LiveTV

Live

National

കത്‍വ കേസിലെ കോടതി വിചാരണ നടപടികള്‍ക്ക് സുപ്രീം കോടതി സ്റ്റേ

കത്‍വ കേസിലെ കോടതി വിചാരണ നടപടികള്‍ക്ക് സുപ്രീം കോടതി സ്റ്റേ
Summary
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി മെയ് 7ന് പരിഗണിക്കും

കത്‍വാ ലൈംഗീക പീഡന കൊലപാതക കേസില്‍ സെഷന്‍സ് കോടതിയിലെ വിചാരണ നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുള്ള ഹരജികളില്‍ തീരുമാനം ആകുന്നത് വരെയാണ് സ്റ്റേ. മെയ് 7 ന് കേസ് വീണ്ടും പരിഗണിക്കും.

വിചാരണ ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേസില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല എന്നും ഈ ഹരജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ സിബിഐ അന്വേഷണം വേണം എന്നാവശ്യപ്പെട്ട് പ്രതികളും സുപ്രീംകോടതിയെ സമീപിച്ചു. ഈ ഹരജികള്‍ പരിഗണിക്കവയൊണ് വിചാരണ കോടതിയിലെ നടപടികള്‍ നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. പുതിയ ഉത്തരവ് വരുന്നത് വരെ കേസില്‍ മേല്‍നടപടികള്‍ സ്വീകരിക്കരുതെന്ന് സെഷന്‍സ് കോടതി ജഡ്ജിക്ക് നിര്‍ദേശം നല്‍കി. സിബിഐ അന്വേഷണത്തിനുള്ള അപേക്ഷ പരിഗണിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം. കേസ് മെയ് ഏഴിന് വീണ്ടും പരിഗണിക്കും. ഏഴാം തിയതിക്ക് മുമ്പ് അന്വേഷണം മാറ്റുന്നത് സംബന്ധിച്ച് കേസിലെ എല്ലാ കക്ഷികളും സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വിചാരണ നടപടികള്‍ക്ക് തടസമുണ്ടായാല്‍ ജമ്മു കശ്മീരിന് പുറത്തേക്ക് കേസ് മാറ്റേണ്ടി വരുമെന്ന് നേരത്തെ സുപ്രീംകോടതി പറഞ്ഞിരുന്നു.

എന്നാല്‍ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റേണ്ടതില്ലെന്ന് ജമ്മു കശ്മീര് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചു. അതിവേഗ കോടതി സ്ഥാപിച്ച് വിചാരണ നേരത്തെയാക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.