LiveTV

Live

National

''പക്കോട വില്‍പന ജോലിയാണെങ്കില്‍, യാചനയും ജോലിയാണ്'' :മോദിയോട് ചിദംബരം

''പക്കോട വില്‍പന ജോലിയാണെങ്കില്‍, യാചനയും ജോലിയാണ്'' :മോദിയോട്  ചിദംബരം
Summary
ഒരു ചായക്കച്ചവടക്കാരന് തൊഴിലില്ലാത്ത ജനതയോട് സ്നാക്സ് വില്‍ക്കൂ എന്ന് പറയാനാവും. എന്നാല്‍ ഒരു സാമ്പത്തികശാസ്ത്രഞ്ജന് അത് പറ്റില്ലെന്നായിരുന്നു ഹര്‍ദിക് പട്ടേലിന്റെ പ്രതികരണം.

ജനുവരി 19 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ടി.വി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശത്തെ പരിഹസിച്ച് പി ചിദംബരവും. പക്കോഡ വിറ്റ് ഒരാള്‍ ദിവസവും 200 രുപ വീതം സമ്പാദിക്കുന്നുവെങ്കില്‍ അയാളെ ജോലിയുള്ളയാളായല്ലേ പരിഗണിക്കുക എന്ന് മോദി അഭിമുഖത്തില്‍ ചോദിച്ചിരുന്നു. മോദിയുടെ ഈ പരാമര്‍ശത്തിനെതിരെ വന്‍ വിമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്.

#pakodanomics, #PakodaRojgar, #Pakoda #Pakodafor2019 എന്നീ ഹാഷ്‍ടാഗുകളില്‍ മോദിയുടെ പക്കോട വിവാദം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കെയാണ് വിമര്‍ശവുമായി മുന്‍ ധനകാര്യമന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്. പാര്‍ലമെന്റിന്‍റെ ബഡ്ജറ്റ് സെക്ഷന്‍ ആരംഭിക്കാനിരിക്കെ രാജ്യത്ത് വലിയതോതില്‍ തൊഴിലവലരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദത്തെ തന്റെ ട്വീറ്റുകളിലൂടെ കടന്നാക്രമിച്ചിരിക്കയാണ് മുന്‍ ധനമന്ത്രി പി. ചിദംബരം.

പക്കോട വില്‍ക്കുന്നതും ജോലിയായി കണക്കാക്കിയാല്‍ ഭിക്ഷയെടുക്കുന്നതിനെയും ജോലിയായി കണക്കാക്കണം. ഭിക്ഷയെടുക്കാന്‍ നിര്‍ബന്ധിതരായ ദരിദ്രരെയും അംഗവൈകല്യമുള്ളവരെയും ഇനി ജോലിയുള്ളവരായി കണക്കാക്കണമെന്നും ചിദംബരത്തിന്റെ ട്വീറ്റില്‍ പറയുന്നു.

5. Even selling pakodas is a 'job' said PM. By that logic, even begging is a job. Let's count poor or disabled persons who are forced to beg for a living as 'employed' people.

— P. Chidambaram (@PChidambaram_IN) January 28, 2018

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍പെട്ടിട്ടുള്ള തൊഴിലാളികള്‍ 100 ദിവസം ജോലിയുള്ളവരാണെന്നും 265 ദിവസം ജോലിയുള്ളവരല്ലാ എന്നുമാണോ മോദി പറഞ്ഞതിനര്‍ത്ഥം എന്നും ചിദംബരം ചോദിക്കുന്നു.

ജോലിയും സ്വയം തൊഴിലും തമ്മിലുള്ള വ്യത്യാസവും ചിദംബരം മോദിയെ ഓര്‍മിപ്പിക്കുന്നു. ഒരു സ്ഥാപനത്തില്‍ നിന്ന് സുരക്ഷിതവും സ്ഥിരവുമായ വരുമാനം ലഭിക്കുന്നതിനെയാണ് ജോലിയെന്നതുകൊണ്ട് അര്‍ഥമാക്കുന്നതെന്ന് ചിദംബരം ട്വീറ്റ് ചെയ്തു. എന്നാല്‍ സ്വയം തൊഴിലിന് ഈ സുരക്ഷിതത്വം ഇല്ലെന്നും ചിദംബരം പറയുന്നു. പ്രധാനമന്ത്രിയുടെ മുദ്രാ യോജന വഴി ശരാശരി ഒരാള്‍ക്ക് ലഭിക്കുന്നത് 43,000 രൂപയാണ്. ഈ തുക മുടക്കി ജോലി കണ്ടെത്തിയ ഒരാളെയെങ്കിലും തനിക്ക് കാണിച്ചുതരണമെന്നും ചിദംബരം വെല്ലുവിളിക്കുന്നു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മോദിയുടെ പക്കോട പരാമര്‍ശത്തിനെതിരെ വിമര്‍ശവുമായി രംഗത്തെത്തിയിട്ടുണ്ട്. ബംഗളുരുവില്‍ ബിജെപി ഓഫീസിനുമുമ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പക്കോട വിതരണം ചെയ്താണ് പ്രതിഷേധിച്ചത്. ഒരു ചായക്കച്ചവടക്കാരന് തൊഴിലില്ലാത്ത ജനതയോട് സ്നാക്സ് വില്‍ക്കൂ എന്ന് പറയാനാവും എന്നാല്‍ ഒരു സാമ്പത്തികശാസ്ത്രഞ്ജന് അത് പറ്റില്ലെന്നായിരുന്നു ഹര്‍ദിക് പട്ടേലിന്റെ പ്രതികരണം.