LiveTV

Live

National

തൊഴിലവസരങ്ങള്‍; തെറ്റായ വിവരങ്ങളുമായി മോദിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ അംഗം

തൊഴിലവസരങ്ങള്‍; തെറ്റായ വിവരങ്ങളുമായി മോദിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ അംഗം
Summary
എത്രപേര്‍ക്ക് തൊഴില്‍ നല്‍കി എന്നത് സംബന്ധിച്ച് കൃത്യമായ കണക്ക് ലഭ്യമല്ലെന്ന് നീതി ആയോഗും പരസ്യമായി തന്നെ സമ്മതിച്ചിരുന്നു.

2017ല്‍ സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ അംഗം സുര്‍ജിത്ത് ബല്ല തെറ്റായ വിവരം പ്രചരിപ്പിച്ചെന്ന് ആരോപണം. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഓഫ് ഇന്ത്യന്‍ ഇക്കോണമിയാണ് ബല്ലയ്ക്കെതിരെ രംഗത്തെത്തിയത്. 2017ല്‍ 18 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടപ്പോള്‍ ഒന്നര കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായാണ് ബല്ല അവകാശപ്പെട്ടതെന്ന് സി.എം.ഐ.ഇ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശ കൗണ്‍സില്‍ അംഗം സുര്‍ജിത്ത് ബല്ല ഒരു ദേശീയ പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് തൊഴിലവസരങ്ങള്‍ സംബന്ധിച്ച കണക്കുകള്‍ പെരുപ്പിച്ചുകാണിച്ചത്.

കഴിഞ്ഞവര്‍ഷം ഒന്നരക്കോടി തൊഴിലവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിച്ചതായി സി.എം.ഐഇയുടെയും ഇപിഎഫിന്‍റേയും കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ബല്ല അവകാശപ്പെട്ടത്. എന്നാലിത് ബല്ലയുടെ കണ്ടെത്തല്‍ മാത്രമാണെന്നും പല കണക്കുകളും മറച്ചുവെച്ചാണ് ഇത്തരമൊരു കള്ളത്തരം ബല്ല പ്രചരിപ്പിച്ചതെന്നുമാണ് സി.എം.ഐ.ഇ സിഇഒ മഹേഷ് വ്യാസിന്റെ പ്രതികരണം. 2017 ല്‍ 18 ലക്ഷം തൊഴിലവസരങ്ങള്‍ മാത്രമാണ് സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍ 15 മുതല്‍ 24 വയസുവരെ പ്രായമുള്ളവരുടെ ഇടയില്‍ മാത്രം 70 ലക്ഷത്തിലേറെ പേര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടായിട്ടുണ്ട്.

65 വയസിനു മുകളിലുള്ളവരില്‍ 30 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഇതെല്ലാം മറച്ചുവെച്ചാണ് സുര്‍ജിത്ത് ബല്ലയുടെ ലേഖനം. രണ്ട് കോടി തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ രാജ്യത്തെ തൊഴിലില്ലായ്മയുടെ പേരില്‍ പ്രതിപക്ഷത്തിന്‍റെ വിമര്‍ശനം നേരിടുകയാണ്. എത്രപേര്‍ക്ക് തൊഴില്‍ നല്‍കി എന്നത് സംബന്ധിച്ച് കൃത്യമായ കണക്ക് ലഭ്യമല്ലെന്ന് നീതി ആയോഗും പരസ്യമായി തന്നെ സമ്മതിച്ചിരുന്നു. ഇതിനിടെയാണ് തെറ്റിദ്ധാരണ പരത്തി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൌണ്‍സിലംഗത്തിന്‍റെ ലേഖനം.