LiveTV

Live

National

പ്രാര്‍ഥനകള്‍ വിഫലം; രമ്യ മരണത്തിന് കീഴടങ്ങി

പ്രാര്‍ഥനകള്‍ വിഫലം; രമ്യ മരണത്തിന് കീഴടങ്ങി
Summary
അമിതവേഗതയിലെത്തിയ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ രമ്യ, ഹൈദരാബാദിലെ ആശുപത്രിയില്‍ ഒരാഴ്ചയായി വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.
പ്രാര്‍ഥനകള്‍ വിഫലം; രമ്യ മരണത്തിന് കീഴടങ്ങി

പ്രിയപ്പെട്ടവരുടെ പ്രാര്‍ഥനകള്‍ വിഫലമാക്കി പത്തു വയസുകാരി രമ്യ മരണത്തിന് കീഴടങ്ങി. അമിതവേഗതയിലെത്തിയ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ രമ്യ, ഹൈദരാബാദിലെ ആശുപത്രിയില്‍ ഒരാഴ്ചയായി വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. മദ്യലഹരിയില്‍ വിദ്യാര്‍ഥി ഓടിച്ചിരുന്ന കാറിടിച്ചാണ് രമ്യക്ക് ഗുരുതരമായി പരിക്കേറ്റത്. തലയിലുണ്ടായ രക്തസ്രാവമാണ് മരണത്തിന് കാരണമെന്ന് ഡോക്ടര്‍ ഗോപീകൃഷ്ണ പറഞ്ഞു.

അന്ന് രമ്യയുടെ പുതിയ സ്‍കൂളിലെ ആദ്യ ദിവസമായിരുന്നു. സന്തോഷത്തോടെയായിരുന്നു രമ്യ പുതിയ സ്‍കൂളും കൂട്ടുകാരെയും കാണാനെത്തിയത്. സ്കൂളിലെത്തിയ ശേഷം രമ്യയെയും കൂട്ടി കുടുംബാംഗങ്ങള്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബഞ്ചാര ഹില്‍സിനു സമീപം ഇവരുടെ സാന്‍ട്രോ കാറിലേക്ക് 20 കാരനായ ശ്രവില്‍ ഓടിച്ചിരുന്ന ഐ10 കാര്‍ പാഞ്ഞുകയറിയത്. ഒരു നിമിഷം കൊണ്ട് സന്തോഷമെല്ലാം തല്ലിക്കെടുത്തിയായിരുന്നു ആ അപകടം. നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച രമ്യ. അപകടത്തില്‍ രമ്യയുടെ മാതൃ സഹോദരന്‍ രാജേഷും മരിച്ചിരുന്നു. സംഭവത്തില്‍ ഗുരുതര പരിക്കേറ്റ രമ്യയുടെ മാതാവ് രാധിക, മറ്റൊരു മാതൃ സഹോദരന്‍ എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ശ്രാവിലിനെയും കാറിലുണ്ടായിരുന്ന മറ്റു അഞ്ചു പേരെയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു. സിനിമാ ടിക്കറ്റ് തീര്‍ന്നു പോകുമെന്നതിനാലാണ് അമിത വേഗതയില്‍ കാറോടിച്ചതെന്നു ഇയാള്‍ മൊഴി നല്‍കി. അപകടം നടക്കുമ്പോള്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ ശ്രാവില്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ പൊലീസ് കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.