LiveTV

Live

National

കര്‍ണ്ണാടകയില്‍ മന്ത്രിസഭ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കി കോണ്‍ഗ്രസും ജെഡിഎസും

കര്‍ണ്ണാടകയില്‍ മന്ത്രിസഭ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കി കോണ്‍ഗ്രസും ജെഡിഎസും
Summary
ഉപമുഖ്യമന്ത്രി സ്ഥാനം ലിംഗായത്ത് സമുദായത്തിലെ അംഗത്തിന് നല്‍കണമെന്നാവശ്യപ്പെട്ട് അഖില ഭാരത വീരശൈവ മഹാസഭ കുമാര സ്വാമിക്ക് കത്തയച്ചു.

കര്‍ണാടകയില്‍ മന്ത്രിസഭ രൂപീകരണ ചര്‍ച്ചകള്‍ സജീവമായി. കോണ്‍ഗ്രസ്-ജെഡിഎസ് പാര്‍ട്ടികള്‍ക്കിടയില്‍ മന്ത്രിസ്ഥാനങ്ങള്‍ വീതം വെക്കുന്നത് സംബന്ധിച്ച് നിയുക്ത മുഖ്യമന്ത്രി എച്ച് ഡി കുമാര സ്വാമി. ഇന്ന് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തും. ഉപമുഖ്യമന്ത്രി സ്ഥാനം ലിംഗായത്ത് സമുദായത്തിലെ അംഗത്തിന് നല്‍കണമെന്നാവശ്യപ്പെട്ട് അഖില ഭാരത വീരശൈവ മഹാസഭ കുമാര സ്വാമിക്ക് കത്തയച്ചു. അതിനിടെ കുറുമാറ്റ സാധ്യത കണക്കിലെടുത്ത് കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെ വീണ്ടും സ്വകാര്യ ഹോട്ടലുകളിലേക്ക് മാറ്റി.

എച്ച് ഡി കുമാര സ്വാമിയുടെ സത്യപ്രതിജ്ഞക്ക് മുമ്പ് തന്നെ മന്ത്രിസ്ഥാനങ്ങളില്‍ അന്തിമധാരണയുണ്ടാക്കാനാണ് കോണ്‍ഗ്രസ്-ജെഡിഎസ് നീക്കം. ഇരു പാര്‍ട്ടികള്‍ക്കുമിടയില്‍ എത്ര മന്ത്രിസ്ഥാനങ്ങള്‍ വീതം വെക്കണം, എതൊക്കെ വകുപ്പുകള്‍ പങ്കിടണം തുടങ്ങിയ കാര്യങ്ങളില്‍ എച്ച് ഡി കുമാരസ്വാമി ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തുന്ന ചര്‍ച്ചയില്‍ അന്തിമ ധാരണയുണ്ടാകുമെന്നാണ് കരുതുന്നത്.

ഉപ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത ഉടലെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ദളിതനായ ജി പരമേശ്വരക്കാണ് സാധ്യത കൂടുതലെങ്കിലും ലിംഗായത്ത് സമുദായംഗത്തിന് ഉപമുഖ്യമന്ത്രി സ്ഥാനനം നല്‍കണമെന്നാവശ്യം പാര്‍ട്ടിയില്‍ ഒരു വിഭാഗം ഉന്നയിക്കുന്നു. ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള എംബി പാട്ടീല്‍, എച്ച് കെ പാട്ടീല്‍ എന്നിവരുടെ പേരുകളുടെ പേരുകളാണ് നിലവില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. ഉപമുഖ്യമന്ത്രി പദത്തിന് ഇത്തരത്തില്‍ വടംവലി ശക്തമായ പശ്ചാത്തലത്തിലാണ്, വിശ്വാസ വോട്ടെടുപ്പിന് മുമ്പ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ വേണ്ടെന്ന തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് എത്തിയത്.

അതിനിടെ കോണ്‍ഗ്രസ് എംഎല്‍എമാരെ ഹില്‍ട്ടണ്‍ ഹോട്ടലിലേക്ക് വീണ്ടും മാറ്റി. ജെഡിഎസ് എംഎല്‍എമാരെയും നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുകയാണ്. മന്ത്രിസ്ഥാനങ്ങളെച്ചൊല്ലി ഭിന്നത ഉയര്‍ന്ന സാഹചര്യത്തില്‍ എംഎല്‍എമാരെ റാഞ്ചിയെടുക്കാനുള്ള ശ്രമങ്ങള്‍ ബിജെപി നടത്താനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം.