LiveTV

Live

National

കര്‍ണാടകം തമിഴ്‍നാടിന് വെള്ളം വിട്ടുനല്‍കണമെന്ന് സുപ്രീം കോടതി

കര്‍ണാടകം തമിഴ്‍നാടിന് വെള്ളം വിട്ടുനല്‍കണമെന്ന് സുപ്രീം കോടതി
Summary
കര്‍ണാടകയിലെ തെര‍ഞ്ഞെടുപ്പ് തങ്ങളുടെ വിഷയമല്ല

കാവേരിജലം തമിഴ്‍നാടിന് വിട്ടുനല്‍കണമെന്ന് കര്‍ണാടകയോട് സുപ്രീംകോടതി. ജലം വിട്ടുകൊടുത്തില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടിവരും. കര്‍ണാടക തെരഞ്ഞെടുപ്പിന്‍റെ പേര് പറഞ്ഞ് കാവേരി മാനേജ്മെന്‍റ് ബോര്‍ഡിന്‍റെ കരട് തയ്യാറാക്കാത്തതിന് കേന്ദ്രത്തേയും കോടതി രൂക്ഷമായി വിമര്‍ശിച്ചു.

ഏപ്രില്‍, മെയ് മാസങ്ങളിലായി തമിഴ് നാടിന് നല്‍കേണ്ട വെള്ളം കര്‍ണാടകം ഉടന്‍ വിട്ടുകൊടുക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഇനിയും കാവേരിയില്‍ നിന്നുള്ള വെള്ളം വിട്ടുകൊടുക്കാതെ കോടതി ഉത്തരവ് ലംഘിച്ചാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. 4 ടി എം സി ജലമാണ് ഈ രണ്ട് മാസങ്ങളിലായി കര്‍ണാടക തമിഴ്നാടിന് വിട്ടുകൊടുക്കേണ്ടത്.

അതേസമയം കാവേരി പദ്ധതി സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയടക്കമുള്ളവര്‍ കര്‍ണാടക തെരഞ്ഞെടുപ്പിന്‍റെ തിരക്കിലായതിനാല്‍ കാവേരി മാനേജ്മെന്‍റ് ബോര്‍ഡിന്‍റെ കരട് രൂപീകരിക്കാനായിട്ടില്ലെന്ന് എ.ജി കോടതിയെ അറിയിച്ചു. ഇതിനായി 10 ദിവസം കൂടി അനുവദിക്കണമെന്നായിരുന്നു കേന്ദ്രത്തിന്‍റെ ആവശ്യം.

എന്നാല്‍ കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് കോടതിയുടെ വിഷയമല്ലെന്നും തമിഴ്നാട്ടിലെ ജനങ്ങള്‍ക്കുവേണ്ട വെള്ളമാണ് കോടതിക്ക് പ്രധാനമെന്നും ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഇനി കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്നും ചൊവ്വാഴ്ചക്കകം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സത്യവാങ്മൂലം നല്‍കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. അതിനിടെ കാവേരി മാനേജ്മെന്‍റ് ബോര്‍ഡ് വേഗം നടപ്പാക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ സുപ്രീംകോടതി വളപ്പിലെ മരത്തില്‍ കയറി പ്രതിഷേധിച്ചു.