LiveTV

Live

National

''മോദിയുടെ ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി അമേരിക്കന്‍ കമ്പനിക്ക് കൈമാറുന്നു''

''മോദിയുടെ ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി അമേരിക്കന്‍ കമ്പനിക്ക് കൈമാറുന്നു''
Summary
രാജ്യത്ത് നവമാധ്യമങ്ങളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നതില്‍ ബിജെപിയെ വെല്ലാന്‍ മറ്റു പാര്‍ട്ടികളില്ല.

രാജ്യത്ത് നവമാധ്യമങ്ങളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നതില്‍ ബിജെപിയെ വെല്ലാന്‍ മറ്റു പാര്‍ട്ടികളില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നതും. പറഞ്ഞുവരുന്നത്, നരേന്ദ്ര മോദിയുടെ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനേക്കുറിച്ചാണ്. മോദിയുടെ ആപ്പിന് ആരാധകര്‍ ലക്ഷങ്ങളാണെങ്കിലും ഇത് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളവര്‍ ആപ്പിലാകുമെന്നാണ് പുതിയ വെളിപ്പെടുത്തലുകള്‍.

''മോദിയുടെ ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി അമേരിക്കന്‍ കമ്പനിക്ക് കൈമാറുന്നു''

മോദി ആപ്പ്, ഉപഭോക്താക്കളുടെ അനുമതിയില്ലാതെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി അമേരിക്കയിലെ ഒരു കമ്പനിക്ക് കൈമാറുന്നതായാണ് റിപ്പോര്‍ട്ടുകള്‍. യുഎസിലെ ക്ലവര്‍ ടാപ് എന്ന കമ്പനിക്കാണ് സ്വകാര്യ വിവരങ്ങള്‍ ഈ മോദി ആപ്പ് കൈമാറുന്നതെന്ന് ഫ്രഞ്ച് സൈബര്‍ സുരക്ഷാ വിദഗ്ധനായ എലിയട്ട് ആള്‍ഡേഴ്‍സന്‍ പറയുന്നു. ആപ്പില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ഉപഭോക്താക്കള്‍ നല്‍കുന്ന സ്വകാര്യ വിവരങ്ങളും ഉപയോഗിക്കുന്ന ഡിവൈസിന്റെ വിവരങ്ങളും ക്ലെവര്‍ ടാപ്പിന്റെ സെര്‍വറിലേക്ക് കൈമാറുന്നുണ്ടെന്നാണ് വെളിപ്പെടുത്തല്‍. ഉപഭോക്താവിന്റെ വ്യക്തിവിവരങ്ങള്‍ക്ക് പുറമെ, ഉപയോഗിക്കുന്ന ഡിവൈസിലെ ഓപ്പറേറ്റിങ് സോഫ്റ്റ്‍വയര്‍, നെറ്റ് വര്‍ക്ക്, സേവനദാതാവ്, ഇമെയില്‍ തുടങ്ങിയ വിവരങ്ങളും അമേരിക്കന്‍ കമ്പനിയുടെ സെര്‍വറിലെത്തുമെന്ന് ആള്‍ഡേഴ്സന്‍ പറയുന്നു.

മുമ്പ് ആധാറിന്റെ സുരക്ഷാ പ്രശ്നങ്ങള്‍ ആള്‍ഡേഴ്‍സന്‍ വെളിപ്പെടുത്തിയത് വലിയ ഒച്ചപ്പാടുകള്‍ക്ക് വഴിവച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജനവിധി ഡൊണാള്‍ഡ് ട്രംപിന് അനുകൂലമാക്കാന്‍ കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന കമ്പനി അഞ്ച് കോടി ഫേസ്‍ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മോദി ആപ്പിനെതിരായ വെളിപ്പെടുത്തല്‍. ഇതോടെ നവമാധ്യമങ്ങളില്‍ DeleteNaMoApp എന്ന കാമ്പയിന് ആക്ടിവിസ്റ്റുകള്‍ തുടക്കം കുറിച്ചു കഴിഞ്ഞു.