LiveTV

Live

National

സ്വന്തം ഭര്‍ത്താവിന്റെ മരണ വാര്‍ത്ത ബ്രേക്കിംഗ് ന്യൂസായി അറിയിച്ച് അവതാരക

സ്വന്തം ഭര്‍ത്താവിന്റെ മരണ വാര്‍ത്ത ബ്രേക്കിംഗ് ന്യൂസായി അറിയിച്ച് അവതാരക
Summary
വാഹനാപകടത്തെ കുറിച്ച് സംഭവസ്ഥലത്തു നിന്നും ലൈവില്‍ റിപ്പോര്‍ട്ടര്‍ തത്സമയം റിപ്പോര്‍ട്ടു ചെയ്യുന്നതിനിടെ തന്റെ ഭര്‍ത്താവാണ് മരിച്ചതെന്നു സുപ്രീത് കൗര്‍ തിരിച്ചറിഞ്ഞു

ഒരു മാധ്യമപ്രവര്‍ത്തക/കനെ സംബന്ധിച്ചിടത്തോളം ഒരു ദിവസം നിരവധി വാര്‍ത്തകള്‍ കൈകാര്യം ചെയ്യേണ്ടതായിവരും. അത് റിപ്പോര്‍ട്ടിംഗ് ആണെങ്കിലും, വാര്‍ത്താ വായന/ അവതരണം ആണെങ്കിലും.. നിരവധി അപകടവാര്‍ത്തകളും അക്കൂട്ടത്തിലുണ്ടായേക്കാം... ഒരു പരിചയവുമില്ലാത്തതാണെങ്കിലും പലരും ഉള്ളിലെ വേദന മനസ്സിലടക്കിപ്പിടിച്ചാണ് റിപ്പോര്‍ട്ടിംഗ് ആയാലും വാര്‍ത്താഅവതരണമായാലും പൂര്‍ത്തിയാക്കാറ്..

എന്നാല്‍, ചണ്ഡിഗഡിലെ പ്രാദേശിക ചാനലായ ഐ.ബി.സി 24 ന്റെ വാര്‍ത്താ അവതാരകയായ സുപ്രീത് കൗറിന് വാര്‍ത്താവായനക്കിടെ പെട്ടെന്ന് കയറിവന്ന ഒരു ബ്രേക്കിംഗ് ന്യൂസിലൂടെ പ്രേക്ഷകരെ അറിയിക്കേണ്ടിവന്നത് സ്വന്തം ഭര്‍ത്താവിന്റെ അപകടമരണമായിരുന്നു. വാഹനാപകടത്തെ കുറിച്ച് സംഭവസ്ഥലത്തു നിന്നും ലൈവില്‍ റിപ്പോര്‍ട്ടര്‍ തത്സമയം റിപ്പോര്‍ട്ടു ചെയ്യുന്നതിനിടെ തന്നെ തന്റെ ഭര്‍ത്താവാണ് മരിച്ചതെന്നു സുപ്രീത് കൗര്‍ സ്വയം തിരിച്ചറിഞ്ഞു.

ഇന്ന് രാവിലെയുള്ള വാര്‍ത്ത ബുള്ളറ്റിലാണ് അപകടവാര്‍ത്ത ബ്രേക്കിംഗ് ന്യൂസായി വന്നത്. മഹാസമുന്‍ഡ് ജില്ലയിലെ പിത്താരയില്‍ ഉണ്ടായ വാഹനാപകടത്തെ കുറിച്ചായിരുന്നു വാര്‍ത്ത. അഞ്ചു പേര്‍ സഞ്ചരിച്ചിരുന്ന റെനോള്‍ ഡസ്റ്റര്‍ കാര്‍ അപകടത്തില്‍പ്പെട്ടെന്നും മൂന്നു പേര്‍ സംഭവ സ്ഥലത്തു വെച്ച് മരണപ്പെട്ടെന്നുമായിരുന്നു ബ്രേക്കിംഗ്. അപകടത്തില്‍പ്പെട്ടത് തന്റെ ഭര്‍ത്താവ് സഞ്ചരിച്ച വാഹനമാണ് എന്ന് മനസ്സിലാക്കാന്‍ സുപ്രീതിന് അതു ധാരാളമായിരുന്നു. ഭര്‍ത്താവ് സ്ഥിരമായി പോകുന്ന റോഡ്, സമയം.. ഇന്നും അതുവഴിതന്നെ അദ്ദേഹം പോകുമെന്നും നാലു സുഹൃത്തുക്കള്‍ കൂടെയുണ്ടാകുമെന്നും കൗറിന് അറിയാമായിരുന്നു.

ന്യൂസ് റിഡീംഗിനായി സുപ്രീത് കയറിയുടനെ തന്നെ അപകടത്തില്‍ അവരുടെ ഭര്‍ത്താവ് മരിച്ചെന്ന വാര്‍ത്ത ന്യൂസ് റൂമില്‍ എത്തിയിരുന്നുവെന്ന് പറയുന്നു ചാനലിന്റെ ന്യൂസ് എഡിറ്റര്‍. പക്ഷേ, സഹപ്രവര്‍ത്തകര്‍ക്കാര്‍ക്കും വാര്‍ത്താവായനക്കിടെ അവരോട് വിവരം പറയാന്‍ ധൈര്യമുണ്ടായിരുന്നില്ല. വാര്‍ത്ത കഴിഞ്ഞിറങ്ങിയ ഉടനെ സുപ്രീത് ബന്ധുക്കളെ വിളിക്കുകയും തന്റെ ആശങ്ക ശരിയായിരുന്നുവെന്ന് സ്വയം മനസ്സിലാക്കുകയുമായിരുന്നുവെന്നും ന്യൂസ് എഡിറ്റര്‍ പറഞ്ഞു.

28കാരിയായ സുപ്രീത് കൌര്‍ ഐബിസി - 24 ല്‍ കഴിഞ്ഞ 9 വര്‍ഷമായി മാധ്യമപ്രവര്‍ത്തകയാണ്. ബിലായ് സ്വദേശിനിയായ അവര്‍ ഒരു വര്‍ഷം മുന്പാണ് ഹര്‍സാദ് കവാഡെയെ വിവാഹം കഴിക്കുന്നത്.