LiveTV

Live

National

ദലിത് സംഘടനകളുടെ ഭാരത് ബന്ദിനിടെ പരക്കെ അക്രമം; 8 പേര്‍ കൊല്ലപ്പെട്ടു

ദലിത് സംഘടനകളുടെ ഭാരത് ബന്ദിനിടെ പരക്കെ അക്രമം; 8 പേര്‍ കൊല്ലപ്പെട്ടു
Summary
എസ്‍സി, എസ്‍ടി പീഡന നിരോധന നിയമത്തില്‍ സുപ്രീംകോടതിയുടെ ഇടപെടലില്‍ പ്രതിഷേധിച്ച് ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം.

എസ്‍സി, എസ്ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമത്തിലെ സുപ്രീംകോടതിയുടെ ഇടപെടലിനെതിരെ ദലിത് സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത ബന്ദില്‍ ഉത്തരേന്ത്യയില്‍ വ്യാപക സംഘര്‍ഷം. മധ്യപ്രദേശില്‍ 6 പേരും യുപിയിലും രാജസ്ഥാനിലും ഓരോരുത്തരുമാണ് കൊല്ലപ്പെട്ടത്. പൊലീസുകാരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. യുപിയില്‍ വിദേശ ടൂറിസ്റ്റുകള്‍ സഞ്ചരിച്ച ബസിന് നേരെ ആക്രമണം ഉണ്ടായി. വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുനപരിശോധന ഹരജി നല്‍കി.

എസ്‍സി, എസ്ടി വിഭാഗങ്ങള്‍ക്ക് എതിരായ അക്രമങ്ങളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ ഉടന്‍ അറസ്റ്റ് വേണമെന്നായിരുന്നു നിയമം. എന്നാല്‍ ഈ വ്യവസ്ഥ ദുരുപയോഗപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടുന്ന ഹരജി പരിഗണിച്ച സുപ്രീം കോടതി നിയമം നടപ്പാക്കാന്‍ മാര്‍ഗ്ഗരേഖ പുറത്തിറക്കി. ഇതോടെ എസ്‍സി, എസ്ടി നിയമം ദുര്‍ബലമായെന്ന് ചൂണ്ടിക്കാട്ടിയാണ് ദലിത് സംഘടനകള്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചത്.

പ്രതിഷേധം ഉത്തരേന്ത്യയില്‍ പലയിടത്തും അക്രമാസക്തമായി. പലയിടത്തും ട്രെയിന്‍ തടഞ്ഞു. പഞ്ചാബ്, രാജസ്​ഥാൻ, മധ്യപ്രദേശ്​, ഉത്തർപ്രദേശ്​, ഝാർഖണ്ഡ്​ എന്നിവിടങ്ങളിൽ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ സംയമനം പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അഭ്യര്‍ഥിച്ചു.

വിവാദ വിധിക്ക് എതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുനപരിശോധന ഹരജി നല്‍കിയിട്ടുണ്ട്. എന്നാല്‍ വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജികള്‍ വേഗം പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.