LiveTV

Live

National

മോദിയോട് വിദേശയാത്ര കുറച്ച് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഉപദേശിച്ച് ശിവസേന

മോദിയോട് വിദേശയാത്ര കുറച്ച് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഉപദേശിച്ച് ശിവസേന
Summary
അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി മത്സരിക്കുന്നത് റഷ്യയിലോ കാനഡയിലോ ഫ്രാന്‍സിലോ ഇസ്രയേലിലോ അല്ലെന്നും ഇന്ത്യയിലാണെന്നും

പ്രധാനമന്ത്രിയുടെ വിദേശയാത്രകളും അതിന് ചെലവ് വരുന്ന കോടികളും ബിജെപി കേന്ദ്രഭരണം തുടങ്ങിയതു മുതല്‍ പ്രതിപക്ഷവും രാഷ്ട്രീയ എതിരാളികളും ഉന്നയിക്കുന്ന വിഷയങ്ങളില്‍ ഒന്നാണ്. മോദി ജനങ്ങളുടെ നികുതിപണം പൊടിച്ച് ലോക പര്യടനം നടത്തുകയാണെന്നാണ് പ്രധാന ആക്ഷേപം. ഇപ്പോഴിതാ, സ്വന്തം സഖ്യകക്ഷിയായ ശിവസേനയും മോദിയുടെ വിദേശയാത്രകള്‍ക്കെതിരെ രംഗത്തുവന്നിരിക്കുകയാണ്.

ബിജെപിയുടെ തട്ടകമായ യുപിയില്‍ ലോക്സഭ സീറ്റില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം രുചിച്ചതോടെയാണ് മോദിക്കും ബിജെപിക്കുമെതിരെ ശിവസേന രംഗത്തുവന്നത്. ശിവസേനയുടെ മുഖപത്രമായ സാംമ്നയിലാണ് ബിജെപിക്കെതിരെ കടുത്ത വിമര്‍ശവുമായി രംഗത്തു വന്നത്. ഉപതെരഞ്ഞെടുപ്പ് ഫലം ബിജെപിക്കുള്ള മുന്നറിയിപ്പാണെന്ന് ശിവസേന പറയുന്നു. 2019 ലെ പൊതു തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയേല്‍ക്കാന്‍ പോകുന്ന തോല്‍വിയുടെ വ്യക്തമായ സൂചനയാണിതെന്ന് ലേഖനത്തില്‍ ശിവസേന ചൂണ്ടിക്കാട്ടി. ''ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പ് ഫലത്തെ ബിജെപി ഭയപ്പെടണം. രാജ്യത്തിന്‍റെ മനസല്ല ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് അവര്‍ പറയുമെങ്കിലും ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷം നടന്ന പത്തു ഉപതെരഞ്ഞെടുപ്പുകളില്‍ ഒമ്പതിലും മോദിയും കൂട്ടരും തോല്‍ക്കുകയാണ് ചെയ്തതെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് തോല്‍വികളില്‍ നിന്ന് ജനവികാരം മനസിലാക്കാന്‍ പഠിക്കണം. ഇനിയെങ്കിലും പ്രധാനമന്ത്രി വിദേശയാത്രകള്‍ കുറയ്ക്കണമെന്നും ഇന്ത്യയില്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലണമെന്നും ശിവസേന ഉപദേശിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കി പരിഹരിക്കാന്‍ ശ്രമിക്കണമെന്നും മോദിയോട് ആവശ്യപ്പെടുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി മത്സരിക്കുന്നത് റഷ്യയിലോ കാനഡയിലോ ഫ്രാന്‍സിലോ ഇസ്രയേലിലോ അല്ലെന്നും ഇന്ത്യയിലാണെന്നും ശിവസേന പരിഹസിച്ചു.