LiveTV

Live

National

ലൌ ജിഹാദ് ആരോപിച്ച് വിവാഹം തടസ്സപ്പെടുത്തിയ ബിജെപി നേതാവിനെ പാർട്ടി ചുമതലയില്‍ നിന്ന് നീക്കി

ലൌ ജിഹാദ് ആരോപിച്ച് വിവാഹം തടസ്സപ്പെടുത്തിയ ബിജെപി നേതാവിനെ പാർട്ടി ചുമതലയില്‍ നിന്ന് നീക്കി
Summary
ഉത്തര്‍ പ്രദേശില്‍ ലൗ ജിഹാദ് ആരോപിച്ച് വിവാഹ റിസപ്ഷന്‍ തടയാന്‍ ശ്രമിച്ച നേതാവിനെ ബിജെപി ജില്ലാ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് പുറത്താക്കി

ഉത്തര്‍ പ്രദേശില്‍ ലൗ ജിഹാദ് ആരോപിച്ച് വിവാഹ റിസപ്ഷന്‍ തടയാന്‍ ശ്രമിച്ച നേതാവിനെ ബിജെപി ജില്ലാ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് പുറത്താക്കി. ബിജെപിയുടെ ഗാസിയാബാദ് അധ്യക്ഷന്‍ അജയ് ശര്‍മയെയാണ് പാര്‍ട്ടി ചുമതലയില്‍ നിന്ന് നീക്കിയത്. സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹിതരായ ഹിന്ദു യുവതിയുടെയും മുസ്‌ലിം യുവാവിന്‍റെയും വിവാഹ റിസപ്ഷനാണ് ബിജെപിയുടെയും മറ്റ് ഹിന്ദു സംഘടനകളുടെയും പ്രവര്‍ത്തകര്‍ ചേര്‍ന്ന് അലങ്കോലമാക്കാന്‍ ശ്രമിച്ചത്.

ബിജെപി യുപി സംസ്ഥാന പ്രസിഡന്‍റ് മഹേന്ദ്ര നാഥ് പാണ്ഡെയാണ് പാര്‍ട്ടി ചുമതലയില്‍ നിന്ന് അജയ് ശര്‍മയെ പുറത്താക്കാന്‍ തീരുമാനിച്ചത്. മാന്‍ സിങ് ഗോസ്വാമിക്ക് പകരം ചുമതല നല്‍കി. സംസ്ഥാന നേതൃത്വത്തില്‍ നിന്നും കത്ത് ലഭിച്ചതായും പാര്‍ട്ടിയുടെ തീരുമാനം അംഗീകരിച്ച് ബിജെപി പ്രവര്‍ത്തകനായി തുടരുമെന്നും അജയ് ശര്‍മ വ്യക്തമാക്കി.

ഡിസംബര്‍ 22നാണ് വിവാഹ ആഘോഷ വേദിയിലേക്ക് ഇരച്ചെത്തിയ നൂറോളം ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ രണ്ട് മണിക്കൂറോളം വധൂഗൃഹത്തിന് മുമ്പിലെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. വാഹനങ്ങളൊന്നും ‌കടത്തി വിട്ടില്ല. വിവാഹം ലൗ ജിഹാദ് ആണെന്നായിരുന്നു സംഘടനകളുടെ ആരോപണം. ബിജെപിക്കൊപ്പം ബജ്‌റംഗ്ദള്‍, ശിവസേന, ജയ്ശിവസേന എന്നീ സംഘടനകളാണ് പ്രതിഷേധിച്ചത്.

സൈക്കോളജിസ്റ്റായ നൂപുര്‍ സിംഗാളും എംബിഎ ബിരുദധാരിയായ മന്‍സൂര്‍ ഖാനും തമ്മിലെ വിവാഹമാണ് ഹിന്ദുസംഘടനാ പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചത്. വിവാഹത്തില്‍ നിന്ന് പിന്മാറണമെന്ന ഭീഷണിയുമായി യുവതിയുടെ പിതാവിന് നിരവധി ഫോണ്‍കോളുകള്‍ ലഭിച്ചിരുന്നു. തന്‍റെ മകളും അവള്‍ പങ്കാളിയായി തെരഞ്ഞെടുത്ത യുവാവും പ്രായപൂര്‍ത്തിയായവരാണെന്നും ശരിതെറ്റുകള്‍ വിവേചിച്ചറിയാന്‍ അവര്‍ക്ക് കഴിവുണ്ടെന്നും പിതാവ് പറഞ്ഞു. ഹൈന്ദവ ആചാര പ്രകാരം വിവാഹം നടത്താന്‍ വരന്‍ ഒരുക്കമായിരുന്നെങ്കിലും സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹം നടത്തി റിസപ്ഷന്‍ നടത്താന്‍ ഇരുവരും ചേര്‍ന്ന് തീരുമാനിച്ചതാണ്. അതെങ്ങനെയാണ് ലൌ ജിഹാദ് ആവുകയെന്നും യുവതിയുടെ പിതാവ് ചോദിച്ചു. ഒടുവില്‍ പൊലീസ് എത്തിയാണ് പ്രതിഷേധക്കാരെ മാറ്റിയത്.