LiveTV

Live

National

പരസ്പരം തണല്‍ വിരിച്ചൊരു പ്രണയം..മുന്‍ ലൈംഗികത്തൊഴിലാളി വികലാംഗനായ യാചകന് ജീവിതമായപ്പോള്‍

 പരസ്പരം തണല്‍ വിരിച്ചൊരു പ്രണയം..മുന്‍ ലൈംഗികത്തൊഴിലാളി വികലാംഗനായ യാചകന് ജീവിതമായപ്പോള്‍
Summary
പ്രശസ്ത ഡോക്യുമെന്ററി ഫോട്ടോഗ്രാഫറായ ജിഎംബി ആകാശാണ് ഈ ദമ്പതിമാരെ പുറംലോകത്തിന് പരിചയപ്പെടുത്തിയത്

പെട്ടെന്നൊരു ദിവസം തോന്നിയൊരു പ്രണയമല്ലായിരുന്നു അത്...അതുകൊണ്ട് തന്നെ പെട്ടെന്നൊരു നാള്‍ ഉപേക്ഷിച്ച് പോകാനും സാധിക്കില്ലായിരുന്നു അവര്‍ക്ക്. പരസ്പരം താങ്ങായി തണലായി ലോകം മുഴുവന്‍ പ്രണയം പടര്‍ത്തി അവരങ്ങിനെ ജീവിക്കുകയാണ്.. സൌന്ദര്യം പോരെന്നും സാമ്പത്തികമില്ലെന്നും പറഞ്ഞ് നിരന്തരം പോരടിക്കുന്ന ദമ്പതിമാര്‍ക്ക് മുന്നില്‍ മാതൃകയാണ് ഇവര്‍. മുന്‍ ലൈംഗികത്തൊഴിലാളിയായ രാജിയ ബീഗവും യാചകനായ അബ്ബാസ് മിയായും. ബന്ധങ്ങള്‍ക്ക് പച്ചവെള്ളത്തിന്റെ പോലും കട്ടിയില്ലാത്ത ഇന്നത്തെ ലോകത്ത് ഇവരുടെ സ്നേഹബന്ധം നിങ്ങളെ അത്ഭുതപ്പെടുത്തും..ഒരു പക്ഷേ ഒന്നു കൂടി ചിന്തിക്കാന്‍ പ്രേരിപ്പിക്കും..

 പരസ്പരം തണല്‍ വിരിച്ചൊരു പ്രണയം..മുന്‍ ലൈംഗികത്തൊഴിലാളി വികലാംഗനായ യാചകന് ജീവിതമായപ്പോള്‍

രാജിയ ബീഗത്തിന്റെ കഥ കേള്‍ക്കാം

എന്നെ സംബന്ധിച്ചിടത്തോളം ഇനിയൊരു പ്രണയത്തില്‍ വീഴുക എന്നത് തികച്ചു അസാധ്യകരമായൊരു കാര്യമായിരുന്നു. പോരെങ്കില്‍ ഞാനൊരു ലൈംഗികത്തൊഴിലാളിയും. കാരണം ജീവിതത്തെക്കുറിച്ച് ഞാന്‍ നന്നായി മനസിലാക്കിക്കഴിഞ്ഞിരുന്നു. അത്രക്ക് ഞാന്‍ സഹിച്ചിട്ടുണ്ട്. എന്റെ പ്രായത്തെക്കുറിച്ചോ, മാതാപിതാക്കള്‍ എവിടെയാണ് എന്നതിനെക്കുറിച്ചോ എനിക്ക് ഇപ്പോഴും അറിയില്ല. തെരുവിലാണ് എന്റെ ജീവിതം. എന്റെ മകളാണ് എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരേയൊരു ഘടകം. ഞാന്‍ ഒരു അഭിസാരികയാണെന്ന് അവളോട് ഞാനൊരിക്കലും പറഞ്ഞിട്ടില്ല. അവളൊരു സുന്ദരിയായ മിടുക്കിക്കുട്ടിയാണ്. അവളോട് നുണ പറയുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്തെങ്കിലും പറഞ്ഞാല്‍ അവള്‍ ചിരിക്കും. രാത്രിയില്‍ ഞാനെവിടെയാണ് ജോലിക്ക് പോകുന്നത് അവള്‍ പലപ്പോഴും ചോദിച്ചിട്ടുണ്ട്. അവളോട് മറുപടി പറയാന്‍ പലപ്പോഴും എനിക്ക് സാധിക്കാറില്ല, എങ്കിലും ചിലപ്പോള്‍ പറയും. രാത്രിയില്‍ ജോലി ചെയ്യാന്‍ എനിക്കിഷ്ടമല്ലെന്ന്. ആ വൃത്തികെട്ട സംഘത്തില്‍ നിന്നും പുറത്തുകിടക്കണമെന്ന് ഞാന്‍ പലവട്ടം ആഗ്രഹിച്ചിട്ടുണ്ട്, കുറെ പ്രാവശ്യം രക്ഷപെടാന്‍ ശ്രമിച്ചു. ആരും എന്നെ രക്ഷപെടുത്താന്‍ വരില്ലെന്നും അറിയാം. ഇവിടെ നിന്ന് രക്ഷപെട്ടാല്‍ ഞാന്‍ എങ്ങോട്ട് പോകും, എങ്ങിനെ ജീവിക്കും ..ആ ചിന്തയാണ് ആ ശ്രമത്തില്‍ നിന്നും പിന്തിരിപ്പിച്ചത്.

