LiveTV

Live

National

വിദ്വേഷ പ്രസംഗം: സ്വാധി പ്രാചിയുടെയും മറ്റ് ബിജെപി നേതാക്കളുടെയും പേരിലുള്ള കേസുകള്‍ പിന്‍വലിക്കുന്നു

വിദ്വേഷ പ്രസംഗം: സ്വാധി പ്രാചിയുടെയും മറ്റ് ബിജെപി നേതാക്കളുടെയും പേരിലുള്ള കേസുകള്‍ പിന്‍വലിക്കുന്നു
Summary
കലാപം പൊട്ടിപ്പുറപ്പെടുന്നതിന് തൊട്ടുമുമ്പായി മുസാഫര്‍ നഗറിലെ മഹാപഞ്ചായത്തില്‍ നടത്തിയ രണ്ട് വിദ്വേഷപ്രസംഗത്തിന്റെ പേരില്‍ ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു

ഉത്തര്‍പ്രദേശില്‍ മുസഫര്‍നഗറിലും ഷാംലിയിലും 2013 ല്‍ നടന്ന വര്‍ഗീയ ലഹളയോട് അനുബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത 13 കൊലപാതക കേസുകള്‍ അടക്കം 131 കേസുകള്‍ പിന്‍വലിക്കാനൊരുങ്ങുകയാണ് യോഗി സര്‍ക്കാര്‍. കൂട്ടത്തില്‍ സ്വാധി പ്രാചിയുടെയും, സഞ്ജീവി ബല്യാണിന്റെയും‍, മറ്റ് രണ്ട് ബിജെപി എം പിമാരുടെയും മൂന്ന് ബിജെപി എംഎല്‍എമാരുടെയും പേരിലുള്ള വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകളും പിന്‍വലിക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍‌ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍‍.

വിദ്വേഷ പ്രസംഗം: സ്വാധി പ്രാചിയുടെയും മറ്റ് ബിജെപി നേതാക്കളുടെയും പേരിലുള്ള കേസുകള്‍ പിന്‍വലിക്കുന്നു

കലാപം പൊട്ടിപ്പുറപ്പെടുന്നതിന് തൊട്ടുമുമ്പായി മുസാഫര്‍ നഗറിലെ മഹാപഞ്ചായത്തില്‍ നടത്തിയ രണ്ട് വിദ്വേഷപ്രസംഗത്തിന്റെ പേരില്‍ ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. സ്വാധി പ്രാചി. ബിജ്നോര്‍ ബിജെപി എം പി കുന്‍വാര്‍ ഭര്‍തേന്ദ്ര സിംഗ്, മുസഫര്‍നഗറിലെ എംപിയായ സഞ്ജീവ് ബല്യാണ്‍, ബിജെപി എംഎല്‍എമാരായ ഉമേഷ് മാലിക്, സംഗീത് സോം, സുരേഷ് റാണ എന്നിവരായിരുന്നു ആ മഹാപഞ്ചായത്തില്‍ പങ്കെടുത്ത് സംസാരിച്ച ബിജെപി നേതാക്കള്‍. സിഖേര പോലീസ് സ്റ്റേഷനിലാണ് രണ്ട് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2017 വരെ സഞ്ജീവ് ബല്യാണ്‍ കേന്ദ്രമന്ത്രിയായിരുന്നു. റാണയാവട്ടെ സംസ്ഥാനമന്ത്രികൂടിയാണ്. മുസഫര്‍ നഗറിലെ ബുധാനയില്‍ നിന്നുള്ളള എംഎല്‍എയാണ് മാലിക്. ഷാംലിയിലെ താന ഭവന്‍ മണ്ഡലത്തിലെ പ്രതിനിധിയാണ് റാണ. മീററ്റിലെ സര്‍ധനയിലെ എംഎല്‍എയാണ് സോം.

2013 ആഗസ്റ്റ് 27 ന് കവാല്‍ ഗ്രാമത്തില്‍ ഷാനവാസ് എന്നൊരു യുവാവ് കൊല്ലപ്പെട്ടിരുന്നു. ഈ യുവാവിന്റെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സച്ചിന്‍, ഗൌരവ് എന്ന രണ്ട് യുവാക്കള്‍ കൂടി കൊല്ലപ്പെട്ടു. ഈ രണ്ട് യുവാക്കളുടെ കൊലപാതകത്തെ തുടര്‍ന്നുള്ള പ്രതിഷേധപ്രകടനത്തിന്റെ ഭാഗമായിരുന്നു ഈ മഹാപഞ്ചായത്തുകള്‍ വിളിച്ചുചേര്‍ത്തത്. 2013 ആഗസ്റ്റ് 31നും സെപ്തംബര്‍ 7 നുമാണ് മഹാപഞ്ചായത്തുകള്‍ നടന്നത്. ഇതിനിടെയാണ് കലാപത്തിന് ആഹ്വാനം ചെയ്തുള്ള വിദ്വേഷപ്രസംഗം നേതാക്കള്‍ നടത്തിയത്. തുടര്‍ന്ന് സെപ്തംബര്‍ 7 നു തന്നെ കലാപം പൊട്ടിപുറപ്പെടുകയായിരുന്നു.

ഈ വര്‍ഷം ജനുവരി 17 നാണ് കേസിന്റെ നിലവിലെ സ്ഥിതി അറിയിക്കണമെന്നും കേസ് പിന്‍വലിക്കുന്നതില്‍ അഭിപ്രായം അറിയിക്കണമെന്നും കാണിച്ച് നിയമവകുപ്പ് മുസാഫര്‍നഗര്‍ ജില്ലാ കലക്ടര്‍ക്ക് കത്തയക്കുന്നത്. അതിന്റെ നടപടിക്രമങ്ങള്‍ നടന്നുവരുന്നതിനിടെയാണ് മുസഫര്‍ നഗര്‍ വര്‍ഗീയ സംഘര്‍ഷത്തിന് കാരണമായ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകളും പിന്‍വലിക്കാനൊരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.