LiveTV

Live

National

അനാഥ-അഗതി മന്ദിരങ്ങളുടെ ഇരട്ട രജിസ്ട്രേഷന്‍; സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍‌ശം

അനാഥ-അഗതി മന്ദിരങ്ങളുടെ ഇരട്ട രജിസ്ട്രേഷന്‍; സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍‌ശം
Summary
അനാഥ- അഗതി മന്ദിരങ്ങളുടെ ഇരട്ട രജിസ്ട്രേഷന്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍‌ശം.

അനാഥ- അഗതി മന്ദിരങ്ങളുടെ ഇരട്ട രജിസ്ട്രേഷന്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍‌ശം. ബാല നീതി നിയമത്തിന് കീഴില്‍ അനാഥ-അഗതി മന്ദിരങ്ങളുടെ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കാത്തത് എന്ത് കൊണ്ടെന്ന് കോടതി ചോദിച്ചു. സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്വ ബോധമില്ല. രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങളിലെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വമേറ്റടുത്ത് സത്യാവാങ് മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ബാല നീതി നിയമത്തിന് കീഴില്‍ ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ ഡിസംബര്‍ 31 നകം രജിസ്റ്റര്‍ ചെയ്യണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശമുണ്ട്. സംസ്ഥാന സര്‍ക്കാരിന് ഇത് പാലിക്കാനായിരുന്നില്ല. ഈ സാഹചര്യത്തില്‍ 6 മാസത്തെ അധിക സമയം കൂടി സംസ്ഥാന സര്‍ക്കാര്‍ നീട്ടി ചോദിച്ചപ്പോഴാണ് കോടതിയില്‍ നിന്ന് പഴി കേട്ടത്. എന്ത് കൊണ്ട് ഇത് വരെ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചില്ല.സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്വ ബോധമില്ലന്നാണ് വ്യക്തമാകുന്നത്. ഇനിയും രജിസ്ററ്റര്‍ ചെയ്യാത്ത അനാഥ-അഗതി മന്ദിരങ്ങളില്‍ കുട്ടികള്‍ക്കെതിരെയുണ്ടാകുന്ന അക്രമങ്ങളിലും ചൂഷണങ്ങളിലും ഉത്തരവാദിത്വം സര്‍ക്കാരിനായിരിക്കും.

ഈ ഉത്തരവാദിത്വം ഏറ്റടുത്ത് ചീഫ് സെക്രട്ടറി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് മഥന്‍ ബി ലോകൂര്‍ അധ്യക്ഷനായ ബഞ്ച് നിര്‍ദ്ദേശിച്ചു. 1960 ലെ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത അനാഥ അഗതി മന്ദിരങ്ങള്‍ വീണ്ടും ബാല നീതി നിയമത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് സമസത കേരള ജംഇയ്യത്തുല്‍ ഉലമ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. അനാഥ അഗതി മന്ദിരങ്ങളുടെ പ്രവര്‍ത്തത്തിന്‍റെ സുതാര്യത സംബന്ധിച്ച് വെള്ളിയാഴ്ചക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരോടും കോടതി നിര്‍ദ്ദേശിച്ചു