LiveTV

Live

National

കടബാധ്യത: കര്‍ഷകന്‍ സ്വയം ചിതയുണ്ടാക്കി തീകൊളുത്തി മരിച്ചു

കടബാധ്യത: കര്‍ഷകന്‍ സ്വയം ചിതയുണ്ടാക്കി തീകൊളുത്തി മരിച്ചു
Summary
75 കാരനായ മാധവ് ശങ്കര്‍ റാവത് എന്ന കര്‍ഷകനാണ് കടബാധ്യത മൂലം ആത്മഹത്യ ചെയ്തത്.

ആയിരക്കണക്കിന് കോടി രൂപ തട്ടിച്ച ശേഷം വിജയ് മല്യയെയും നീരവ് മോദിയെയും പോലുള്ള 'പ്രമുഖര്‍' നാട്ടുവിട്ട് വിദേശത്ത് സുഖജീവിതം നയിക്കുമ്പോള്‍ മഹാരാഷ്ട്രയില്‍ നിന്നും മറ്റൊരു കര്‍ഷക ആത്മഹത്യ കൂടി. 75 കാരനായ മാധവ് ശങ്കര്‍ റാവത് എന്ന കര്‍ഷകനാണ് കടബാധ്യത മൂലം ആത്മഹത്യ ചെയ്തത്. സാവ്‍ലേശ്വര്‍ മേഖലയ്ക്ക് സമീപമാണ് ദാരുണ സംഭവം.

സംഭവത്തെക്കുറിച്ച് മാധവിന്‍റെ മകന്‍ പറയുന്നതിങ്ങനെ: കൃഷിയിടത്തിന് സമീപം നിന്ന ഒരു മരത്തിന്‍റെ ചുവട്ടിലായിരുന്നു അച്ഛന്‍ ജീവനൊടുക്കിയത്. മരത്തിന് കീഴില്‍ വൈക്കോലും വിറകും കൊണ്ട് ചിത ഒരുക്കിയ ശേഷം തീ കൊളുത്തി. എന്നിട്ട് തീ ആളിക്കത്തുന്നതിനിടെ മരത്തില്‍ കയറി ചിതയിലേക്ക് ചാടുകയായിരുന്നു. എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് എല്ലാം അവസാനിച്ചിരുന്നുവെന്നും മകന്‍ പറഞ്ഞു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. നാലേക്കര്‍ സ്ഥലത്തായിരുന്നു മാധവിന് പരുത്തി കൃഷിയുണ്ടായിരുന്നത്. കൃഷിയിടത്തിലുണ്ടായ പുഴു ശല്യം മൂലം പ്രതീക്ഷിച്ചതിന്‍റെ നാലിലൊന്ന് വിളവ് പോലും ലഭിച്ചില്ല. കൃഷിയിറക്കാന്‍ 60,000 രൂപയാണ് മാധവ് വായ്‍പയെടുത്തത്. കൃഷിനാശവും കടബാധ്യതയുമാണ് അച്ഛന്‍റെ ജീവനെടുത്തതെന്ന് മകന്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലയില്‍ ഓരോ വര്‍ഷവും കൃഷിനാശത്തെതുടര്‍ന്നുണ്ടായ കടബാധ്യത മൂലം ഒട്ടേറെ കര്‍ഷകരാണ് ആത്മഹത്യ ചെയ്യുന്നത്. വികസനത്തിന്‍റെ പേരില്‍ കോര്‍പ്പറേറ്റുകള്‍ക്ക് പിന്നാലെ പായുന്ന സര്‍ക്കാരുകള്‍ കര്‍ഷകരുടെ കണ്ണീര് തുടക്കാന്‍ ഇനിയും തയാറായിട്ടില്ല.