LiveTV

Live

National

'ആദിവാസി പെണ്‍കുട്ടികളെ വിവസ്ത്രരാക്കി ഷോക്കടിപ്പിക്കാറുണ്ട്'; പൊലീസിനെതിരെ ജയില്‍ ഉദ്യോഗസ്ഥ

'ആദിവാസി പെണ്‍കുട്ടികളെ വിവസ്ത്രരാക്കി ഷോക്കടിപ്പിക്കാറുണ്ട്'; പൊലീസിനെതിരെ ജയില്‍ ഉദ്യോഗസ്ഥ
Summary
എന്തിനാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ മൂന്നാംമുറ പ്രയോഗിക്കുന്നത്? റായ്പൂര്‍ സെന്‍ട്രല്‍ ജയിലിലെ ഡപ്യൂട്ടി ജയിലര്‍ വര്‍ഷ ഡോങ്ക്രെ ചോദിക്കുന്നു

ഛത്തിസ്ഗഡില്‍ ആദിവാസി പെണ്‍കുട്ടികള്‍ക്കെതിരായ പൊലീസ് ക്രൂരത വെളിപ്പെടുത്തി സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ ഫേസ് ബുക്ക് പോസ്റ്റ്. റായ്പൂര്‍ സെന്‍ട്രല്‍ ജയിലിലെ ഡപ്യൂട്ടി ജയിലര്‍ വര്‍ഷ ഡോങ്ക്രെയാണ് പൊലീസിന്‍റെ അതിക്രമം തുറന്നുപറഞ്ഞത്.

''പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അതിക്രൂരമായി ഉപദ്രവിക്കുന്നത് ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. 14നും 16നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ വിവസ്ത്രരാക്കി ദേഹോപദ്രവം ഏല്‍പിക്കാറുണ്ട്. കൈകളിലും സ്തനങ്ങളിലും ഇലക്ട്രിക് ഷോക്ക് ഏല്‍പിക്കുന്നത് കണ്ട് ഭയന്നിട്ടുണ്ട് ഞാന്‍. എന്തിനാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ മൂന്നാംമുറ പ്രയോഗിക്കുന്നത്? ആ കുട്ടികള്‍ക്ക് ചികിത്സ നല്‍കാന്‍ ഞാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്"- വര്‍ഷ ഫേസ് ബുക്കില്‍ കുറിച്ചു.

ബസ്തറില്‍ ഇരുഭാഗത്തായി നിന്ന് പോരടിച്ച് മരിക്കുന്നത് നമ്മുടെ പൌരന്മാരാണെന്നും വര്‍ഷ പറയുന്നു. മുതലാളിത്ത വ്യവസ്ഥ ആദിവാസികളെ അവരുടെ ഭൂമിയില്‍ നിന്നും കുടിയിറക്കുന്നു. ഗ്രാമങ്ങള്‍ അഗ്നിക്കിരയാക്കുന്നു. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു. എല്ലാം ഭൂമിയും വനവും കൈക്കലാക്കാനാണ്. സ്ത്രീകളെയും കുട്ടികളെയും നിയമപാലകര്‍ വേട്ടയാടിയാല്‍ പിന്നെ നീതിക്കായി അവര്‍ എവിടെപ്പോകും? മനുഷ്യാവകാശ പ്രവര്‍ത്തകരോ മാധ്യമപ്രവര്‍ത്തകരോ സത്യം പുറത്തുകൊണ്ടുവന്നാല്‍ അവരെ ജയിലിലടയ്ക്കുകയാണ് പതിവ്. ആരെയും പീഡിപ്പിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നില്ല. കര്‍ഷകരും സൈനികരും സഹോദരങ്ങളാണ്, അവര്‍ പരസ്പരം കൊല്ലരുതെന്നും വര്‍ഷ ഫേസ് ബുക്കിലെഴുതി.

വിവാദമായതോടെ വര്‍ഷ ഫേസ് ബുക്ക് പോസ്റ്റ് പിന്‍വലിച്ചു. അതേസമയം വര്‍ഷയുടെ വെളിപ്പെടുത്തലിനെ കുറിച്ച് ഉന്നതതല അന്വേഷണത്തിന് ജയില്‍ അധികൃതര്‍ ഉത്തരവിട്ടു.