LiveTV

Live

National

പ്രവീണ്‍ തൊഗാഡിയ യാത്ര ചെയ്തിരുന്ന കാറില്‍ ട്രക്കിടിച്ചു; വധശ്രമമെന്ന് ആരോപണം

പ്രവീണ്‍ തൊഗാഡിയ യാത്ര ചെയ്തിരുന്ന കാറില്‍ ട്രക്കിടിച്ചു; വധശ്രമമെന്ന് ആരോപണം
Summary
വിശ്വ ഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ വാഹനാപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടു.

വിശ്വ ഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ വാഹനാപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടു. തൊഗാഡിയ യാത്ര ചെയ്തിരുന്ന കാറില്‍ ഭാരം കയറ്റിയ ട്രക്ക് വന്നിടിക്കുകയായിരുന്നു. സൂറത്തിന് സമീപമായിരുന്നു സംഭവം. തനിക്ക് നേരെയുണ്ടായത് വധശ്രമമാണെന്ന് അപകടത്തില്‍ നിന്ന് രക്ഷപെട്ട ശേഷം തൊഗാഡിയ ആരോപിച്ചു.

പ്രവീണ്‍ തൊഗാഡിയ യാത്ര ചെയ്തിരുന്ന കാറില്‍ ട്രക്കിടിച്ചു; വധശ്രമമെന്ന് ആരോപണം

സെഡ് പ്ലസ് സുരക്ഷയുള്ള തനിക്ക് പൊലീസ് എസ്കോര്‍ട്ട് ടീമിനെ നല്‍കിയില്ലെന്നും തന്‍റെ യാത്രയെ കുറിച്ച് പൊലീസിന് നേരത്തെ തന്നെ വിവരം നല്‍കിയിരുന്നുവെന്നും തൊഗാഡിയ പറഞ്ഞു. തന്‍റെ സുരക്ഷയില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഭരണാധികാരികള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് പരാതി നല്‍കുമെന്നും തൊഗാഡിയ പറഞ്ഞു. തന്‍റെ വാഹനം ബുള്ളറ്റ് പ്രൂഫ് ആയിരുന്നതു കൊണ്ടാണ് താനും കാറിലുണ്ടായിരുന്ന മറ്റുള്ളവരും ഇപ്പോള്‍ ജീവനോടെയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെ അഞ്ച് മണിക്ക് തന്നെ പൊലീസിനെ തന്‍റെ യാത്രാ വിവരങ്ങള്‍ അറിയിച്ചിരുന്നു. സെഡ് പ്ലസ് സുരക്ഷയുള്ളവര്‍ക്ക് രണ്ടു പൊലീസ് വാഹനങ്ങള്‍ അകമ്പടി സേവിക്കേണ്ടതാണ്. എന്നാല്‍ വഡോദരയില്‍ നിന്ന് പുറപ്പെട്ട് സൂറത്തിലേക്ക് പ്രവേശിച്ചതോടെ തനിക്കുണ്ടായിരുന്ന അകമ്പടി വാഹനം കാണാതായി. ഒരു പൈലറ്റ് കാര്‍ മാത്രമാണ് തന്‍റെ വാഹനത്തിന് മുന്നിലുണ്ടായിരുന്നുള്ളു. കുറച്ച് ദൂരം കൂടി പിന്നിട്ടതോടെയാണ് തന്‍റെ കാറിന് പിന്നില്‍ ട്രക്ക് ഇടിച്ചു കയറിയത്. ഈ സമയം തന്‍റെ കാര്‍ ബ്രേക്ക് ചെയ്തിരുന്നില്ല. ഇടിയുടെ ആഘാതത്തില്‍ മുന്നിലുണ്ടായിരുന്ന ഒരു ഡിവൈഡറില്‍ തട്ടിയാണ് തന്‍റെ കാര്‍ നിന്നത്. സംഭവത്തില്‍ അന്വേഷണം നടത്തണം. വിഎച്ച്‍പിയുടെ തലപ്പത്തു നിന്ന് തന്നെ തുടച്ചുനീക്കാന്‍ ചിലര്‍ ഗൂഡാലോചന നടത്തുന്നുണ്ട്. ഈ അപകടത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടോയെന്ന് അന്വേഷിക്കണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു.