LiveTV

Live

National

മക്ക മസ്ജിദ് സ്ഫോടനക്കേസിലെ എന്‍ഐഎ പ്രോസിക്യൂട്ടര്‍ എബിവിപിക്കാരന്‍; പ്രമാദ കേസുകള്‍ വാദിച്ച് പരിചയമില്ല

മക്ക മസ്ജിദ് സ്ഫോടനക്കേസിലെ എന്‍ഐഎ പ്രോസിക്യൂട്ടര്‍ എബിവിപിക്കാരന്‍; പ്രമാദ കേസുകള്‍ വാദിച്ച് പരിചയമില്ല
Summary
മക്ക മസ്ജിദ് സ്ഫോടനക്കേസിലെ എന്‍ഐഎ പ്രോസിക്യൂട്ടര്‍ എബിവിപിക്കാരനായിരുന്നുവെന്ന് റിപ്പോര്‍ട്ട്.

സ്വാമി അസീമാനന്ദ അടക്കം അഞ്ചു പ്രതികളെ കുറ്റവിമുക്തരാക്കിയ മക്ക മസ്ജിദ് സ്ഫോടനക്കേസിലെ എന്‍ഐഎ പ്രോസിക്യൂട്ടര്‍ എബിവിപിക്കാരനായിരുന്നുവെന്ന് റിപ്പോര്‍ട്ട്. കേസില്‍ എന്‍ഐഎയ്ക്കു വേണ്ടി ഹാജരായ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍ ഹരിനാഥിന് എബിവിപി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദില്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് ഹരിനാഥ് എബിവിപി അംഗമായിരുന്നു. ആര്‍എസ്എസിന്‍റെ തണലില്‍ പ്രവര്‍ത്തിക്കുന്ന എബിവിപി സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് പലവിധ സഹായങ്ങളും താന്‍ നല്‍കിയിട്ടുണ്ടെന്ന് ഹരിനാഥ് തന്നെ സമ്മതിച്ചിട്ടുള്ള കാര്യമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇയാള്‍ക്ക് ദേശീയശ്രദ്ധ നേടിയ ക്രിമിനല്‍ കേസുകളില്‍ മുന്‍പരിചയമില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മക്ക മസ്ജിദ് സ്ഫോടനക്കേസിലെ എന്‍ഐഎ പ്രോസിക്യൂട്ടര്‍ എബിവിപിക്കാരന്‍; പ്രമാദ കേസുകള്‍ വാദിച്ച് പരിചയമില്ല

ഒസ്മാനിയ സര്‍വകലാശാലയില്‍ പഠിച്ചിരുന്ന കാലത്ത് എബിവിപി പ്രവര്‍ത്തകനായിരുന്നു ഹരിനാഥ്. 2015 ല്‍ കേസിന്‍റെ നിര്‍ണായക ഘട്ടത്തിലാണ് ഹരിനാഥ് എന്‍ഐഎയ്ക്കു വേണ്ടി പ്രോസിക്യൂട്ടര്‍ വേഷം അണിയുന്നത്. നിയമ പഠനത്തിന്‍റെ രണ്ടാം വര്‍ഷമാണ് താന്‍ എബിവിപിയില്‍ ചേര്‍ന്നതെന്നും പക്ഷേ താനൊരിക്കലും ബിജെപിയുമായി സഹകരിച്ചിട്ടില്ലെന്നും ഹരിനാഥ് തന്നെ പറഞ്ഞിട്ടുണ്ട്. എബിവിപിയുടെ പരിപാടികള്‍ക്ക് താന്‍ സംഭാവനയും മറ്റ് സഹായങ്ങളും നല്‍കിയിട്ടുണ്ടെന്നും ഹരിനാഥ് പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേസമയം, ഹരിനാഥിനെ പ്രോസിക്യൂട്ടറാക്കിയതുമായി ബന്ധപ്പെട്ട് എന്‍ഐഎ ഇതുവരെ പ്രതികരിച്ചിട്ടില്ല. കേസില്‍ പ്രതികളെ രക്ഷപെടുത്താന്‍ തനിക്ക് ആരില്‍ നിന്നും സമ്മര്‍ദമുണ്ടായിരുന്നില്ലെന്ന് ഹരിനാഥ് പറഞ്ഞു. എന്നാല്‍ പ്രമാദമായ കേസുകളില്‍ മുന്‍പരിചയമില്ലാതിരുന്ന ഹരിനാഥിനെ മക്ക മസ്ജിദ് കേസ് ഏല്‍പ്പിച്ചത് കേസിനെ ദുര്‍ബലപ്പെടുത്താനായിരുന്നുവെന്ന ആരോപണത്തെ ശരിവെക്കുന്നതാണ് ഒടുവില്‍ സംഭവിച്ചിരിക്കുന്നതെന്ന് വിമര്‍ശകര്‍ പറയുന്നു.

രാജ്യത്തെ പ്രമുഖ മുസ്‌ലിം ആരാധനാലയമായ മക്ക മസ്ജിദില്‍ 2007 മെയ് 18നാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സ്‌ഫോടനം നടത്തിയത്. വെള്ളിയാഴ്ച ജുമുഅക്ക് എത്തിയ ഒമ്പത് വിശ്വാസികള്‍ കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ബോബി എന്ന ദേവേന്ദ്ര ഗുപ്ത, അജയ് തിവാരി എന്ന ലോകേഷ് ശര്‍മ, നബാകുമാര്‍ ശര്‍മ എന്ന സ്വാമി അസീമാനന്ദ, ഭാരത് ബായ് എന്ന ഭാരത് മോഹാല്‍ രാദേശ്വര്‍, രജീന്ദര്‍ ചൗധരി എന്നിവരായിരുന്നു പ്രതികള്‍. കേസില്‍ 226 സാക്ഷികളെ ഹാജരാക്കിയിരുന്നുവെങ്കിലും ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത് ഉള്‍പ്പെടെ 64 പേര്‍ മൊഴിമാറ്റി. മക്ക മസ്ജിദ് സ്‌ഫോടനം ആദ്യം അന്വേഷിച്ച ഹൈദരാബാദ് പൊലീസ് സംഭവത്തിന് പിന്നില്‍ ലശ്കറെ ത്വയ്യിബ പോലുള്ള ഭീകര സംഘടനകളാണെന്നാണ് പറഞ്ഞത്. ഇതിന്‍റെ പേരില്‍ നിരപരാധികളായ മുസ്‌ലിം യുവാക്കളെ പൊലീസ് പ്രതിയാക്കുകയും ചെയ്തിരുന്നു.