അന്നൊരു മഴ ദിവസമായിരുന്നു, കോരിച്ചൊരിയുന്ന മഴ...ഒരു മരത്തിന് താഴെ നില്‍ക്കുകയായിരുന്നു ഞാന്‍..മരത്തിന്റെ അരികിലായി ഒരു വീല്‍ ചെയറില്‍ ഒരു യാചകനും ഇരിക്കുന്നുണ്ടായിരുന്നു. അയാള്‍ ഇരിക്കുന്നത് എന്തുകൊണ്ടോ എന്റെ ശ്രദ്ധയില്‍ പെട്ടില്ല, അവിടെ ആരുമില്ലെന്ന് വിചാരിച്ച് ഞാന്‍ ഉച്ചത്തില്‍ കരഞ്ഞു, അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു. എത്ര നേരം കരഞ്ഞുവെന്ന് അറിയില്ല..വീല്‍ചെയറില്‍ ഇരുന്ന ആള്‍ ചുമച്ചപ്പോഴാണ് സ്ഥലകാല ബോധം വന്നത്. ഞാന്‍ കണ്ണീര്‍ പോലും തുടയ്ക്കാതെ അയാളോട് നിങ്ങള്‍ക്ക് തരാന്‍ എന്റെ കയ്യില്‍ പണമില്ലെന്ന് പറഞ്ഞു. എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് 50 രൂപ എന്റെ കയ്യില്‍ വച്ചുതന്നുകൊണ്ട് എന്നോട് വീട്ടില്‍ പോകാനാണ് അയാള്‍ പറഞ്ഞത്. ഞാന്‍ ശരിക്കും കരഞ്ഞുപോയി..എന്നെ ഉപയോഗിക്കാതെ ആദ്യമായിട്ടാണ് എനിക്കൊരാള്‍ പണം തരുന്നത്. വീണ്ടും ഞാന്‍ ഉച്ചത്തില്‍ കരഞ്ഞു.

പിന്നീട് ആ മരത്തിന് താഴെ എന്നും ഞാനയാളെ തിരയാറുണ്ടായിരുന്നു, പക്ഷേ കണ്ടില്ല, വികലാംഗനായതുകൊണ്ട് അദ്ദേഹത്തിന്റെ ഭാര്യ അയാളെ ഉപേക്ഷിച്ച് പോയതാണെന്ന് പിന്നീട് ഞാനറിഞ്ഞു. ഇനിയൊരു പ്രണയം സാധ്യമല്ലെങ്കിലും ജീവിതകാലം മുഴുവന്‍ ഞാന്‍ നിങ്ങള്‍ക്ക് തുണയാകട്ടെ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. എന്നാല്‍ പ്രണയമില്ലാതെ ഈ വീല്‍ ചെയര്‍ തള്ളാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് ചിരിച്ചുകൊണ്ട് അദ്ദേഹം മറുപടി പറഞ്ഞു. അങ്ങിനെ ഞങ്ങള്‍ വിവാഹിതരായി..നാല് വര്‍ഷം കഴിഞ്ഞു വിവാഹം കഴിഞ്ഞിട്ട്. ഇനിയൊരിക്കലും നിന്നെ കരയിക്കില്ല എന്നായിരുന്നു വിവാഹ വേളയില്‍ അദ്ദേഹം എന്നോട് പറഞ്ഞത്. ചിലപ്പോള്‍ ഉച്ചക്ക് കഴിക്കാന്‍ ഞങ്ങള്‍ക്ക് ഭക്ഷണമുണ്ടാകാറില്ല. ഇന്ന് ഒരു പ്ലേറ്റ് ചോട്ട് പാട്ടി മാത്രമാണ് കിട്ടിയത്, ഞങ്ങള്‍ അത് പങ്കിട്ട് കഴിച്ചു. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ നിരവധി കഷ്ടപ്പാടുകള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ ഒരിക്കലും ഞാന്‍ കരഞ്ഞിട്ടില്ല, കരയാന്‍ അദ്ദേഹം അനുവദിച്ചിട്ടില്ല...ചെറുപുഞ്ചിരിയോടെ രാജിയ പറയുന്നു.

പ്രശസ്ത ഡോക്യുമെന്ററി ഫോട്ടോഗ്രാഫറായ ജിഎംബി ആകാശാണ് ഈ ദമ്പതിമാരെ പുറംലോകത്തിന് പരിചയപ്പെടുത്തിയത്. ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ആകാശിന്റെ പോസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രണ്ടായിരത്തിനോട് അടുത്ത് ആളുകള്‍ പോസ്റ്റ് ഷെയര്‍ ചെയ്തുകഴിഞ്ഞു.