LiveTV

Live

National

റദ്ദാക്കിയ പാസ്‌പോര്‍ട്ടുമായി നീരവ് മോദിയുടെ വിദേശയാത്രകള്‍

റദ്ദാക്കിയ പാസ്‌പോര്‍ട്ടുമായി നീരവ് മോദിയുടെ വിദേശയാത്രകള്‍
Summary
13,000 കോടി രൂപയുടെ തട്ടിപ്പാണു നീരവ് മോദിയും അമ്മാവനും ചേര്‍ന്ന് പഞ്ചാബ് നാഷനല്‍ ബാങ്ക് കേന്ദ്രമാക്കി നടത്തിയത്

വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട നീരവ് മോദി സസ്‌പെന്‍ഡ് ചെയ്ത പാസ്‌പോര്‍ട്ടുമായി ന്യൂയോര്‍ക്കിലെത്തിയതായി റിപ്പോര്‍ട്ട്. ന്യൂയോര്‍ക്കിലെ ലോയ്‌സ് റീജന്‍സി ഹോട്ടലില്‍ മാര്‍ച്ച് അവസാനം മുതല്‍ നീരവ് കഴിയുന്നതായാണ് റിപ്പോര്‍ട്ട്. ഫെബ്രുവരിയിലാണ് നീരവ് മോദിയുടെ പാസ്‌പോര്‍ട്ട് ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തിരുന്നത്.

പാസ്‌പോര്‍ട്ട് റദ്ദാക്കിയ നടപടി നീരവ് മോദിയെ ബാധിച്ചിട്ടേയില്ലെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നതെന്ന് എന്‍.ഡി.ടി.വി പറയുന്നു.പഞ്ചാബ് നാഷണല്‍ ബാങ്ക് (പി.എന്‍.ബി) തട്ടിപ്പുകേസില്‍ സി.ബി.ഐ അന്വേഷണം തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് നീരവ് രാജ്യംവിട്ടത്. മുംബൈയില്‍നിന്ന് യു.എ.ഇയിലേക്കും അവിടെനിന്ന് ഹോങ്കോങ്ങിലേക്കും പിന്നീട് ലണ്ടനിലേക്കുമാണ് നീരവ് മോദി പോയതെന്ന് എന്‍.ഡി.ടി.വിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ലണ്ടന്‍വിട്ട നീരവ് ഇപ്പോള്‍ ന്യൂയോര്‍ക്കിലാണെന്നാണ് എന്‍.ഡി.ടി.വി അവകാശപ്പെടുന്നത്. ജനുവരി ഒന്നിന്ന് രാജ്യംവിട്ട് യു.എ.ഇയിലേക്ക് പോയ നീരവ് മോദി ഫെബ്രുവരി രണ്ടിന് ആരാജ്യംവിട്ടു. തുടര്‍ന്ന് ഹോങ്കോങ്ങിലെത്തിയ നീരവ് ഫെബ്രുവരി 14 ന് അവിടെനിന്ന് ലണ്ടനിലേക്ക് പോയി. ഈ തീയതികളിലെല്ലാം നീരവ് മോദി യാത്രകള്‍ നടത്തിയതിന്റെ തെളിവുകള്‍ കൈവശമുണ്ടെന്നാണ് എന്‍.ഡി.ടി.വി അവകാശപ്പെടുന്നത്.

13,000 കോടി രൂപയുടെ തട്ടിപ്പാണു നീരവ് മോദിയും അമ്മാവനും ചേര്‍ന്ന് പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ ബ്രാഡി ഹൗസ് ശാഖ കേന്ദ്രമാക്കി നടത്തിയത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കി(പിഎന്‍ബി)ല്‍ നിന്ന് ബയേഴ്സ് ക്രെഡിറ്റ് സംവിധാനം ഉപയോഗിച്ചാണ് ആയിരക്കണക്കിന് കോടി രൂപ തട്ടിച്ച് നീരവ് മോദി രാജ്യം വിട്ടത്.