LiveTV

Live

National

ഓരോ അഞ്ച് വര്‍ഷവും മാറിമറിയുന്ന ഹിമാചല്‍; ഇക്കുറിയും പതിവ് തെറ്റിയില്ല

ഓരോ അഞ്ച് വര്‍ഷവും മാറിമറിയുന്ന ഹിമാചല്‍; ഇക്കുറിയും പതിവ് തെറ്റിയില്ല
Summary
ഭരണവിരുദ്ധവികാരമാണ് കോണ്‍ഗ്രസിന്റെ തോല്‍വിക്ക് വഴിയൊരുക്കിയത്.

അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഭരണമാറ്റമെന്ന പതിവ് ഇക്കുറിയും ഹിമാചല്‍ പ്രദേശ് തെറ്റിച്ചില്ല. 44 സീറ്റുകളോടെ ബിജെപി അധികാരത്തിലെത്തിയെങ്കിലും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും പാര്‍ട്ടി അധ്യക്ഷനും തോറ്റത് കനത്ത തിരിച്ചടിയായി. ഭരണവിരുദ്ധവികാരമാണ് കോണ്‍ഗ്രസിന്റെ തോല്‍വിക്ക് വഴിയൊരുക്കിയത്.

68 സീറ്റുള്ള നിയമസഭയിലേക്ക് മൂന്നില്‍ രണ്ടിന്റെ ഭൂരിപക്ഷം നേടിയാണ് ബിജെപി അധികാരം തിരിച്ചുപിടിച്ചത്. മുഖ്യമന്ത്രി വീരഭദ്രസിങിന്റേയും കുടുംബത്തിന്റേയും അഴിമതി ആയുധമാക്കിയ ബിജെപിക്ക് വേണ്ടി കേന്ദ്രനേതാക്കള്‍ നടത്തിയ പ്രചാരണം ഫലംകണ്ടുവെന്നതാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം, പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുടെ പരാജയം പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പാര്‍ട്ടി ഉയര്‍ത്തികാട്ടിയ പ്രേംകുമാര്‍ ധുമല്‍ സുജന്‍പൂരിലും പാര്‍ട്ടി അധ്യക്ഷന്‍ സത്പാല്‍ സിങ് സതി ഉന മണ്ഡലത്തിലുമാണ് പരാജയം ഏറ്റുവാങ്ങിയത്. അതേസമയം, തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന് മത്സരിച്ച മന്ത്രി അനില്‍ശര്‍മ വന്‍ഭൂരിപക്ഷത്തിന് മണ്ഡി മണ്ഡലത്തില്‍ വിജയിച്ചു. ജിഎസ്‍ടിയും കര്‍ഷക പ്രതിസന്ധിയുമെല്ലാം പ്രചാരണായുധമാക്കിയെങ്കിലും ഭരണവിരുദ്ധവികാരത്തെ തടയാന്‍ കോണ്‍ഗ്രസിനായില്ല. ഇതിനൊപ്പം വിമതരുടെ ശല്യം കൂടിയായപ്പോള്‍ കോണ്‍ഗ്രസിന് പലമണ്ഡലങ്ങളിലും അടിപതറി.

ഷിംല, ഷാപൂര്‍ മണ്ഡലങ്ങളില്‍ വിമതര്‍ക്കും പിന്നിലായാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ഫിനീഷ് ചെയ്തത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സുഖ്വിന്ദര്‍ സിങ് സുഖു, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ വിക്രമാദിത്യസിങ് എന്നിവര്‍ വിജയിച്ച പ്രമുഖരാണ്. തിയോഗ് മണ്ഡലത്തില്‍ നിന്ന് വിജയിച്ച രാകേഷ് സിംഗയിലൂടെ 93 നുശേഷം സിപിഎമ്മും ഇത്തവണ സഭയില്‍ പ്രാതിനിധ്യം ഉറപ്പിച്ചു. രണ്ടിടത്ത് സ്വതന്ത്രരും വിജയിച്ചു. അതിനിടെ പ്രചാരണത്തിനെത്താത്ത കേന്ദ്രനതൃത്വത്തിനെതിരെ വിമര്‍ശനവുമായി വീരഭദ്രസിങ് രംഗത്തെത്തി.