LiveTV

Live

National

ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍; വെട്രിവേല്‍ ചതിച്ചുവെന്ന് കൃഷ്ണപ്രിയ

ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍; വെട്രിവേല്‍ ചതിച്ചുവെന്ന് കൃഷ്ണപ്രിയ
Summary
ഇന്ന് രാവിലെയാണ് ജയലളിത ആശുപത്രിയില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ വെട്രിവേല്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്തുവിട്ടത് വിവാദമാകുന്നു. ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ ദിനകരന്‍ പക്ഷ നേതാവ് വെട്രിവേലിനെതിരെ ആര്‍.കെ നഗര്‍ പൊലിസ് കേസെടുത്തു. ദൃശ്യങ്ങള്‍ പുറത്തുവിട്ട വെട്രിവേല്‍ വിശ്വാസ വഞ്ചന കാണിച്ചുവെന്ന് ശശികലയുടെ തോഴി, ഇളവരശിയുടെ മകള്‍ കൃഷ്ണപ്രിയ കുറ്റപ്പെടുത്തി. നാളെയാണ് ആര്‍.കെ നഗറില്‍ വോട്ടെടുപ്പ്.

ഇന്ന് രാവിലെയാണ് ജയലളിത ആശുപത്രിയില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ വെട്രിവേല്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്. നാളെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടത് വോട്ടെടുപ്പിനെ ബാധിക്കുമെന്ന് കാണിച്ച് വെട്രിവേലിനെതിരെ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന വകുപ്പുകയോഗിച്ച്, ആര്‍.കെ നഗര്‍ പൊലിസ് വെട്രിവേലിനെതിരെ കേസെടുത്തു. തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാനുള്ള ശ്രമമാണ് ദിനകരന്‍ പക്ഷം നടത്തുന്നതെന്ന് മന്ത്രി ജയകുമാര്‍ കുറ്റപ്പെടുത്തി.

ശശികലയുടെ കൈവശമുണ്ടായിരുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയതിലൂടെ വെട്രിവേല്‍ ശശികലയെ വഞ്ചിയ്ക്കുകയായിരുന്നുവെന്ന് ശശികലയുടെ തോഴി ഇളവരസിയുടെ മകള്‍ കൃഷ്ണപ്രിയ പറഞ്ഞു. ശശികല ചിത്രീകരിച്ച ദൃശ്യങ്ങള്‍, ജയലളിതയുടെ മരണം അന്വേഷിയ്ക്കുന്ന കമ്മിഷനില്‍ ഹാജരാക്കാനായി ഈ ദൃശ്യങ്ങള്‍ ടി.ടി.വി ദിനകരന് നല്‍കിയിരുന്നു. ഇത് എങ്ങനെ വെട്രിവേലിന് ലഭിച്ചുവെന്ന് അറിയില്ല. ശശികല അറിയാതെയാണ് ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്നും കൃഷ്ണപ്രിയ പറഞ്ഞു.

തിരഞ്ഞെടുപ്പിനെ ബാധിക്കുന്നതിനാല്‍ ജയലളിതയുടെ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. നാളെ പോളിങ് നടക്കുന്ന സാഹചര്യത്തില്‍ ഇന്ന് പുറത്തുവിട്ട ദൃശ്യങ്ങള്‍ വോട്ടെടുപ്പിനെ ബാധിയ്ക്കുമോ എന്ന ആശങ്ക അണ്ണാ ഡി.എം.കെക്കുണ്ട്.