LiveTV

Live

National

ചാരക്കേസില്‍ കുടുക്കിയതിന് പിന്നിലെ കാരണം സുപ്രീംകോടതിയില്‍ വെളിപ്പെടുത്തി നമ്പി നാരായണന്‍

Summary
കേസ് പരിഗണിക്കവെ ഗ്യാലറിയില്‍ നിന്ന നമ്പി നാരായണനെ ചീഫ് ജസ്റ്റിസ് നേരിട്ട് വിളിച്ചാണ് വിശദാംശങ്ങള്‍ തേടിയത്.

ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുടുക്കിയത് അമേരിക്കന്‍ പൗരത്വം വേണ്ടെന്ന് വച്ചതുകൊണ്ടാണെന്ന് നമ്പി നാരായണന്‍ സുപ്രീംകോടതിയില്‍. കേസ് കെട്ടിച്ചമച്ചതാണോയെന്ന് അന്വേഷിച്ചിരുന്നതായും തെളിവ് ലഭിച്ചില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കേസ് കെട്ടിച്ചമച്ചവര്‍ക്കെതിരെ അന്വേഷണത്തിന് നിര്‍ദേശിക്കുമെന്നും നഷ്ടപരിഹാരം വര്‍ധിപ്പിക്കുമെന്നും കോടതി സൂചിപ്പിച്ചു.

കേസ് പരിഗണിക്കവെ ഗ്യാലറിയില്‍ നിന്ന നമ്പി നാരായണനെ ചീഫ് ജസ്റ്റിസ് നേരിട്ട് വിളിച്ചാണ് വിശദാംശങ്ങള്‍ തേടിയത്. നാസാ ഫെല്ലോ ആയി അമേരിക്കയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അമേരിക്കന്‍ പൗരത്വം വാഗ്ദാനം ചെയ്തിരുന്നു. ഇത് നിരസിച്ചാണ് ഇന്ത്യയില്‍ തുടര്‍ന്നത്. അതിനാലാണ് ചാരക്കേസില്‍ കുടുക്കിയതെന്നും നന്പി നാരായണ്‍ പറഞ്ഞു.

ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടത് എങ്ങനെയെന്ന ചീഫ് ജസ്റ്റിസ് ചോദ്യത്തിന് വിശദീകരണം നല്‍കാനുള്ള ശ്രമത്തിനിടെ അഭിഭാഷകരുടെ അസൗകര്യം കാരണം കേസ് ബുധനാഴ്ചത്തേക്ക് മാറ്റാന്‍ എതിര്‍ഭാഗം ആവശ്യപ്പെട്ടു. കേസില്‍ നാളെയും വാദം തുടരും. കേസില്‍ ഇതിന് മുമ്പും നമ്പി നാരായണന്റെ വാദം സുപ്രീംകോടതി നേരിട്ട് കേട്ടിരുന്നു.

കേസ് അന്വേഷിച്ച മുന്‍ ഡിജിപി സിബി മാത്യൂസ്, എസ്പിമാരായ കെ കെ ജോഷ്വാ, എസ് വിജയന്‍ എന്നിവര്‍ക്കെതിരെ വീണ്ടും അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കുമെന്നും വ്യാജ കേസിന്റെ ഭാഗമായി അനുഭവിച്ച മാനസിക സംഘര്‍ഷത്തിനുള്ള നഷ്ടപരിഹാര തുക ഉയര്‍ത്തിയേക്കുമെന്നും കോടതി സൂചിപ്പിച്ചു.