LiveTV

Live

National

സുന്‍ജ്വാന്‍ സൈനിക ക്യാമ്പിലെ ആക്രമണം; മരണം ആറായി

സുന്‍ജ്വാന്‍ സൈനിക ക്യാമ്പിലെ ആക്രമണം; മരണം ആറായി
Summary
ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ സൈനിക മേധാവി ബിപിന്‍ റാവത്ത് ക്യാമ്പ് സന്ദര്‍ശിച്ചു. ഭികരര്‍ക്കായുള്ള തെരച്ചില്‍ സൈന്യം തുടരുകയാണ്.

സുന്‍ജ്വാന്‍ സൈനിക ക്യാമ്പിലുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികരുള്‍പ്പടെ ആറ് പേര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ആക്രമണം നടത്തിയ നാല് ഭീകരരെ സൈന്യം വധിച്ചു. മേഖലയില്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.

സുന്‍ജ്വാനിലെ ഫാമിലി ക്വാര്‍ട്ടേഴ്സിലുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികരും ഒരു സൈനികന്‍റെ പിതാവുമാണ് കൊല്ലപ്പെട്ടത്. ഇന്ന് മൂന്ന് സൈനികര്‍ മരിച്ചു. ആക്രമണത്തില്‍ മേജര്‍ ഉള്‍പ്പടെ 11 പേര്‍ക്ക് പരുക്കേറ്റു. മേജറുടെ നില ഗുരുതരമാണ്.

ജയ്ഷെ മുഹമ്മദ് സംഘത്തിലെ ഒരു ഭീകരനെയും സൈന്യം ഇന്ന് വധിച്ചു. ഇതോടെ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം 4 ആയി. ക്യാമ്പിലെ താമസക്കാരെ ഒഴിപ്പിച്ചുകൊണ്ടുള്ള തെരച്ചില്‍ മേഖലയില്‍ പുരോഗമിക്കുന്നത്. സംസ്ഥാനത്തെ സൈനിക ക്യാമ്പുകള്‍ക്ക് സുരക്ഷ ശക്തമാക്കിയെന്ന് ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് പറഞ്ഞു.

സൈനിക മേധാവി ബിപിന്‍ റാവത്ത് സുന്‍ജ്വാന്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലിയിരുത്തി. 19 സൈനികര്‍ കൊല്ലപ്പെട്ട 2016ലെ ഉറി ആക്രമണത്തിന് ശേഷമുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണ് സുന്‍ജ്വാനിലേത്. അതിനിടെ രജൌരി, നൌഷേര എന്നീ മേഖലകളില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. നൌഷേരയില്‍ പാക് വെടിവെപ്പില്‍ പര്‍വീന്‍ അക്തര്‍ എന്ന സ്ത്രീ മരിച്ചു.