LiveTV

Live

National

ബിഎസ്-3 വാഹനങ്ങള്‍ വില്‍ക്കരുത്: സുപ്രീംകോടതി

ബിഎസ്-3 വാഹനങ്ങള്‍ വില്‍ക്കരുത്: സുപ്രീംകോടതി
Summary
മലിനീകരണ തോത് കൂടിയ ബിഎസ്-3 വാഹനങ്ങള്‍ ഏപ്രില്‍ ഒന്ന് മുതല്‍ വില്‍ക്കരുതെന്ന് സുപ്രീംകോടതി


മലിനീകരണ നിയന്ത്രണ നിയമ പ്രകാരം ഭാരത് സ്റ്റേജ് 3 വാഹനങ്ങള്‍ ഏപ്രില്‍ 1 മുതല്‍ വില്‍ക്കാനാകില്ലെന്ന് സുപ്രീംകോടതി. നിലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ വിറ്റ് തീര്‍ക്കുന്നതിന് അനുവദിക്കണമെന്ന നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും ആവശ്യം തള്ളിയാണ് കോടതി ഉത്തരവ്. വാണിജ്യ താല്‍പര്യമല്ല ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനമെന്നും കോടതി വ്യക്തമാക്കി

8.2 ലക്ഷത്തോളം ബിഎസ് - 3 വാഹനങ്ങളാണ് വില്‍പ്പനക്ക് തയ്യാറായി നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും കൈവശമുള്ളത്. ഇതില്‍ 6.7 ലക്ഷം ഇരുചക്രവാഹനങ്ങളാണ്.40,048 മുച്ചക്ര വാഹനങ്ങളും 16,198 കാറുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇവ വിറ്റഴിക്കാന്‍ കൂടുതല്‍ സമയം വേണം. ഒരു വര്‍ഷമെങ്കിലും വിറ്റഴിക്കലിന് ആവശ്യമായി വരും. നിര്‍മ്മാണം പൂര്‍ത്തിയാക്കിയവ ബിഎസ് 4 ലേക്ക് ഉയര്‍ത്തുന്നത് പ്രായോഗികമല്ല. ബിഎസ് 3 വാഹനങ്ങള്‍ പിന്‍വലിച്ചാലും അന്തരീക്ഷ മലിനീകരണതോതില്‍ വലിയ കുറവുണ്ടാകില്ല. തുടങ്ങിയവയായിരുന്നു ഹരജിക്കാരുടെ വാദം.

ഈ വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് കോടതി ഏപ്രില്‍ 1 മുതല്‍ ബിഎസ് 3 വാഹനങ്ങളുടെ വില്‍പന നിരോധിച്ചത്. നിരോധനത്തോടെ 12,000 കോടിയുടെ വാഹനങ്ങള്‍ വില്‍ക്കാനാകില്ല. 2015ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന വിജ്ഞാപനമായിരുന്നു 2017 ഏപ്രില്‍ 1 മുതല്‍ ബിഎസ് 4 വാഹനങ്ങള്‍ മാത്രമേ നിരത്തിലിറങാവു എന്നത്. സുപ്രീം കോടതി നിയോഗിച്ച പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയും സമാനവിഷയമുന്നയിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.