതിനു പിന്നാലെ ബിജെപി അധ്യക്ഷന്‍ അമിത് ഷായും രജനികാന്തിനെ പാര്‍ട്ടിലേക്ക് സ്വാഗതം ചെയ്തു. ഇതിനിടെ മോദിയുമായി രജനികാന്ത് കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ഇതോടെയാണ് രജനികാന്ത് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിജെപിയെ കൊതിപ്പിച്ച് കടന്നുകളയുകയാണ് താരം.