ചെയ്യാത്ത കുറ്റത്തിന് 8 വര്‍ഷം ജയിലില്‍, ഒടുവില്‍ നിരപരാധിയെന്ന് കോടതിവിധി; നഷ്ടപരിഹാരം ഒരു ലക്ഷം രൂപ

കോടതികളില്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കേസുകളാണ്. കേസ് അന്വേഷണവും പ്രതികളെ കണ്ടെത്തലും വിചാരണയും ശിക്ഷാ വിധിയും വിധിക്ക് മേലുള്ള അപ്പീലിലെ വിധിയുമൊക്കെയായി അന്തിമ വിധി വരുമ്പോഴേക്കും ഒരു മനുഷ്യായുസിന്റെ പകുതി തീരും. ഇതിന്റെ ഗുണം മടിയില്‍ കനമുള്ളവനാണെന്നിരിക്കെ, വക്കീല്‍ ഫീസ് കൊടുക്കാന്‍ ഗതിയില്ലാത്തവരൊക്കെ ജയിലില്‍ അഴിയെണ്ണി കിടക്കും. ഒടുക്കം നിരപരാധിയെന്ന് കണ്ട് വിട്ടയക്കുമ്പോഴേക്കും എട്ടും പത്തും വര്‍ഷം കഴിയും. ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന തത്വത്തിന് വികലമായ ഇത്തരം ചില അനുഭവങ്ങളുമുണ്ടാകും. നിരപരാധിയായിട്ടും ജയിലില്‍ കിടന്ന് മോചിതനാകുന്ന ഇത്തരക്കാരുടെ മുന്നോട്ടുള്ള ജീവിതത്തിനും തടവറയില്‍ ഹോമിച്ച വര്‍ഷങ്ങള്‍ക്കും യാതൊരു വിലയുമുണ്ടാകാറില്ല. സമാനമായ ഒരു സംഭവമാണ് ആന്ധ്രാപ്രദേശില്‍ നിന്നു റിപ്പോര്‍ട്ടു ചെയ്യുന്നത്.
ചെയ്യാത്ത കുറ്റത്തിന് എട്ടു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച യുവാവിനെ ഒടുവില്‍ നിരപരാധിയെന്ന് വിധിച്ച് കോടതി വെറുതെ വിട്ടതാണ് സംഭവം. പി സത്യം ബാബു എന്ന യുവാവിനാണ് ചെയ്യാത്ത കുറ്റത്തിന് ജയിലിലെ നരകയാതന അനുഭവിക്കേണ്ടി വന്നത്. ബലാത്സംഗക്കേസിലാണ് തടവുകാരനായി സത്യം എട്ടു വര്‍ഷം ജയിലില്‍ കിടന്നത്. വിജയവാഡയില്‍ ഫാര്‍മസി വിദ്യാര്‍ഥിനിയായിരുന്ന ആയിഷ മീര എന്ന 17കാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് സത്യം ബാബു ജയിലിലായത്. 2007ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ പ്രതിചേര്‍ത്ത സത്യം ബാബുവിന് വിജയവാഡ വനിതാ സ്പെഷ്യല്‍ കോടതി വിധിച്ചത് ജീവപര്യന്തം തടവ്.
ദലിതനായ സത്യം ബാബു കുറ്റക്കാരനല്ലെന്നും യഥാര്‍ഥ പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും ഉള്ള കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ വാദത്തിന് പൊലീസും കോടതിയും ചെവി കൊടുത്തതുമില്ല. കൊലപാതകത്തിന് പിന്നില്‍ ഒരു രാഷ്ട്രീയ നേതാവിന് പങ്കുണ്ടെന്നായിരുന്നു ഇരയുടെ കുടുംബത്തിന്റെ മൊഴി. സത്യം ബാബു കുറ്റം സമ്മതിച്ചുവെന്ന് അവകാശപ്പെട്ടാണ് പൊലീസ് കേസ് അന്വേഷണം അവസാനിപ്പിച്ചത്. ഒടുവില്‍ എട്ടു വര്‍ഷത്തിനു ശേഷം ഹൈദരാബാദ് ഹൈക്കോടതി സത്യം ബാബുവിനെ നിരപരാധിയെന്ന് വിധിച്ച് ഉത്തരവിട്ടു. ഇത്രയും കാലം ജയിലില്‍ കിടന്നതിന് സംസ്ഥാന സര്‍ക്കാര്‍ സത്യം ബാബുവിന് നഷ്ടപരിഹാരമായി നല്‍കേണ്ടത് ഒരു ലക്ഷം രൂപയാണ്. കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിനും കോടതി ഉത്തരവിട്ടു.