LiveTV

Live

National

ചികിത്സാ പിഴവില്‍ ശാരീരികശേഷി നഷ്ടപ്പെട്ട ഡാനിഷിന് നീതി ലഭിച്ചില്ല

Summary
കേന്ദ്ര ആരോഗ്യമന്ത്രിയടക്കമുള്ളവര്‍ കൂടിക്കാഴ്ചക്കോ ചികിത്സ സഹായം നല്‍കുന്നതിനോ തയ്യാറായില്ല. സാമ്പത്തിക ബുദ്ധിമുട്ടിനിടയില്‍ ഡല്‍ഹിയിലെ ചിലവ് കൂടി വഹിക്കാനാകാത്തതിനാല്‍ നാട്ടിലേക്ക് മടങ്ങുകയാണ് ഈ കുടുംബം.

ചികിത്സ പിഴവിനെ തുടര്‍ന്ന് ശാരീരിക ശേഷി നഷ്ടപ്പെട്ട ഡാനിഷിന് നീതി ഇനിയും അന്യം. കേന്ദ്ര ആരോഗ്യമന്ത്രിയടക്കമുള്ളവര്‍ കൂടിക്കാഴ്ചക്കോ ചികിത്സ സഹായം നല്‍കുന്നതിനോ തയ്യാറായില്ല. സാമ്പത്തിക ബുദ്ധിമുട്ടിനിടയില്‍ ഡല്‍ഹിയിലെ ചിലവ് കൂടി വഹിക്കാനാകാത്തതിനാല്‍ നാട്ടിലേക്ക് മടങ്ങുകയാണ് ഈ കുടുംബം.

തളര്‍ന്ന ഡാനിഷിനെയും കൊണ്ട് ഡെന്നീസ് കുമാറും മേരി സുജയും മുട്ടാത്ത വാതിലുകളില്ല. ആരോഗ്യമന്ത്രി ജെ പി നദ്ദയുടെയേതടക്കം മന്ത്രിമാരുടെ വസതികള്‍ക്ക് മുന്നില്‍ കാത്ത് നിന്ന് ക്ഷീണിച്ചതല്ലാതെ ഫലമുണ്ടായില്ല. വാര്‍ത്ത ശ്രദ്ധയില്‍പെട്ട കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എയിംസില്‍ ആവശ്യമായ പരിശോധനകള്‍ക്ക് സൗകര്യമൊരുക്കിയെങ്കിലും തുടര്‍ സഹായമൊന്നും ഉണ്ടായില്ല.

ഇനിയുള്ള പരിശോധകള്‍ക്ക് പണം എങ്ങിനെ കണ്ടെത്തുമെന്ന ചിന്തയിലാണ് ഡെന്നീസ് കുമാര്‍. ഡല്‍ഹിയിലെ താമസചിലവും കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ഡെന്നീസ് കുമാറിന് താങ്ങാനാകുന്നില്ല. ഇതിനിടെ ഡാനിഷിന് ഇടക്കിടെ വന്നുപോകുന്ന അപസ്മാരവും പരിശോധനകള്‍ നീണ്ട് പോകാന്‍ കാരണമാകുന്നു. തമിഴ്‌നാട് മാര്‍ത്താണ്ഡത്തുനിന്നും എത്തിയ ഈ കുടുംബം മടങ്ങുകയാണ്. നീതി ഇനിയും അകലെയാണെന്ന തിരിച്ചറിവില്‍.