LiveTV

Live

National

കാവേരി മാനേജ്മെന്റ് ബോര്‍ഡ്; കേന്ദ്രസര്‍ക്കാരിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം വ്യാപിക്കുന്നു

കാവേരി മാനേജ്മെന്റ് ബോര്‍ഡ്; കേന്ദ്രസര്‍ക്കാരിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം വ്യാപിക്കുന്നു
Summary
ഏപ്രില്‍ രണ്ടിന് സംസ്ഥാന വ്യാപകമായി നിരാഹാര സമരം നടത്താനാണ് അണ്ണാ ഡി.എം.കെ തീരുമാനിച്ചത്

കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിയ്ക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയ്ക്കെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം വ്യാപിക്കുന്നു. നിയമനടപടികള്‍ക്കൊപ്പം പ്രത്യക്ഷ സമരവും അണ്ണാ ഡി.എം.കെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഏപ്രില്‍ ഒന്നിന് സര്‍വ കക്ഷി യോഗം ചേരാനും ഏപ്രില്‍ 15ന് തമിഴ് നാട്ടില്‍ എത്തുന്ന പ്രധാനമന്ത്രിയെ കരിങ്കൊടി കാണിക്കാനും തീരുമാനിച്ചതായി ഡി.എം.കെയും അറിയിച്ചു.

ഏപ്രില്‍ രണ്ടിന് സംസ്ഥാന വ്യാപകമായി നിരാഹാര സമരം നടത്താനാണ് അണ്ണാ ഡി.എം.കെ തീരുമാനിച്ചത്. മധുരൈയില്‍ നടന്ന സമൂഹ വിവാഹചടങ്ങില്‍ വച്ച് ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വമാണ് സമരപരിപാടി പ്രഖ്യാപിച്ചത്. ആറാഴ്ചയ്ക്കുള്ളില്‍ കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിയ്ക്കണമെന്ന സുപ്രീംകോടതി ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പാലിക്കാതിരുന്നതോടെയാണ് പ്രത്യക്ഷ സമരം ആരംഭിയ്ക്കാന്‍ അണ്ണാ ഡിഎംകെ തീരുമാനിച്ചത്. സുപ്രീം കോടതി അനുവദിച്ച ആറാഴ്ചത്തെ സമയം ഇന്നലെ അവസാനിച്ചു.

കേന്ദ്രസര്‍ക്കാറിനെതിരെ കോടതി അലക്ഷ്യ ഹര്‍ജി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഡി.എം.കെയും യോഗം ചേര്‍ന്നിരുന്നു. എന്നാല്‍, സര്‍വകക്ഷി യോഗത്തിനു ശേഷം പ്രക്ഷോഭ പരിപാടികള്‍ ആംരഭിയ്ക്കാമെന്ന നിലപാടാണ് ഡി.എം.കെ എടുത്തിട്ടുള്ളത്.

വിഷയത്തില്‍ ചെറു കക്ഷികളും പ്രതിഷേധവും പ്രക്ഷോഭങ്ങളുമായി രംഗത്തിറങ്ങിയിട്ടുണ്ട്. കര്‍ണാടകയ്ക്ക് താല്‍പര്യമില്ലാത്ത കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കുന്നത്, തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമെന്ന് കേന്ദ്രസര്‍ക്കാറിന് കൃത്യമായി അറിയാം. അതുകൊണ്ടു തന്നെയാണ് ബോര്‍ഡ് രൂപീകരണം വൈകിക്കുന്നത്. തമിഴ്നാട് സര്‍ക്കാറിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ നിലപാടാണ് ഇനി നിര്‍ണായകമാകുക.